ഇനി ബുള്ളറ്റുകള്‍ക്ക് പകരം ഇവരെയും പരിഗണിക്കാം, ക്ലീവ്‌ലാന്‍ഡ് ബൈക്കുകള്‍ അടുത്തമാസം വിപണിയില്‍
ഇന്ത്യയില്‍ റോയല്‍ എന്‍ഫീല്‍ഡിന് പകരം തെരഞ്ഞെടുക്കാന്‍ മറ്റൊരു മോഡലില്ലെന്നതാണ് ബൈക്ക് പ്രേമികളുടെ പ്രധാന പരാതി. ബജറ്റ് വിലയില്‍ റെട്രോ ക്ലാസിക് ക്രൂയിസര്‍ വേണമെന്നുണ്ടെങ്കില്‍ ബുള്ളറ്റുകളിലേക്ക് തന്നെ കണ്ണെത്തിക്കണം. വിപണിയില്‍ ബുള്ളറ്റിനോടു മത്സരിക്കുന്ന ബജാജ് ഡോമിനാറും മഹീന്ദ്ര മോജോയും സ്‌പോര്‍ട്‌സ് ക്രൂയിസറുകളാണ്. ക്ലാസിക് ശൈലി ലവലേശം പോലുമില്ല.

ഈ സാധ്യത തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള പടയൊരുക്കത്തിലാണ് യുഎം മോട്ടോര്‍സൈക്കിളും, ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സും. റെനഗേഡ് ഡ്യൂട്ടി എസ്, ഡ്യൂട്ടി ഏസ് ബൈക്കുകളുമായി യുഎമ്മും മിസ്ഫിറ്റ്, ഏസ് ഡീലക്‌സ് ബൈക്കുകളുമായി ക്ലീവ്‌ലാന്‍ഡും ഇങ്ങോട്ടുവരും.

2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് നാലു മോഡലുകളെയും ഇന്ത്യ പരിചയപ്പെട്ടത്. നാലു പേരും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് പറ്റിയ എതിരാളികള്‍. ഈ മാസം, ഡ്യൂട്ടി ഏസ് ബൈക്കുകള്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുമെന്ന് യുഎം നേരത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു.
Most Read: മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

മോഡലുകളുടെ വിലയും കമ്പനി ആദ്യമെ പുറത്തുവിട്ടു. 1.10 ലക്ഷം രൂപ വിലയില്‍ റെനഗേഡ് ഡ്യൂട്ടി എസും 1.29 ലക്ഷം രൂപ വിലയില്‍ റെനഗേഡ് ഡ്യൂട്ടി ഏസും വിപണിയില്‍ തലയുയര്‍ത്തും. യുഎം വരാന്‍പോകുന്ന സ്ഥിതിക്ക് ഇനി തങ്ങളുടെ വരവും വൈകരുതെന്നാണ് അമേരിക്കന്‍ കമ്പനിയായ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സിന്റെ തീരുമാനം.

മിസ്ഫിറ്റ് 250, ഏസ് ഡീലക്‌സ് മോഡലുകള്‍ ഒക്ടോബറില്‍ വിപണിയില്‍ എത്തും. യുഎമ്മിനെ പോലെ പുതിയ ബൈക്കുകളുടെ വില ക്ലീവ്‌ലാന്‍ഡ് കമ്പനിയും വെളിപ്പെടുത്തി. 2.23 ലക്ഷം രൂപയാണ് ഏസ് ഡീലക്‌സിന് ഇന്ത്യയില്‍ വില; മിസ്ഫിറ്റ് 250 മോഡലിന് 2.49 ലക്ഷം രൂപയും.

ബുക്ക് ചെയ്യുന്നവര്‍ക്ക് നവംബര്‍ മുതല്‍ ബൈക്കുകള്‍ കമ്പനി കൈമാറും. ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സില്‍ നിന്നുള്ള ഒറ്റ സിലിണ്ടര്‍ എഞ്ചിനുകളാണ് ഇരു മോഡലുകളും. പുതിയ ബൈക്കുകളെ ജൂണില്‍ കമ്പനി കൊണ്ടുവരുമെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍ വിപണനശൃഖല സ്ഥാപിക്കുന്നതിലുള്ള കാലതാമസം ക്ലീവ്‌ലാന്‍ഡ് ബൈക്കുകളുടെ ഔദ്യോഗിക വരവ് നീട്ടി. നിലവില്‍ പത്തു ഡീലര്‍മാരുടെ പിന്തുണയില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ക്ലീവ്‌ലാന്‍ഡ് ബൈക്കുകളെ കൊണ്ടുവരാനാണ് കമ്പനിയുടെ നീക്കം.

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ പൂനെ നിര്‍മ്മാണശാലയില്‍ വെച്ചു സംയോജിപ്പിച്ചാകും ബൈക്കുകള്‍ വിപണിയില്‍ എത്തുക. പ്രതിവര്‍ഷം 40,000 യൂണിറ്റുകള്‍ വരെ നിര്‍മ്മിക്കാന്‍ ക്ലീവ്‌ലാന്‍ഡിന്റെ പൂനെ നിര്‍മ്മാണശാലയ്ക്ക് ശേഷിയുണ്ട്.

ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സ് ഇന്ത്യാ തലവന്‍ പ്രണവ് ദേശായി ഓവര്‍ഡ്രൈവിന് നല്‍കിയ അഭിമുഖത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. പുതിയ ബൈക്കുകള്‍ക്ക് ആവശ്യമായ ഘടകങ്ങള്‍ പ്രാദേശികമായി സമാഹരിക്കാന്‍ വേണ്ട നടപടികളും കമ്പനി ആരംഭിച്ചെന്ന് പ്രണവ് ദേശായി വ്യക്തമാക്കി.

ഇന്ത്യന്‍ കമ്പനിയായ FIAM ആണ് ഹെഡ്‌ലാമ്പുകള്‍ നിര്‍മ്മിക്കുന്നത്. ചക്രങ്ങളുടെ അളവിനെ അടിസ്ഥാനപ്പെടുത്തി സിയറ്റ്, എംആര്‍എഫ് ടയറുകള്‍ പുതിയ ബൈക്കുകളില്‍ ഒരുങ്ങും. കമ്പനിയുടെ റെട്രോ നെയ്ക്കഡ് ബൈക്കാണ് ഏസ് ഡീലക്‌സ്; മിസ്ഫിറ്റ് കഫെ റേസറും.
Most Read: ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

ഒരേ അടിത്തറയില്‍ നിന്നും പുറത്തുവരുന്ന ഇരു ബൈക്കുകളിലും 229 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് തുടിക്കുക. എഞ്ചിന്‍ വിറയല്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് പ്രത്യേക ബാലന്‍സര്‍ സംവിധാനം ഷാസിയോടു കമ്പനി ചേര്‍ത്തിട്ടുണ്ട്.

15.2 bhp കരുത്തും 16 Nm torque ഉം ബൈക്കുകളിലുള്ള കാര്‍ബ്യുറേറ്റര്‍ എഞ്ചിന് സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും ഇരു ബൈക്കുകളിലും സസ്‌പെന്‍ഷന്‍ നിറവേറ്റും.

മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക്കുകളാണ് ബ്രേക്കിംഗ് ഒരുക്കുക. 133 കിലോയോളം ഭാരം ഏസ് ഡീലക്‌സും 154 കിലോയോളം ഭാരം മിസ്ഫിറ്റ് 250 മോഡലും കുറിക്കും. നിലവില്‍ ഹാര്‍ലി ഡേവിഡ്‌സണും ഇന്ത്യനും മാത്രമാണ് അമേരിക്കയില്‍ നിന്നും വന്ന് ഇന്ത്യയില്‍ വേരുറപ്പിച്ച ബൈക്ക് നിര്‍മ്മാതാക്കള്‍.

പ്രാരംഭ ക്രൂയിസര്‍ ശ്രേണിയില്‍ മറ്റൊരു ഹാര്‍ലിയാകാന്‍ ക്ലീവ്‌ലാന്‍ഡ് സൈക്കിള്‍വെര്‍ക്ക്‌സിന് കഴിയുമോയെന്നത് കണ്ടറിയണം. എന്തായാലും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ നിന്നൊരു മാറ്റം ഇന്ത്യന്‍ വിപണി പ്രതീക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications








