മുഖംമിനുക്കി RC200, 390 മോഡലുകൾ, ചിത്രങ്ങൾ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ
പുതുതലമുറയിലേക്ക് ചേക്കേറുകയാണ് കെടിഎമ്മിന്റെ തുറുപ്പുചീട്ടുകളായ RC200, RC390 സ്പോർട്‌സ് ബൈക്കുകൾ. കാലത്തിനൊത്ത ചില പരിഷ്ക്കാരങ്ങളുമായാണ് മോഡലുകൾ ഇത്തവണ നിരത്തുകളിലേക്ക് കുതിക്കാനെത്തുന്നത്.

പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ RC സീരീസിന്റെ ഡിസൈനിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. സമ്മിശ്ര പ്രതികരണം ലഭിച്ചേക്കാവുന്ന രൂപഭാവമാണ് ഇത്തവണ RC200, RC390 മോഡലുകൾ നേടിയിരിക്കുന്നത്.

പുതുതലമുറ RC200, RC390 എന്നിവ ഉത്സവ സീസണിലോ ഡിസംബർ മാസത്തോടെയോ പുറത്തിറക്കുമെന്നാണ് സൂചന. ബൈക്കുകൾക്കായുള്ള അനൗദ്യോഗിക ബുക്കിംഗും ചില ഡീലർഷിപ്പുകൾ സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്.

ഇനി മോട്ടോർസൈക്കിളുകളുടെ രൂപകൽപ്പനയിലേക്ക് കടക്കാം. RC സീരീസിൽ വരുത്തിയ വരുത്തിയ മാറ്റങ്ങൾ കൂടുതൽ പക്വതയാർന്നതും ബൃഹത്തായതുമായ ഒരു നിലപാടാണ് നൽകുന്നത്. കൂടാതെ 200, 390 മോഡലുകളിലും നിരവധി സാമ്യതകളുമുണ്ട്.

മുമ്പത്തെ ബോഡി പാനലുകളും ഫെയറിംഗും കെടിഎം പൂണമായും ഉടച്ചുവാർത്തു. RC8-ൽ നിന് പ്രചോദനം ഉൾക്കൊണ്ട രൂപമാണിതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ഫെയറിംഗ് ഡിസൈനും പുതിയ ഷഡ്ഭുജാകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റുമാണ് ബൈക്കുകളിലെ മാറ്റങ്ങളിൽ ആദ്യം ശ്രദ്ധിക്കുക.

ഡ്യുവൽ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ കൂടുതൽ പക്വതയുള്ള സിംഗിൾ-പീസ് സെറ്റപ്പിലേക്ക് മാറി. ഇരുവശത്തും പുതിയ ടേൺ സിഗ്നലുകളും ഡിആർഎല്ലുകളുമാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. പുനർനിർമ്മിച്ച ഫെയറിംഗ് ഒരു വലിയ ബൈക്കിന്റെ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.

ഇത് മികച്ച എയറോഡൈനാമിക്‌സിലേക്കും വഴിവെക്കും. ഒരു പുതിയ സബ് ഫ്രെയിമും പുതിയ ടെയിൽ ലാമ്പും ഷാർപ്പ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും പുനർരൂപകൽപ്പന ചെയ്ത പിൻഭാഗവുമാണ് പരിഷ്ക്കാരങ്ങളിലെ മറ്റൊരു പ്രധാനി.

കൂടാതെ പുതിയ സ്പ്ലിറ്റ് സീറ്റുകൾ നിലവിലെ മോഡലിലെ പോലെ അത്ര ആക്രമണാത്മകമായി ഉയർന്നിട്ടില്ലെന്നതും സ്വാഗതാർഹമായ നടപടിയാണ്. ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ ഉയർത്തിയിരിക്കുന്നത് നേരായ റൈഡിംഗ് പൊസിഷനിലേക്ക് റൈഡറിനെ ഇരുത്തും. എന്നാൽ ഫുട്പെഗുകൾ സ്പോർട്‌സ് ബൈക്കുകൾക്ക് സമാനമായ രീതിയിൽ തന്നെയാണ് നൽകിയിരിക്കുന്നത്.

പരിഷ്ക്കരിച്ച എർഗണോമിക്‌സ് RC സീരീസിനെ ഒരു ടൂറിംഗ് സൗഹൃദവും ട്രാക്ക് അധിഷ്ഠിതവുമാക്കി മാറ്റിയേക്കാം. അതേസമയം പുതിയ മൾട്ടി-സ്പോക്ക് അലോയ് വീലുകളും ടോഗിൾ സ്വിച്ചുകളുള്ള ഒരു പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോളും മോഡലുകളിൽ വാഗ്‌ദാനം ചെയ്യും.

അതേ 373 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഫ്യുവൽ-ഇൻജക്റ്റഡ് എഞ്ചിനാകും RC390 പതിപ്പിന് തുടിപ്പേകുക. ഇത് പരമാവധി 43.5 bhp കരുത്തിൽ 36 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ആറ് സ്പീഡായിരിക്കും ഗിയർബോക്‌സ്.

2022 കെടിഎം RC200 199.5 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനും മുമ്പോട്ടുകൊണ്ടുപോകും. ഈ യൂണിറ്റ് 25 bhp പവറും 19 Nm torque ഉം വികസിപ്പിക്കുന്നത് തുടരും. ആറ് സ്പീഡ് ഗിയർബോക്‌സുമായി തന്നെയാകും ഈ എഞ്ചിനും ജോടിയാക്കുക.

2022 RC390 ഓറഞ്ച്, ബ്ലൂ മിശ്രിതങ്ങളുള്ള പുതിയ ഫ്ലാംബോയന്റ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇത് 1290 സൂപ്പർ ഡ്യൂക്ക് R പതിപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം ബ്ലാക്ക്, യെല്ലോ, വൈറ്റ് ഷേഡുകൾ ഉള്ള ഒരു കോമ്പോയും പുതിയ RC390-യിൽ ഇടംപിടിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.


Click it and Unblock the Notifications








