ടേൺ-ബൈ-ടേൺ നാവിഗേഷനുമായി പുതിയ ഗ്ലാമർ എക്‌സ്ടെക് വേരിയന്റ്; വില 78,900 രൂപ
ഇന്ത്യൻ വിപണിയിൽ പുതിയ ഗ്ലാമർ എക്‌സ്ടെക് അവതരിപ്പിച്ച് ഹീറോ മോട്ടോകോർപ്. ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ പുതിയ പതിപ്പും വിൽപ്പനയ്ക്ക് എത്തുന്നത്.

പുതിയ ഗ്ലാമർ എക്‌ടെക് ഡ്രമ്മിന് 78,900 രൂപയും ഡിസ്ക്ക് വേരിയന്റിന് 83,500 രൂപയുമാണ് രാജ്യത്തെ എക്സ്ഷേറൂം വില. ഹീറോയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്ന എക്‌സ്‌ടെക് പേര് ഗ്ലാമറിന്റെ പുതിയ വേരിയന്റിനായി ഉപയോഗിക്കുകയായിരുന്നു കമ്പനി.

ഗ്ലാമറിന്റെ ഏറ്റവും പുതിയ ആവർത്തനം സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളിനേക്കാൾ നിരവധി പുതിയ സവിശേഷതകളാണ് ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തുന്നത്. അതിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫംഗ്ഷൻ, ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റം, ഇന്റഗ്രേറ്റഡ് യുഎസ്ബി ചാർജർ, എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയെല്ലാം ഹീറോ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ കൂടുതൽ വിവരങ്ങൾ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പ്രദർശിപ്പിക്കും എന്നതും ശ്രദ്ധേയമാണ്. അതിൽ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഇക്കോ മോഡ്, ടാക്കോമീറ്റർ, ലൈവ് മൈലേജ് ഇൻഡിക്കേറ്റർ (ആർടിഎംഐ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഗ്ലാമർ എക്‌സ്ടെക്കിലെ റൈഡർ എയ്ഡുകളിൽ സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, ബാങ്ക് ആംഗിൾ സെൻസർ എന്നിവ ഉൾപ്പെടുന്നു. വീഴ്ചയുണ്ടായാൽ ബാങ്ക്-ആംഗിൾ-സെൻസർ എഞ്ചിൻ കട്ട്-ഓഫ് ചെയ്യുകയും ചെയ്യുന്ന സവിശേഷത വരെ ഹീറോ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നകാര്യം വരെ കൗതുകമുണർത്തുന്നുണ്ട്.

3D ബ്രാൻഡിംഗ്, റിം ടേപ്പുകൾ, പുതിയ മാറ്റ് കളറിനായുള്ള ബ്ലൂ ആക്സന്റുകൾ എന്നിവ എക്‌സ്ടെക് വേരിയന്റിലെ സ്റ്റൈലിംഗ് സൂചകങ്ങളിൽ ഉൾപ്പെടുന്നു. സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ പ്രീലോഡായി ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് ഹീറോ നൽകിയിരിക്കുന്നത്.

അടിസ്ഥാന വേരിയന്റിൽ രണ്ട് വീലുകളിലും ഡ്രം ബ്രേക്കുകളാണ് ഇടംപിടിച്ചിരിക്കുന്നത്. അതേസമയം പ്രീമിയം മോഡലിന് മുൻവശത്ത് 240 mm റോട്ടർ ഡിസ്ക്കാണ് ഹീറോ സമ്മാനിച്ചിരിക്കുന്നത്.

അതേ ബിഎസ്-VI കംപ്ലയിന്റ്, 125 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഗ്ലാമർ എക്‌സ്ടെക്കിനും തുടിപ്പേകുന്നത്. ഇത് 7,500 rpm-ൽ 10.7 bhp കരുത്തും 6,000 rpm-ൽ 10.6 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ബൈക്കിന്റെ മറ്റ് സവിശേഷതകളിൽ ഓട്ടോ സെയിൽ ടെക്‌നോളജിക്കൊപ്പം ഹീറോ മോട്ടോകോർപ്പിന്റെ വിപ്ലവകരമായ i3s എന്ന ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, ഓട്ടോ സെയിൽ ടെക്നോളജി എന്നിവയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications








