സ്കൂട്ടർ നിര വിപുലീകരിച്ച് ഹീറോ
ഹീറോ മോട്ടോർകോർപ്പിന്റെ സ്കൂട്ടർ ശ്രേണിയിലേക്ക് പുതിയ രണ്ട് സ്കൂട്ടറുകളെ ഉൾപ്പെടുത്തി സ്കൂട്ടർ നിര വിപുലമാക്കിയിരിക്കുകയാണ് കമ്പനി. നേരത്തെ തന്നെ വിപണിയിലുണ്ടായിരുന്ന എൻട്രി ലെവൽ പ്ലെഷർ, ഡ്യുയറ്റ്, മാസ്ട്രോ എഡ്ജ് 110, ഡെസ്റ്റിനി 125 എന്നിവക്കൊപ്പം പ്ലെഷർ പ്ലസ് 110, മാസ്ട്രോ എഡ്ജ് 125 FI എന്നീ പുതിയ മോഡലുകളും അടുത്തിടെ ഹീറോ വിപണിയിലെത്തിച്ചു.

1. ഹീറോ പ്ലെഷർ
എൻട്രി ലെവൽ പ്ലെഷർ വളരെ കാലമായി വിപണിയിലുണ്ട്. 2017-ൽ കാര്യമായ പരിഷ്ക്കരണങ്ങളുമായി ഹീറോ സ്കൂട്ടറിന് വ്യത്യസ്ത മുഖം നൽകി. 102 സിസി സിംഗിൾ സിലിണ്ടർ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ് പ്ലെഷറിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് 6.9 bhp കരുത്തും 8.1 Nm torque ഉം സൃഷ്ടിക്കും. സിവിടി ട്രാൻസ്മിഷനാണ് സ്കൂട്ടറിൽ ഘടിപ്പിച്ചിരിക്കുന്നത്.

മുൻഭാഗത്തും പിന്നിലും 130 mm ഡ്രം ബ്രേക്കുകളാണ് പ്ലെഷറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീലുകളും എക്സ്ഹോസ്റ്റ് യൂണിറ്റിനും കറുത്ത നിറം നൽകിയിരിക്കുന്നതിനാൽ സ്കൂട്ടറിന് ഡ്യുവൽ ടോൺ കളർ ഫിനിഷ് ലഭിക്കുന്നു. 45,100 രൂപ മുതൽ 47,100 രൂപ വരെയാണ് സ്കൂട്ടറിന്റെ എക്സ്ഷോറൂം വില.

2. ഹീറോ പ്ലെഷർ പ്ലസ് 110
2019 മെയിലാണ് ഹീറോ പ്ലഷർ പ്ലസ് 110 ഇന്ത്യയിൽ അവതരിപ്പിച്ചത്. എൻട്രി ലെവൽ പ്ലെഷറിനേക്കാൾ സമഗ്രമായ പരിഷ്ക്കരണങ്ങൾ പ്ലെഷർ പ്ലസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതുക്കിയ രൂപകൽപ്പനയ്ക്കു പുറമെ പുതിയ കളർ ഓപ്ഷനുകളും കൂടുതൽ ഫീച്ചറുകളും സ്കൂട്ടറിൽ ലഭ്യമാണ്.കൂടാതെ 102 സിസി എഞ്ചിന് പകരം 110 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്.

8 bhp കരുത്തിൽ 8.7 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്ലെഷർ പ്ലസിന് സാധിക്കും. സിവിടി ഗിയർബോക്സ് തന്നെയാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്ലെഷറിലുള്ള 130 mm ഡ്രം ബ്രേക്കുകൾ തന്നെയാണ് ഇതിലും. എന്നാൽ ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റം പ്ലെഷർ പ്ലസിലുണ്ട്. 47,300 രൂപ മുതൽ 49,300 രൂപ വരെയാണ് സ്കൂട്ടറിന്റെ വില.

3. ഹീറോ മാസ്ട്രോ എഡ്ജ് 110
ബിഎസ്-VI മലിനീകരണ നിരോധന ചട്ടം പാലിക്കുന്നതിനായി ഹീറോ തങ്ങളുടെ മുഴുവൻ സ്കൂട്ടറുകളേയും നവീകരിച്ച് വിപണിയിലെത്തിച്ചിരുന്നു. പ്ലെഷർ, ഡ്യുയറ്റ് എന്നിവ പുറത്തിറക്കിയതിനു പുറമേ മാസ്ട്രോ എഡ്ജ് 110 ഉം നവീകരിച്ചു കമ്പനി. 110.9 സിസി എയർ കൂൾഡ് നാല് സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്കൂട്ടറിനുള്ളത്.

ഈ എഞ്ചിൻ 7500 rpm-ൽ 8 bhp കരുത്തിൽ 8.7 Nm torque സൃഷ്ടിക്കും. മുന്നിൽ ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിൽ സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് ഡാംപറുമാണ് മാസ്ട്രോയിൽ ഹീറോ വാഗ്ദാനം ചെയ്യുന്നത്. മുൻവശത്തും പിൻവശത്തും 130 മീറ്റർ ഡ്രം ബ്രേക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 51,530 രൂപ മുതൽ 52,930 രൂപ വരെയാണ് സ്കൂട്ടറിന്റെ എക്സ്ഷോറൂം വില.

4. ഹീറോ ഡ്യുയറ്റ്
2015 അവസാനത്തോടെയാണ് ഹീറോ ഡ്യുയറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഹീറോ മാസ്ട്രോ എഡ്ജ് 110-ൽ പ്രവർത്തിക്കുന്ന അതേ 110.9 സിസി എയർ കൂൾഡ് നാല് സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഡ്യുയറ്റിനും കരുത്ത് പകരുന്നത്.

8 bhp കരുത്തിൽ 8.7 Nm torque ഉത്പാദിപ്പിക്കും സ്കൂട്ടർ. സ്റ്റീൽ ബോഡിയാണ് സ്കൂട്ടറിന്റെ പ്രത്യേകത. അതിനാൽ ഹീറോ ഡ്യുയറ്റ് മാസ്ട്രോ എഡ്ജിനേക്കാൾ 6 കിലോഗ്രാം ഭാരം ഇതിന് കൂടുതലാണ്. 130 mm ഡ്രം ബ്രേക്കുകളാണ് സ്കൂട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 47,680 രൂപ മുതൽ 50,530 രൂപ വരെയാണ് ഡ്യുയറ്റിന്റെ വില.

5. ഹീറോ ഡെസ്റ്റിനി 125
2018-ലെ ഓട്ടോ എക്സ്പോയിലാണ് ഡെസ്റ്റിനി 125 സ്കൂട്ടറിനെ ഹീറോ അവതരിപ്പിച്ചത്. എന്നാൽ 2019 മാർച്ചിലാണ് സ്കൂട്ടർ ഇന്ത്യൻ വിപണിയിലെത്തുന്നത്.

LX, ഡീലക്സ് VX എന്നീ രണ്ട് പതിപ്പുകളിൽ വാഹനം ലഭ്യമാണ്. 124.6 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഡെസ്റ്റിനിയിൽ ഹീറോ വാഗ്ദാനം ചെയ്യുന്നത്. ഇത് ഏകദേശം 8.7 bhp കരുത്തിൽ 10.2 Nm torque ഉത്പാദിപ്പിക്കും.

ഇരുവശത്തും 130 mm ഡ്രം ബ്രേക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. i3s സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതിക വിദ്യ സജ്ജീകരിച്ചിരിക്കുന്നതിനാൽ ചെയ്യുന്നതിനാൽ മികച്ച ഇന്ധനക്ഷമത ഡെസ്റ്റിനി വാഗ്ദാനം ചെയ്യുന്നു. അണ്ടർ സീറ്റ് ബൂട്ട് ലൈറ്റ്, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ്, എൽഇഡി ടെയിൽ ലൈറ്റ് എന്നിവയെല്ലാം ഡെസ്റ്റിനി 125- ന്റെ സവിശേഷതകളാണ്. 55,080 രൂപ മുതൽ 57,930 രൂപ വരെയാണ് സ്കൂട്ടറിന്റെ ഷോറൂം വില.

6. ഹീറോ മാസ്ട്രോ എഡ്ജ് 125 FI
കഴിഞ്ഞ മെയിലാണ് പുതിയ പ്ലെഷർ പ്ലസ് 110 നൊപ്പം ഹീറോ മാസ്ട്രോ എഡ്ജ് 125 FI വിപണിയിലെത്തിച്ചത്. മാസ്ട്രോ എഡ്ജ് 110 ന് സമാനമായി തോന്നുമെങ്കിലും കൂടുതൽ കരുത്തുറ്റ 125 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഈ സ്കൂട്ടറിന്റെ പ്രത്യേകത. അതായത് ഡെസ്റ്റിനി 125-ൽ ഉൾപ്പെടുത്തിയിരിക്കുന്ന അതേ എഞ്ചിൻ.

കൂടാതെ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും മാസ്ട്രോ എഡ്ജ് 125-ന്റെ പ്രത്യേകതയാണ്. 8.5 bhp കരുത്തിൽ 10.2 Nm torque സൃഷ്ടിക്കാനാകും ഈ സ്കൂട്ടറിന്. സിവിടി ഗിയർബോക്സാണ് 125 FI-ൽ ഘടിപ്പിച്ചിരിക്കുന്നത്. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കും വാഗ്ദാനം ചെയ്യുന്നു. വില 58,500 രൂപ മുതൽ 62,700 രൂപ വരെയാണ് ഷോറൂം വില.


Click it and Unblock the Notifications








