വരവറിയിച്ച് പുതിയ യമഹ MT-15 — വീഡിയോ
പുതിയ നെയ്ക്കഡ് ബൈക്കിനെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ യമഹ പൂര്‍ത്തിയാക്കി. മാര്‍ച്ച് 15 -ന് യമഹ MT-15 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരും. മൂന്നാംതലമുറ R15 -ന്റെ നെയ്ക്കഡ് പതിപ്പാണെന്ന തിരിച്ചറിവ് മോഡലിനെ കുറിച്ചുള്ള ആകാംഷ ആരാധകരില്‍ വര്‍ധിപ്പിക്കുന്നു. ഔദ്യോഗികമായി കടന്നുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ MT-15 -ന്റെ ആദ്യ ടീസര്‍ യമഹ പുറത്തുവിട്ടിരിക്കുകയാണ്.

രാജ്യാന്തര മോഡലില്‍ നിന്നും ചെറിയ വ്യത്യാസങ്ങളോടെയാണ് ബൈക്ക് ഇങ്ങെത്തുക. കമ്പനിയുടെ വിഖ്യാത സാമുറായി ഡിസൈന്‍ ശൈലി MT-15 -ല്‍ ശ്രദ്ധയാകര്‍ഷിക്കും. സമകാലിക ഡിസൈന്‍ പാഠങ്ങള്‍ തിരുത്തി മൂന്നു പാളികള്‍ കൊണ്ടാണ് ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍. എല്‍ഇഡി പൊസിഷന്‍ ലാമ്പുകള്‍ക്ക് നടുവില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ബൈക്കില്‍ ഒരുങ്ങും. ഹെഡ്‌ലാമ്പും എല്‍ഇഡി യൂണിറ്റുതന്നെ.

താരതമ്യേന ബൈക്കിന് പിറകില്‍ നീളം കുറവാണ്. ഇക്കാരണത്താല്‍ കൂടുതല്‍ അക്രമണോത്സുകമായ ബോഡി പ്രൊഫൈല്‍ MT-15 അവകാശപ്പെടും. നെയ്ക്കഡ് മോഡലായതുകൊണ്ട് ബോഡി പാനലുകളുടെ ധാരാളിത്തം MT-15 -ല്‍ പ്രതീക്ഷിക്കേണ്ട. വെട്ടിവെടിപ്പാക്കിയ ഇന്ധനടാങ്ക് മോഡലിന് സ്‌പോര്‍ടി പരിവേഷം കല്‍പ്പിക്കുന്നതില്‍ നിര്‍ണായകമാവും.
Most Read: ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ്, എല്‍ഇഡി ടെയില്‍ലാമ്പ് എന്നിങ്ങനെ നീളും മറ്റു വിശേഷങ്ങള്‍. അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും അലൂമിനിയം സ്വിംഗ്ആമും രാജ്യാന്തര വിപണിയില്‍ യമഹ MT-15 -ന് ലഭിക്കുന്നുണ്ട്.

എന്നാല്‍ ഇന്ത്യയിലെത്തുന്ന ബൈക്കിന് ഈ ഘടകങ്ങളുണ്ടായിരിക്കില്ല. പകരം ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് തല്‍സ്ഥാനത്ത് ഒരുങ്ങുക. ബൈക്കിന്റെ വില പിടിച്ചുനിര്‍ത്താന്‍ ഈ നടപടി സഹായിക്കും.
R15 -ല്‍ നിന്നും വ്യത്യസ്തമായി സുഖകരമായ റൈഡിനാണ് MT-15 -ല്‍ മുന്‍ഗണന. സീറ്റ് ഘടനയും റൈഡിംഗ് പൊസിഷനും അപ്രകാരംതന്നെ. അതേസമയം ട്രാക്ക് റൈഡിംഗിന് പ്രധാന്യം കല്‍പിച്ചാണ് R15 വിപണിയിലെത്തുന്നത്.
Most Read: ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍
മൂന്നാംതലമുറ R15 -ന്റെ എഞ്ചിന്‍ പുതിയ MT-15 -നും കരുത്തു പകരും. ലിക്വിഡ് കൂളിംഗ് ശേഷിയുള്ള എഞ്ചിന്‍ 19.2 bhp കരുത്തും 15 Nm torque -മാണ് പരമാവധി കുറിക്കുക. ആറു സ്പീഡ് ഗിയര്‍ബോക്‌സിന് സ്ലിപ്പര്‍ ക്ലച്ച് പിന്തുണ പ്രതീക്ഷിക്കാം.
ഇന്ത്യയില്‍ നാലു നിറങ്ങളിലാവും യമഹ MT-15 വില്‍പ്പനയ്ക്ക് വരിക. ബ്ലൂ, ബ്ലാക്ക്, ഗ്രെയ്-ബ്ലാക്ക്, ബ്ലൂ-ബ്ലാക്ക് നിറപ്പതിപ്പുകള്‍ മോഡലില്‍ അണിനിരക്കുമെന്നാണ് വിവരം. എന്തായാലും ശ്രേണിയില്‍ മറ്റു കമ്മ്യൂട്ടര്‍ മോഡലുകളെക്കാള്‍ വിലയേറിയ താരമായിരിക്കും MT-15.


Click it and Unblock the Notifications








