പുതുമകളുമായി ബിഎസ്-VI ഹീറോ സ്പ്ലെൻഡർ പ്ലസ് ഒരുങ്ങുന്നു; മാറ്റങ്ങൾ അറിയാം
മോട്ടോർസൈക്കിൾ ശ്രേണിയിലെ ആദ്യ ബിഎസ്-VI മോഡലിന്റെ അവകാശികളാണ് ഇന്ത്യൻ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. കഴിഞ്ഞ വർഷം ആദ്യ ബിഎസ്-VI കംപ്ലയിന്റ് ബൈക്കായ സ്പ്ലെൻഡർ ഐസ്മാർട്ടിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു.

തങ്ങളുടെ ബിഎസ്-VI ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമിയി ഏറ്റവും ജനപ്രിയ മോട്ടോർസൈക്കിളായ സ്പ്ലെൻഡർ പ്ലസിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

സ്പ്ലെൻഡർ പ്ലസിന്റെ നിലവിലെ 97.2 സിസി എയർ കൂൾഡ്, ഫോർ-സ്ട്രോക്ക്, കാർബ്യൂറേറ്റഡ് ഫ്യുവൽ സംവിധാനമുള്ള സിംഗിൾ സിലിണ്ടർ എഞ്ചിൻ 8.36 bhp പവറിൽ 8.05 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഏറ്റവും മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹീറോ അതിനെ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജമാക്കും.

രൂപകൽപ്പനയുടെ കാര്യത്തിൽ, മോട്ടോർസൈക്കിളിന് കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും പുതിയ ഗ്രാഫിക്സ് പോലുള്ള മാറ്റങ്ങളോടൊപ്പമായിരിക്കും ബൈക്കിനെ ഹീറോ വിപണിയിൽ എത്തിക്കുക. മലിനീകരണം കുറയ്ക്കുന്നതിനായി ഒരു കാറ്റലറ്റിക് കൺവെർട്ടറിനൊപ്പം ബിഎസ്-VI സ്പ്ലെൻഡർ പ്ലസ് വാഗ്ദാനം ചെയ്യും.

ഇൻഡിക്കേറ്ററിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും മാറ്റങ്ങളൊന്നും ലഭിക്കുന്നില്ല. എന്നാൽ പുറത്തുവന്നിരിക്കുന്ന സ്പൈ ചിത്രങ്ങളിൽ കാണുന്നതു പോലെ റെഡ്, ബ്ലാക്ക് എന്നിവയുൾപ്പടെ സ്കൈ ബ്ലൂ-ഗ്രേ, സിൽവർ-ബ്ലാക്ക്, പർപ്പിൾ-ബ്ലാക്ക് എന്നീ പുതിയ ഡ്യുവൽ ടോൺ പെയിന്റ് സ്കീമുകളും ബിഎസ്-VI സ്പ്ലെൻഡർ പ്ലസിൽ ഹീറോ വാഗ്‌ദാനം ചെയ്യും.

ഹീറോ നിലവിൽ ബിഎസ്-IV കംപ്ലയിന്റ് സ്പ്ലെൻഡർ പ്ലസ് മോട്ടോർസൈക്കിളിന് 50,860 രൂപയാണ് എക്സ്ഷോറൂം വില. പരിഷ്ക്കരണത്തിന് വിധേയമാകുന്നതോടെ വാഹനത്തിന്റെ വിലയിലും വർധനവ് ഉണ്ടാകും. ഏകദേശം 58,000 രൂപ മുതൽ 60,000 വരെയാകും പുതിയ മോഡലിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ബൈക്കിന്റെ അവതരണത്തെ കുറിച്ചും വിലയെക്കുറിച്ചും ഹീറോ ഇതുവരെ ഒരു സ്ഥിരീകരണവും നൽകിയിട്ടില്ല. എങ്കിലും ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കൾ മാർച്ചിൽ ബൈക്കിനെ വിപണിയിലെത്തിച്ചേക്കും.

സ്പ്ലെൻഡർ ഐസ്മാർട്ടിനും വരാനിരിക്കുന്ന സ്പ്ലെൻഡർ പ്ലസിനും പുറമേ ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഹീറോ HF ഡീലക്‌സിനെയും നവീകരിച്ചിട്ടുണ്ട്. സ്പ്ലെൻഡർ പ്ലസിന്റെ അതേ 97.2 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനോടെയാണ് ബൈക്കിന്റെ വരവ്. ബിഎസ്-VI HF ഡീലക്‌സിന് 55,925 രൂപ എക്സ്ഷോറൂം വില.

ഹീറോ മോട്ടോകോർപ് അവരുടെ പ്ലെഷർ പ്ലസ് സ്കൂട്ടറിന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പും ഈ വർഷം ആദ്യം 54,800 രൂപയ്ക്ക് പുറത്തിറക്കിയിരുന്നു. ഡെസ്റ്റിനി 125, മാസ്ട്രോ എഡ്‌ജ്, ഡ്യുയറ്റ് സ്കൂട്ടറുകൾ ഇതുവരെ പരിഷ്ക്കരിച്ചിട്ടില്ല. എങ്കിലും വരും മാസങ്ങളിൽ ഈ മോഡലുകളെയും കമ്പനി വിപണിയിൽ എത്തിക്കും.
Image Courtesy: rider VEER JI/YouTube


Click it and Unblock the Notifications








