എബിഎസുമായി പുതിയ സുസുക്കി വി-സ്‌ട്രോം 650XT
എബിഎസ് കരുത്തില്‍ 2019 സുസുക്കി വി-സ്‌ട്രോം 650XT വിപണിയില്‍. പുതിയ സുരക്ഷ നിര്‍ദ്ദേശങ്ങള്‍ മാനിച്ചാണ് ബൈക്കിന് എബിഎസ് ഘടിപ്പിക്കാനുള്ള സുസുക്കിയുടെ തീരുമാനം. എബിഎസ് ലഭിക്കുമ്പോഴും വി-സ്ട്രോം 650XT -യുടെ വിലയില്‍ മാറ്റമില്ല. 7.46 ലക്ഷം രൂപ വിലയില്‍ത്തന്നെ മോഡല്‍ വില്‍പ്പനയില്‍ തുടരും.

ഹയബൂസയ്ക്കും GSX-S750 -യ്ക്കും ശേഷം ഇന്ത്യയില്‍ പ്രാദേശികമായി സംയോജിപ്പിച്ച് വില്‍പനയ്ക്കെത്തുന്ന സുസുക്കിയുടെ മൂന്നാമത്തെ ബൈക്കാണ് വി-സ്ട്രോം 650XT. ഹാസാര്‍ഡ് ലൈറ്റുകളും സൈഡ് റിഫ്‌ളക്ടറുകളും 2019 സുസുക്കി വി-സ്ട്രോം 650XT -യുടെ പുതുവിശേഷങ്ങളാണ്.

ചാമ്പ്യന്‍ യെല്ലോ, പേള്‍ വൈറ്റ് എന്നീ പുത്തന്‍ നിറപ്പതിപ്പുകളും ഇക്കുറി ബൈക്കില്‍ അണിനിരക്കുന്നുണ്ട്. മുതിര്‍ന്ന വി-സ്ട്രോം 1000 മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന വി-സ്ട്രോം 650XT -യില്‍ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കമ്പനി ഭംഗം വരുത്തിയിട്ടില്ല.

രാജ്യാന്തര നിരയില്‍ വി-സ്ട്രോം 650 -യ്ക്ക് രണ്ടു വകഭേദങ്ങളുണ്ടെങ്കിലും ഓഫ്റോഡ് മികവുകൂടിയ XT പതിപ്പിനെ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ വിദേശനിര്‍മ്മിത ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെവെച്ച് ബൈക്കിനെ സംയോജിപ്പിക്കുകയാണ് സുസുക്കി.

വി-സ്ട്രോം 650 XT -യിലുള്ള 645 സിസി വി-ട്വിന്‍ എഞ്ചിന് 70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ദീര്‍ഘദൂര യാത്രകള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ആറു സ്പീഡ് ഗിയര്‍ബോക്സാണ് മോഡലിലുള്ളത്. മേല്‍ത്തരം വയര്‍ സ്പോക്ക് റിമ്മുകളില്‍ ബ്രിഡ്ജ്സ്റ്റോണ്‍ ബാറ്റ്ലാക്സ് അഡ്വഞ്ചചര്‍ A40 ട്യൂബ്‌ലെസ് ടയറുകള്‍ ഒരുങ്ങുന്നു.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളും സസ്പെന്‍ഷന്‍ നിറവേറ്റും. പ്രീലോഡും റീബൗണ്ടും ക്രമീകരിക്കാന്‍ പറ്റുംവിധത്തിലാണ് മോണോഷോക്ക് അബ്സോര്‍ബര്‍ സംവിധാനം. 310 mm ഇരട്ട ഡിസ്‌ക് മുന്‍ ടയറിലും 260 mm ഡിസ്‌ക്ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിയന്ത്രിക്കും.
Most Read: മൈലേജല്ല, സുരക്ഷയാണ് പ്രധാനം — മാരുതിക്ക് ടാറ്റയുടെ മുഖമടച്ച മറുപടി

എബിഎസ് സുരക്ഷയും ബൈക്കിലുണ്ട്. മൂന്നുവിധത്തില്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍, എളുപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംവിധാനം, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്നുതലമുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും സുസുക്കി വി-സ്ട്രോം 650XT -യില്‍ എടുത്തുപറയണം.

സുസുക്കിയുടെ ചെലവുകുറഞ്ഞ അഡ്വഞ്ചര്‍ ബൈക്കുകളില്‍ ഒന്നാണ് വി-സ്‌ട്രോം 650XT. വിപണിയില്‍ കവാസാക്കി വേര്‍സിസ് 650 മാത്രമാണ് സുസുക്കി വി-സ്ട്രോം 650 XT -യുടെ എതിരാളി.


Click it and Unblock the Notifications








