കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗ് ആരംഭിച്ച് ഡീലർഷിപ്പുകൾ
അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ പ്രേമികൾ കാത്തിരുന്ന കെടിഎം 390 അഡ്വഞ്ചറിന്റെ അനൗദ്യോഗിക ബുക്കിംഗുകൾ ആരംഭിച്ച് കെടിഎം ഡീലർഷിപ്പുകൾ.

20,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. 2020 ജനുവരിയിൽ ബൈക്ക് ഡീലർഷിപ്പുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന 2019 ഇന്ത്യ ബൈക്ക് വീക്കിലാണ് മോട്ടോർസൈക്കിൾ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്.

കെടിഎം ഇന്ത്യയുടെ ഏറ്റവും ചെലവേറിയ സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളാണ് 390 അഡ്വഞ്ചർ. നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായ ഡ്യൂക്ക് 390-യെ അടിസ്ഥാനമാക്കിയുള്ള അഡ്വഞ്ചർ ടൂറർ ബൈക്കാണിത്.

390 ഡ്യൂക്കിന് കരുത്തേകുന്ന അതേ 373 സിസി ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 9000 rpm-ൽ 43 bhp കരുത്തും 7000 rpm-ൽ 37 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

കൂടാതെ സ്ലിപ്പ് ആൻഡ് അസിസ്റ്റ്' ക്ലച്ച്, കൗണ്ടര്‍ ബാലൻസർ, റൈഡ്-ബൈ-വയർ ഇഎഫ്‌ഐ തുടങ്ങിയ സവിശേഷതകളും കെടിഎം 390 അഡ്വഞ്ചറിൽ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം കോർണറിംഗ് എബിഎസും ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഓഫ്-റോഡിംഗിൽ സന്തുലിതാവസ്ഥയും മികച്ച ഹാൻഡിലിങ്ങും നൽകും.

ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളുടെ പുതിയ 390 അഡ്വഞ്ചർ മോഡലിൽ WP സോഴ്‌സ്ഡ് 43 mm അപ്‌സൈഡ് ഡൗണ്‍ ഫോർക്കുകളിൽ ഘടിപ്പിച്ചിരിക്കുന്ന ട്രെല്ലിസ് ഫ്രെയിമും പിൻവശത്ത് ഒരു മോണോഷോക്ക് യൂണിറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട്, റിയർ സസ്പെൻഷൻ യഥാക്രമം 170 മില്ലീമീറ്ററും 177 മില്ലീമീറ്ററും ട്രാവൽ നൽകുന്നു.

ബ്രേക്കിംഗിനായി മുൻവശത്ത് 320 mm ഡിസ്കും പിന്നിൽ 230 mm ഡിസ്കും സജ്ജീകരിച്ചിരിക്കുന്നു. സുരക്ഷക്കായി ബോഷ്-സോഴ്‌സ്ഡ് സ്വിച്ചബിൾ എബിഎസ് കെടിഎം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

കെടിഎം 390 അഡ്വഞ്ചർ പൂനെയിലെ ബജാജിന്റെ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. വിലയുടെ കാര്യത്തിൽ, 390 അഡ്വഞ്ചറിന് അതിന്റെ നേക്കഡ് സ്ട്രീറ്റ് മോഡലിനേക്കാൾ 30,000 രൂപ മുതൽ 50,000 രൂപ വരെ വില കൂടുതലായിരിക്കും.

റോയൽ എൻഫീൽഡ് ഹിമാലയൻ, ഹീറോ എക്സ്പൾസ് 200, കവാസാക്കി വെർസിസ് X300, ബിഎംഡബ്ല്യു G310 GS തുടങ്ങിയ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളാണ് കെടിഎം 390 അഡ്വഞ്ചറിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.

പെർഫോമൻസ് വിഭാഗത്തിൽ കെടിഎം ബൈക്കുകൾ ഇന്ന് ജനപ്രിയ ഓഫറുകളാണ്. ഈ നിരയിലേക്കാണ് പുതിയ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ സ്ഥാനംപിടിക്കുന്നത്. കെടിഎമ്മിൽ നിന്ന് ആഭ്യന്തര വിപണിയിൽ എത്തുന്ന ആദ്യ അഡ്വഞ്ചർ ടൂറർ മോഡൽ കൂടിയാണിത്.


Click it and Unblock the Notifications








