ശബ്ദം മുഴക്കി 2019 ബജാജ് ഡോമിനാര്‍, പ്രീമിയം വിശേഷങ്ങള്‍ ഒരുപാട്
പുതിയ 2019 ഡോമിനാറിന്റെ പരീക്ഷണയോട്ടം ബജാജ് ഇപ്പോഴും തുടരുകയാണ്. ജനുവരിയില്‍ വില്‍പ്പനയ്ക്കു വരുമെന്നിരിക്കെ യാതൊരു കുറ്റവും കുറവും മോഡലില്‍ സംഭവിക്കരുതെന്ന് കമ്പനിക്ക് നിര്‍ബന്ധമുണ്ട്. 2016 -ല്‍ ഡോമിനാറിനെ അവതരിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ബൈക്കിനെ അടിമുടി പരിഷ്‌കാരിക്കാന്‍ ബജാജ് മുന്‍കൈയ്യെടുക്കുന്നത്.

രൂപകല്‍പനയിലും ഫീച്ചറുകളിലും പുതുമകള്‍ ധാരാളം പ്രതീക്ഷിക്കാം. പ്രീമിയം ഘടകങ്ങളായിരിക്കും പുതിയ ഡോമിനാറിലെ മുഖ്യാകര്‍ഷണം. എന്തായാലും പഴയ ഡോമിനാര്‍ ഉടമകളുടെ അഭിപ്രായം പുതിയ മോഡലിന്റെ ഒരുക്കത്തില്‍ കമ്പനി ചെവികൊണ്ടിട്ടുണ്ട്.

കഴിഞ്ഞദിവസം ക്യാമറ പകര്‍ത്തിയ പുത്തന്‍ ഡോമിനാര്‍ 400 -ന്റെ ദൃശ്യങ്ങള്‍ ബൈക്കിന്റെ എക്‌സ്‌ഹോസ്റ്റ് ശബ്ദം വെളിപ്പെടുത്തുകയാണ്. നിലവിലെ ഡോമിനാറിനെക്കാള്‍ മുഴക്കമുള്ള ശബ്ദമാണ് പുതിയ മോഡലിന്. ഡബിള്‍ ബാരല്‍ ഡിസൈന്‍ ഘടന ബൈക്കിന്റെ ശബ്ദത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നു.

പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനം ഡോമിനാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കൂട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഓഫ്‌റോഡ് സാഹസങ്ങളില്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഡോമിനാറിനെ തുണയ്ക്കും. പഴയ ടെലിസ്‌കോപിക് ഫോര്‍ക്കുകളല്ല ഇക്കുറി ഡോമിനാറില്‍. പ്രീമിയം സവിശേഷതയുള്ള അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ബൈക്കില്‍ ഒരുങ്ങും.

മുമ്പ് ഡോമിനാറിന്റെ കോണ്‍സെപ്റ്റ് മോഡലിന് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിരുന്നു. പിന്നീടു വില നിയന്ത്രിക്കാന്‍ വേണ്ടി അപ്സൈഡ് പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്നും ഡൗണ്‍ ഫോര്‍ക്കുകള്‍ കമ്പനി ഒഴിവാക്കുകയാണുണ്ടായത്.
Most Read: റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 500 എബിഎസ് വിപണിയില്‍

കഠിനമായ പ്രതലങ്ങളില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളെക്കാള്‍ നിയന്ത്രണ മികവ് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കാഴ്ച്ചവെക്കും. ബൈക്കിന്റെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും കമ്പനി പരിഷ്‌കരിച്ചതായി ദൃശ്യങ്ങളില്‍ കാണാം. കൂടുതല്‍ വിവരങ്ങള്‍ പുത്തന്‍ ഡിസ്‌പ്ലേ നല്‍കും.

വലിയ റേഡിയേറ്ററും 2019 ഡോമിനാറില്‍ പരാമര്‍ശിക്കണം. എഞ്ചിന്‍ കവചവും മുന്‍ മഡ്ഗാര്‍ഡ് മാറ്റങ്ങളില്‍പ്പെടും. നിലവിലെ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ഡോമിനാറിലും. കെടിഎം 390 ഡ്യൂക്കില്‍ നിന്നും കടമെടുക്കുന്ന 373 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 35 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കും.

സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അടിസ്ഥാന ഫീച്ചറായി മോഡലില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം. അതേസമയം പുതിയ പതിപ്പ് കരുത്തുത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുമോയെന്ന് കണ്ടറിയണം.
Most Read: ഹെല്‍മറ്റിന് ശവമഞ്ചമൊരുക്കി ഒരു വ്യത്യസ്ത പ്രതിഷേധം

ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചായിരിക്കും എഞ്ചിനെ കമ്പനി ഒരുക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ ബിഎസ് VI വാഹനങ്ങള്‍ മാത്രമെ വിപണിയില്‍ വില്‍ക്കാന്‍ പാടുള്ളൂ. പരിഷ്‌കാരങ്ങള്‍ മുന്‍നിര്‍ത്തി 2019 ഡോമിനാറിന് വില കൂടുമെന്ന കാര്യമുറപ്പ്. 1.65 ലക്ഷം രൂപയോളം ബൈക്കിന് വില പ്രതീക്ഷിക്കാം.
നിലവില്‍ എബിഎസ്, നോണ്‍ എബിഎസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ട് ഡോമിനാറിന്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി നോണ്‍ എബിഎസ് മോഡലിനെ ഡോമിനാര്‍ നിരയില്‍ നിന്നും കമ്പനി പിന്‍വലിക്കും.

2016 ഡിസംബറിലാണ് ഡോമിനാറിനെ ബജാജ് ആദ്യമായി വിപണിയില്‍ കൊണ്ടുവരുന്നത്. ഇന്ത്യയില്‍ ബജാജിന്റെ ഏറ്റവും വിലകൂടിയ ബൈക്കും ഡോമിനാര്‍ തന്നെ. തുടക്കത്തില്‍ പതിനായിരം യൂണിറ്റുകളുടെ വില്‍പന പ്രതിമാസം ഡോമിനാര്‍ കൈയ്യടക്കുമെന്നു ബജാജ് കരുതിയെങ്കിലും നടന്നില്ല. എന്തായാലും പുതിയ ഡോമിനാര്‍ സ്ഥിതിഗതികള്‍ക്ക് മാറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ബജാജ്.
Source: IamBikerdotcom


Click it and Unblock the Notifications








