RV400 ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ വില വർധിപ്പിച്ച് റിവോൾട്ട്
പൂനെ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ മികച്ച വിജയം കൈവരിച്ച റിവോൾട്ട് ഇ-മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിച്ചു. ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇലക്‌ട്രിക്ക് ബൈക്കിന്റെ വില കമ്പനി ഉയർത്തിയിരിക്കുന്നത്.

അഹമ്മദാബാദിൽ ഫെബ്രുവരി 29 നും ഹൈദരാബാദിൽ മാർച്ച് രണ്ടിനും ചെന്നൈയിൽ മാർച്ച് അഞ്ചിനുമാണ് റിവോൾട്ട് ഇലക്ട്രിക് അവതരിപ്പിക്കുന്നത്. ഈ പുതിയ നഗരങ്ങളിൽ സമാരംഭിക്കുന്നതിന് മുന്നോടിയായി റിവോൾട്ട് മോട്ടോർസ് തങ്ങളുടെ RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വില 1,03,999 രൂപയായി ഉയർത്തിയതായി ഔദ്യോഗികമായി വെളിപ്പെടുത്തി. മോഡലിന്റെ ഇൻപുട്ട് ചെലവിലുണ്ടായ മാറ്റമാണ് വില വർധനവിന് കാരണമെന്ന് കമ്പനി വെളിപ്പെടുത്തുന്നു.

നേരത്തെ മോട്ടോർസൈക്കിളിന്റെ വില 98,999 രൂപയായിരുന്നു. വൺ ടൈം പേയ്മെന്റ് ഓപ്ഷനിനാണ് ഈ 5,000 രൂപയുടെ വർധനവ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ 3,999 രൂപ ബുക്കിംഗ് തുകയായും നൽകണം. കൂടാതെ ബൈക്കിന്റെ രജിസ്ട്രേഷൻ ചെലവ് / ആർടിഒ + ഇൻഷുറൻസ് + സ്മാർട്ട് കാർഡ് + 4G കണക്റ്റിവിറ്റിയുടെ ഒറ്റത്തവണ നിർബന്ധിത ചാർജും നിങ്ങൾ അടയ്ക്കേണ്ടിവരും.

അതേസമയം എൻട്രി ലെവൽ മോഡലായ RV300 ന്റെ വിലയിൽ മാറ്റമൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്. ഇതിന് വൺ ടൈം പേയ്മെന്റായി നൽകേണ്ടത് 84,999 രൂപയാണ്. കൂടാതെ ബുക്കിംഗ് തുകയായി 2,999 രൂപയും നൽകണം. ഇതോടൊപ്പം RV400ന് മുകളിൽ സൂചിപ്പിച്ച രജിസ്ട്രേഷൻ ചെലവുൾപ്പടെയുള്ള ചാർജും ഈ മോഡലിനും ബാധകമാണ്.

വൺ ടൈം പേയ്‌മെന്റ് ഓപ്ഷനു പുറമേ, നിങ്ങൾക്ക് MRP പ്ലാൻ വഴി മോട്ടോർസൈക്കിളുകൾ സ്വന്തമാക്കാനും സാധിക്കും. ഇതിനായി മൈ റിവോള്‍ട്ട് പ്ലാന്‍ (MRP) എന്നൊരു പദ്ധതിയാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

37 മാസ കാലയളവില്‍ മാസം തോറും നിശ്ചിത തുക ഉപഭോക്താവില്‍ നിന്നും സ്വീകരിക്കുന്ന രീതിയാണിത്. 3,499 രൂപയ്ക്ക് RV400 ബേസ് മോഡല്‍ ഉപഭോക്താവിന് സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയം ബൈക്കിനായി അടക്കേണ്ടത്. നേരത്തെ റിവോൾട്ടിന്റെ കാത്തിരിപ്പ് കാലയളവ് അഞ്ച് മാസമായിരുന്നു. എന്നാൽ അതിപ്പോൾ മൂന്ന് മാസമായി കുറഞ്ഞു.

റിവോള്‍ട്ടിന്റെ നിരയിലെ ചെറിയ മോഡലായ RV300 -ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്. തുടക്കത്തില്‍ ഡൗണ്‍ പേയ്മെന്റ് ആവശ്യമില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സവിശേഷതകളുടെ കാര്യത്തിൽ, റിവോൾട്ട് ആപ്പ് വഴി വേഗത, ട്രിപ്പ് മീറ്റർ, ശ്രേണി, ബാറ്ററി പവർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ ലഭ്യമാകും. റോഡ് സുരക്ഷയുടെ കാര്യത്തിൽ ബൈക്കുകൾ കർശനമായ പരീക്ഷണങ്ങളിലൂടെയും ARAI മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെയും ഇന്ത്യൻ ഹോമോലോഗേഷൻ ടെസ്റ്റുകളിൽ വിജയിച്ചിട്ടുണ്ട്.

ഇക്കോ മോഡിലായിരിക്കുമ്പോൾ പൂർണ ചാർജിൽ 156 കിലോമീറ്റർ മൈലേജാണ് റിവോൾട്ട് RV400 വാഗ്‌ദാനം ചെയ്യുന്നത്. ഇത് സിറ്റി മോഡിൽ 80-90 കിലോമീറ്റായി കുറയും. അതേസമയം സ്പോർട്‌സ് മോഡിൽ സവാരി ശൈലിയെയും ഭൂപ്രദേശത്തെയും ആശ്രയിച്ചിരിക്കും മൈലേജ്. പരമാവധി 85 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന മോഡലിൽ 3.24 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഇ-മോട്ടോർസൈക്കിളിന് മുന്നിൽ 240 mm ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ 240 mm ഡിസ്ക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡായി ക്രമീകരിക്കാവുന്ന മോണോഷോക്ക് പിന്നിൽ ഇടംപിടിച്ചിരിക്കുന്നു. 215 mm ഗ്രൗണ്ട് ക്ലിയറൻസാണ് ബൈക്കിന് കമ്പനി നൽകിയിരിക്കുന്നത്. 4.5 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും.

ഗൂഗിളുമായി സഹകരിച്ച് റിവോൾട്ട് ഇന്റലികോർപ്പ് RV400 മോഡലുമായി ബന്ധിപ്പിച്ച ഹെൽമെറ്റ് ഒരു ആക്സസറിയായി വാഗ്ദാനം ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. അത് "റിവോൾട്ട് സ്റ്റാർട്ട്" കമാൻഡ് ഉപയോഗിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ സഹായിക്കുന്നു. സാറ്റലൈറ്റ് നാവിഗേഷൻ, ബൈക്ക് ലൊക്കേറ്റർ, ഡയഗ്നോസ്റ്റിക്സ്, ജിയോഫെൻസിംഗ് എന്നിവ ഉൾപ്പെടുന്ന നിരവധി സവിശേഷതകളും സമർപ്പിത മൊബൈൽ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








