ബൈക്കുകളിലെ രാജാവ്, പുതിയ 2021 ഗോൾഡ് വിംഗ് ടൂറിനെ അവതരിപ്പിച്ച് ഹോണ്ട; പ്രാരംഭ വില 37.20 ലക്ഷം രൂപ
മോട്ടോർസൈക്കിളുകളുടെ അവസാനവാക്കാണ് ഹോണ്ടയുടെ ഗോള്‍ഡ് വിംഗ്. ബൈക്കുകളിലെ രാജാവ് എന്നുവിളിക്കാവുന്ന ഈ പ്രീമിയം മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത സമാനതകളിലാത്ത സാങ്കേതികവിദ്യയും ആഢംബരവും തന്നെയാണ്.

ദേ ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ബിഎസ്-VI പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ച് പുതുയുഗത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമാണ കമ്പനി.

ആഢംബര ക്രൂയിസർ ബൈക്കിന്റെ ഏറ്റവും പുതിയ ആവർത്തനത്തിന് 37.20 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സോഷറൂം വില ആരംഭിക്കുന്നത്. പേൾ ഗ്ലെയർ വൈറ്റ് പെയിന്റിൽ ലഭ്യമാകുന്ന മാനുവൽ ട്രാൻസ്മിഷൻ വേരിയന്റിന് 37,20,342 രൂപയാണ് വില.

2021 ഗോള്‍ഡ് വിംഗ് ഡിസിടി മോഡൽ ഗൺമെറ്റൽ ബ്ലാക്ക് മെറ്റാലിക്കിൽ മാറ്റ് മോറിയൻ ബ്ലാക്ക് ഉപയോഗിച്ച് വിൽക്കുന്ന വേരിയന്റിന് 39,16,055 രൂപയും മുടക്കേണ്ടി വരും. മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് രാജ്യത്തെ പ്രീമിയം മോട്ടോർസൈക്കിൾ ഔട്ട്‌ലെറ്റുകളായ ഹോണ്ട ബിഗ് വിംഗ് ടോപ്‌ലൈനിൽ ആരംഭിച്ചിട്ടുണ്ട് കമ്പനി.

ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 2021 മോഡൽ നിരവധി മെക്കാനിക്കൽ അപ്‌ഗ്രേഡുകൾ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. 2021 ഹോണ്ട ഗോൾഡ് വിംഗ് ടൂറിന് ബിഎസ്-VI കംപ്ലയിന്റ് 1,833 സിസി, ഫ്ലാറ്റ്-സിക്‌സ്, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് തുടിപ്പേകുന്നത്.

ഇത് 5,500 rpm-ൽ 124.7 bhp കരുത്തും 4,500 rpm-ൽ 170 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകൾ ഉപയോഗിച്ച് മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാം.

നവീകരിച്ച ഓഡിയോ, സ്പീക്കർ സിസ്റ്റം, ഏഴ് ഇഞ്ച് ടിഎഫ്ടി സ്‌ക്രീൻ, ഗൈറോകോംപാസ് നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, സ്മാർട്ട് കീ ഓപ്പറേഷൻ, ടൂർ, സ്‌പോർട്ട്, ഇക്കോൺ, റെയിൻ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകൾ തുങ്ങിയ അത്യാഢംബര സവിശേഷതകളോടെയാണ് 2021 മോഡൽ നിരത്തിലെത്തുന്നത്.

അതോടൊപ്പം ഹിൽ സ്റ്റാർട്ട് അസിസ്റ്റ്. എബിഎസ്, ഹോണ്ട സെലക്ടബിൾ ടോർഖ് കൺട്രോൾ, ഡ്യുവൽ കോമ്പൈൻഡ് ബ്രേക്ക് സിസ്റ്റം, ഐഡ്ലിംഗ് സ്റ്റോപ്പ് (ഡിസിടി വേരിയന്റിൽ മാത്രം) എന്നിവ 2021 ഹോണ്ട ഗോൾഡ് വിംഗിന്റെ ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ ഉൾപ്പെടുന്നു.

പൂർണ എൽഇഡി ലൈറ്റിംഗ്, ഇലക്ട്രോണിക് ക്രമീകരിക്കാവുന്ന സ്‌ക്രീനുള്ള ഫെയറിംഗ് ഡിസൈൻ, റിയർ വ്യൂ മിറർ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ, 21.1 ലിറ്റർ ഫ്യുവൽ ടാങ്ക്, ലഗേജ് പന്നിയർ തുടങ്ങിയ സവിശേഷതകളിൽ നിന്നും 2021 മോഡലിന് പ്രയോജനം ലഭിക്കുന്നുണ്ട്.

മോട്ടോർസൈക്കിളിലെ ഹാർഡ്‌വെയറിൽ സസ്‌പെൻഷൻ നിർവഹിക്കുന്നതിനായി മുൻവശത്ത് ഇരട്ട വിസ്‌ബോണും പിന്നിൽ ഒരു പ്രോ ലിങ്ക് സിസ്റ്റവും ഉൾപ്പെടുന്നു. ബ്രേക്കിംഗിനായി മുൻവശത്ത് ആറ് പിസ്റ്റൺ കോളിപ്പറുകളുള്ള ഇരട്ട 320 mm ഡിസ്ക്കും പിന്നിൽ മൂന്ന് പിസ്റ്റൺ കോളിപ്പറുള്ള 316 mm റോട്ടറുമാണ് ഹോണ്ട ഗോൾഡ് വിംഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








