പുത്തൻ മോൺസ്റ്റർ ഇന്ത്യയിലേക്ക്, അരങ്ങേറ്റം സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെയെന്ന് ഡ്യുക്കാട്ടി
പ്രശസ്ത ഇറ്റാലിയൻ സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളായ മോൺസ്റ്ററിന്റെ 2021 മോഡലിനെ ഇന്ത്യയിലും അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് ഡ്യുക്കാട്ടി. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെയാകും ഈ ഐതിഹാസിക ബൈക്കിന്റെ പുത്തൻ ആവർത്തനം വിപണിയിലെത്തുക.

ഒരു സ്വകാര്യ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ ഡ്യുക്കാട്ടി ഇന്ത്യ മാനേജിംഗ് ഡയറക്ടർ ബിപുൽ ചന്ദ്രയാണ് 2021 മോൺസ്റ്ററിന്റെ അവതരണത്തെക്കുറിച്ചുള്ള സ്ഥിരീകരണം നടത്തിയത്.

കൊവിഡ്-19 നിയന്ത്രണങ്ങൾ കാരണം ഡ്യുക്കാട്ടിയുടെ തായ്‌ലൻഡ് പ്ലാന്റിൽ മോൺസ്റ്ററിന്റെ ഉത്പാദനം തടസപ്പെട്ടിരിക്കുകയാണ്. നിർമാണം പുനരാരംഭിച്ചാലുടൻ ഇന്ത്യക്കായുള്ള യൂണിറ്റുകൾ അവിടെ നിന്ന് ഉടൻ പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
MOST READ: പുതുക്കിയ 2021 മോഡൽ സ്പീഡ് ട്വിൻ അവതരിപ്പിച്ച് ട്രയംഫ്, ഇന്ത്യയിലേക്കും ഉടൻ

മുൻഗാമിയെ അപേക്ഷിച്ച് പുതിയ ഡ്യുക്കാട്ടി മോൺസ്റ്ററിന് തികച്ചും വ്യത്യസ്തമായ ഡിസൈൻ ഭാഷ്യമാണുള്ളത്. കൂടാതെ മോൺസ്റ്റർ ഡിസൈനിലെ ഏറ്റവും വ്യത്യസ്തമായ സിഗ്നേച്ചർ ഘടകങ്ങളിലൊന്നായ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനെ ഇത്തവണ ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്.

മോൺസ്റ്ററിന്റെ രൂപകൽപ്പനയുടെയും ഘടനയുടെയും ഏറ്റവും സവിശേഷമായ ഘടകങ്ങളിലൊന്നായ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിന് പകരം ഭാരം കുറഞ്ഞ അലുമിനിയം ഫ്രണ്ട് ഫ്രെയിമാണ് കമ്പനി ഇത്തവണ നൽകിയിരിക്കുന്നത്.

മുൻതലമുറ മോൺസ്റ്ററിന്റെ ഫ്രെയിമിനേക്കാൾ 4.5 കിലോഗ്രാം ഭാരം കുറവാണ്. ഭാരം കുറഞ്ഞ കാസ്റ്റ്-അലുമിനിയം വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ഇരട്ട-വശങ്ങളുള്ള സ്വിംഗാർം, ഗ്ലാസ് ഫൈബർ റിൻഫോഴ്‌സ്ഡ് പോളിമർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുനർരൂപകൽപ്പന ചെയ്ത റിയർ സബ്‌ഫ്രെയിം എന്നിവയും പുതിയ മോഡലിന്റെ ഭാരം കുറയ്ക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

മൊത്തത്തിൽ മോൺസ്റ്റർ 821 നേക്കാൾ 18 കിലോഗ്രാം കുറവാണ് 2021 മോഡലിന്. ഇറ്റാലിയൻ ബ്രാൻഡിന്റെ നിരയിൽ സ്‌ക്രാംബ്ലറിന് ശേഷം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് മോൺസ്റ്റർ എന്നതും എടുത്തുപറയേണ്ട കാര്യമാണ്.
MOST READ: ട്രൈഡന്റ് 660 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച് ട്രയംഫ്

യൂറോ-5 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 2021 ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ 11-ഡിഗ്രി ടെസ്റ്റസ്ട്രെറ്റ ലിക്വിഡ്-കൂൾഡ്, ട്വിൻ സിലിണ്ടർ എഞ്ചിൻ ഇപ്പോൾ 937 സിസി യൂണിറ്റ് ഉപയോഗിച്ച് ഡ്യുക്കാട്ടി മാറ്റിസ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.

ആറ് സ്പീഡ് ഗിയർബോക്സ് യൂണിറ്റിലേക്ക് ജോടിയാക്കിയ ഈ പുതിയ എഞ്ചിൻ 9,250 rpm-ൽ 110 bhp കരുത്തും 6,500 rpm-ൽ 93 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സജ്ജീകരണത്തിനായി അപ്സൈഡ് ഡൗൺ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, ലോഞ്ച് കൺട്രോൾ, മൂന്ന് റൈഡിംഗ് മോഡുകൾ, സ്പോർട്ട്, അർബൻ, ടൂറിംഗ് എന്നിവ ഉൾക്കൊള്ളുന്ന പുതിയ മോൺസ്റ്ററിലെ ഇലക്ട്രോണിക്സ് സമഗ്രമാണ്.

അതോടൊപ്പം 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയിലൂടെ ഇലക്ട്രോണിക്സ് സ്യൂട്ടിന്റെ എല്ലാ ക്രമീകരണങ്ങളും ഇഷ്ടാനുസൃതമാക്കാം. കൂടാതെ മുകളിലേക്കും താഴേക്കുമുള്ള ക്വിക്ക് ഷിഫ്റ്ററും സ്റ്റാൻഡേർഡാണ്.

ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ R, കവസാക്കി Z900 എന്നീ മോഡലുകളുമായാകും 2021 ഡ്യുക്കാട്ടി മോൺസ്റ്റർ മാറ്റുരയ്ക്കുക. ഇന്ത്യയിൽ 10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയായിരിക്കും ബൈക്കിനായി മുടക്കേണ്ടി വരിക.


Click it and Unblock the Notifications








