കൂടുതൽ കരുത്തോടെ ബിഎസ്-VI പൾസർ NS200 വിപണിയിൽ
ജനപ്രിയ മോഡലായ പൾസർ NS200-ന്റെ ബിഎസ്-VI പതിപ്പ് വിപണിയിൽ എത്തിച്ച് ബജാജ്. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനി തങ്ങളുടെ മുഴുവൻ പൾസർ ശ്രേണിയും പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരുന്നു.

ബിഎസ്-VI പൾസർ NS200-ന് 124,006 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ബിഎസ്-IV ആവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ 11,000 രൂപയുടെ വർധനവാണ് ബൈക്കിന് ഉണ്ടായിരിക്കുന്നത്. മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി എഞ്ചിൻ പരിഷ്ക്കരണത്തിൽ NS200-ന്റെ പവറിൽ നേരിയ വർധനവ് ബജാജ് വരുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

199.5 സിസി ഫോർ-വാൽവ് ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഇപ്പോൾ 24.2 bhp കരുത്തിൽ 18.5 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-IV മോഡലിൽ ഇത് 23.2 bhp, 18.3 Nm torque എന്നിങ്ങനെയായിരുന്നു നൽകിവന്നിരുന്നത്. മാത്രമല്ല, കാർബ്യൂറേറ്ററിന് പകരം ഫ്യുവൽ ഇഞ്ചക്ഷൻ ഉപയോഗിക്കുകയും അതിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കുന്നത് തുടരുന്നു. ബിഎസ്-VI പൾസർ NS200 അതിന്റെ സ്റ്റൈലിംഗ്, സവിശേഷതകൾ,മെക്കാനിക്കൽ ഘടകങ്ങൾ എന്നിവ മുൻ മോഡലിലേതുപോലെ തന്നെ തുടരുന്നതും ശ്രദ്ധേയമാണ്. ഈ മോഡലിന്റെ ആക്രമണാത്മക സ്ട്രീറ്റ്ഫൈറ്റർ രൂപകൽപ്പന അതിന്റെ ലൈനപ്പിലെ മറ്റേതൊരു മോഡലിനെക്കാളും വ്യത്യസ്‌തവും ആകർഷകവുമാണ്.

കോംപാക്‌ട് ആംഗുലർ ഹെഡ്‌ലാമ്പ് മുൻ തലമുറ ഹോണ്ട CB1000R ഹോർനെറ്റിനെ അനുസ്‌മരിപ്പിക്കുന്നതാണ്. ഷാർപ്പ് എക്സ്റ്റെൻഷനുകളും നേർത്ത ടെയിൽ സെക്ഷനും ഉള്ള ഫ്യുവൽ ടാങ്ക് ഉൾപ്പെടെയുള്ള ബാക്കി രൂപകൽപ്പന അതിന്റെ സ്പോർട്ടി സ്വഭാവത്തിൽ ഇഴുകിചേരുന്നു.

എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കുകളുടെ വിഭാഗത്തിൽ ഇടംപിടിക്കുന്ന NS200-ൽ നൈട്രോക്‌സ് റിയർ മോണോ ഷോക്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, വീതിയേറിയ ട്യൂബ് ലെസ് ടയർ എന്നിവയെല്ലാം ബജാജ് വാഗ്‌ദാനം ചെയ്യുന്നു.

നിലവിൽ 200 സിസി വിഭാഗത്തിലെ ജനപ്രിയ ഓഫറായതിനാൽ മോട്ടോർസൈക്കിളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ബജാജ് തയാറായിട്ടില്ല. ബ്ലാക്ക്, വൈറ്റ്, റെഡ്, യെല്ലോ എന്നീ നാല് കളർ ഓപ്ഷനുകളിൽ ബിഎസ്-VI ബജാജ് പൾസർ NS200 തെരഞ്ഞെടുക്കാൻ സാധിക്കും. ഇന്ത്യയിലെ ടിവിഎസ് അപ്പാച്ചെ 200 4V-യാണ് ആഭ്യന്തര വിപണിയിൽ ബൈക്കിന്റെ പ്രധാന എതിരാളി.

NS200-ന് പുറമെ കരുത്ത് കുറഞ്ഞ NS160 മോഡലിനെയും കമ്പനി കഴിഞ്ഞ ദിവസം ബിഎസ്-VI നവീകരണത്തിന് വിധേയമാക്കി വിപണിയിൽ എത്തിച്ചിരുന്നു. 1.04 ലക്ഷം രൂപയാണ് ബൈക്കിന് വില. ബിഎസ് IV പതിപ്പിനെക്കാള്‍ 10,457 രൂപയുടെ വര്‍ധനവാണ് 160-ക്ക് ഉണ്ടായിരിക്കുന്നത്.

എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ പൾസർ NS160-യിൽ ബജാജ് ഉള്‍പ്പെടുത്തിയിട്ടില്ല. ഫോസില്‍ ഗ്രേ, വൈല്‍ഡ് റെഡ്, സഫയര്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് മോട്ടോർസൈക്കിൾ വിൽപ്പനക്ക് എത്തുന്നത്.


Click it and Unblock the Notifications