5.29 ലക്ഷം രൂപ വിലയില്‍ 2019 കവാസാക്കി Z650 — അറിയേണ്ടതെല്ലാം
നവീകരിച്ച Z650 നെയ്ക്കഡ് ബൈക്കുമായി കവാസാക്കി വിപണിയില്‍. 5.29 ലക്ഷം രൂപ വിലയില്‍ 2019 കവാസാക്കി Z650 ഇന്ത്യയില്‍ പുറത്തിറങ്ങി (എക്‌സ്‌ഷോറൂം ദില്ലി). മുന്‍തലമുറയെക്കാള്‍ 10,000 രൂപ മോഡലിന് കൂടുതലുണ്ട്. 2019 വേര്‍സിസ് 650 -യ്ക്കും Z900 -നും ശേഷം ഈ വര്‍ഷം കവാസാക്കി ഇന്ത്യയില്‍ കൊണ്ടുവരുന്ന മൂന്നാമത്തെ അവതാരമാണ് Z650.

പുതിയ ബോഡി ഗ്രാഫിക്‌സ് ഉള്‍പ്പെടെ പുറംമോടിയില്‍ സംഭവിച്ച മാറ്റങ്ങള്‍ 2019 Z650 -യില്‍ മുഖ്യവിശേഷമായി മാറുന്നു. മെറ്റാലിക് ഫ്‌ളാറ്റ് സ്പാര്‍ക്ക് ബ്ലാക് / മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക് എന്ന ഒറ്റ നിറഭേദം മാത്രമെ ബൈക്കിലുള്ളൂ.

Z650 -യുടെ വാലറ്റത്തും ടാങ്കിലും കമ്പനി പതിപ്പിച്ച പുത്തന്‍ ഗ്രാഫിക്‌സ് കാഴ്ച്ചക്കാരുടെ ശ്രദ്ധപിടിച്ചിരുത്തും. ER-6n -ന് പകരക്കാരനായി 2017 -ലാണ് കവാസാക്കി Z650 ഇന്ത്യയില്‍ ആദ്യമായി എത്തുന്നത്.
Most Read: ആഢംബര മോഹങ്ങളുമായി മഹീന്ദ്ര, കഴിയുമോ ഫോര്‍ച്യൂണറിനോടു മത്സരിക്കാൻ?

മുതിര്‍ന്ന Z900, Z1000 മോഡലുകളിലേതുപോലെ Z650 -യില്‍ സുഗോമി ഡിസൈന്‍ ഭാഷ ഉപയോഗിക്കാനുള്ള കമ്പനിയുടെ തീരുമാനം ബൈക്കിന്റെ പ്രചാരത്തില്‍ നിര്‍ണ്ണായകമായി. ബൈക്കിലുള്ള 649 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ എഞ്ചിന് 67 bhp കരുത്തും 66 Nm torque ഉം സൃഷ്ടിക്കാനാവും.

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. 15 കിലോ മാത്രം ഭാരമുള്ള ഷാസിയും Z650 -യുടെ സവിശേഷതയാണ്. മുന്നില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്‌സോര്‍ബറുമാണ് 2019 കവാസാക്കി Z650 -യില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്.

300 mm, 220 mm ഡിസ്‌ക്കുകള്‍ മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. ഇരട്ട ചാനല്‍ എബിഎസ് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. പുതിയ മോഡലിന്റെ ബുക്കിംഗ് കവാസാക്കി ഡീലര്‍ഷിപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. വിപണിയില്‍ ഹ്യോസങ് അക്വില പ്രോ 650, ബെനലി TNT600i, ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 മോഡലുകളോടാണ് കവാസാക്കി Z650 കൊമ്പുകോര്‍ക്കുന്നത്.


Click it and Unblock the Notifications








