ഹോണ്ട CD 110 ഡ്രീം സിബിഎസ് എഡിഷന്‍ വിപണിയില്‍ — വില 50,028 രൂപ
കോമ്പി ബ്രേക്കിംഗ് സംവിധാനവുമായി ഹോണ്ട CD 110 ഡ്രീം. 50,028 രൂപ വിലയില്‍ പുതിയ CD 110 ഡ്രീം സിബിഎസ് എഡിഷനെ ഹോണ്ട വിപണിയില്‍ പുറത്തിറക്കി. സിബിഎസ് സംവിധാനമില്ലാത്ത പതിപ്പിനെ അപേക്ഷിച്ച് 878 രൂപ പുതിയ ബൈക്കിന് കൂടുതലാണ്. സിബിഎസ് എഡിഷന്‍ വന്നെങ്കിലും സിബിഎസില്ലാത്ത പതിപ്പിനെയും ഹോണ്ട താത്കാലികമായി വില്‍പ്പനയ്ക്ക് അണിനിരത്തും. നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കാന്‍ വേണ്ടിയാണിത്.

ഏപ്രില്‍ മുതല്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുന്നതോടെ എബിഎസ്, സിബിഎസ് സംവിധാനങ്ങളില്ലാത്ത ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല. 2019 ഏപ്രില്‍ മുതല്‍ 125 സിസിയില്‍ താഴെയെങ്കില്‍ കോമ്പി ബ്രേക്കിംഗ് സംവിധാനമാണ് മോഡലുകള്‍ക്ക് കമ്പനികള്‍ ഉറപ്പാക്കേണ്ടത്.

125 സിസിയില്‍ കൂടുതലുള്ള മോഡലുകളില്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം നിര്‍ബന്ധമായും ഒരുങ്ങണം. ഈ പശ്ചാത്തലത്തിലാണ് CD 110 ഡ്രീം സിബിഎസ് എഡിഷന്‍ അവതരിപ്പിക്കാനുള്ള ഹോണ്ടയുടെ തീരുമാനം. സിബിഎസ് സംവിധാനം ലഭിച്ചതൊഴിച്ചാല്‍ ഡിസൈനിലോ, എഞ്ചിനിലോ കാര്യമായ പരിഷ്‌കാരങ്ങളൊന്നും ബൈക്കിന് ലഭിച്ചിട്ടില്ല.
Most Read: ദേ ഇത്രയേയുള്ളൂ സുരക്ഷ, സ്‌കൂട്ടര്‍ യാത്രികയുടെ ഹെല്‍മറ്റ് എറിഞ്ഞുടച്ച് പൊലീസ് — വീഡിയോ

നിലവിലെ 109 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ സിബിഎസ് എഡിഷന്‍ CD 110 ഡ്രീമിലും തുടരുന്നു. എയര്‍ കൂളിംഗ് സംവിധാനമുള്ള എഞ്ചിന് 8.31 bhp കരുത്തും 9.09 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. നാലു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്. ഇരു ടയറുകളിലും 130 mm വലുപ്പമുള്ള ഡ്രം യൂണിറ്റുകളാണ് ബ്രേക്കിംഗ് നിര്‍വഹിക്കുക.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ സ്പ്രിങ്ങുകള്‍ ഒരുങ്ങുന്ന ഹൈഡ്രോലിക് യൂണിറ്റും സസ്‌പെന്‍ഷന്‍ നിറവേറ്റും. 18 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം. ഇരു ടയറുകളുടെയും അളവ് 80/100. ടിവിഎസ് റേഡിയോണ്‍, ഹീറോ സ്‌പ്ലെന്‍ഡര്‍ എന്നിവരുമായാണ് ഹോണ്ട CD 110 ഡ്രീമിന്റെ പ്രധാന അങ്കം.

നേരത്തെ പ്രീമിയം ഫ്‌ളാഗ്ഷിപ്പ് സ്‌കൂട്ടര്‍ ഗ്രാസിയയെയും കമ്പനി പുതുക്കുകയുണ്ടായി. സ്‌കൂട്ടറിന്റെ ഏറ്റവും ഉയര്‍ന്ന ഡിസ്‌ക്ക് ബ്രേക്ക് വകഭേദത്തില്‍ മാത്രമെ ഇക്കുറി പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നുള്ളൂ. പ്രാരംഭ, ഇടത്തരം വകഭേദങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
Most Read: V15 മോഡലിനെ നിര്‍ത്താന്‍ ബജാജ്, കാരണമിതാണ്
പ്രധാനമായും കോസ്മറ്റിക് അപ്ഡേറ്റുകളാണ് മോഡലിലെ മുഖ്യാകര്‍ഷണം. ഒപ്പം പേള്‍ സൈറന്‍ ബ്ലൂ എന്ന പുത്തന്‍ നിറപ്പതിപ്പും സ്‌കൂട്ടറില്‍ ഒരുങ്ങുന്നു. പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ 300 രൂപയാണ് ഗ്രാസിയ DX വകഭേദത്തിന് കൂടിയിരിക്കുന്നത്. 64,668 രൂപ വിലയില്‍ 2019 ഹോണ്ട ഗ്രാസിയ DX ഷോറൂമുകളില്‍ അണിനിരക്കും.


Click it and Unblock the Notifications