പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വിപണിയിൽ എത്തിയിരിക്കുകയാണ് കവസാക്കിയുടെ 2021 മോഡൽ നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്. കഴിഞ്ഞ വർഷം ജൂലൈയിൽ വിപണിയിൽ എത്തിയ നിഞ്ച ശ്രേണിയിലെ ഇത്തിരി കുഞ്ഞന് ലഭിക്കുന്ന ആദ്യ പരിഷ്ക്കരണമാണിത്.

ഫുള്ളി-ഫെയർഡ് ശൈലിയിൽ പൂർത്തിയാക്കിയ കവസാക്കി നിഞ്ച ZX-25R ഇന്തോനേഷ്യയിലാണ് നിർമിക്കുന്നത്. നിലവിൽ തെരഞ്ഞെടുത്ത ഏതാനും അന്താരാഷ്ട്ര വിപണികളിൽ ഈ പ്രീമിയം സ്പോർട്‌സ് ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നുമുണ്ട്.

ഭാരം കുറഞ്ഞ 250 സിസി സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിനെ കാര്യക്ഷമമായ ട്രാക്ക് മെഷീനായും മികച്ച പ്രതിദിന കമ്മ്യൂട്ടർ മോഡലായും ഉപയോഗിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സ്റ്റാൻഡേർഡ്, സ്‌പെഷ്യൽ എഡിഷൻ എന്നീ രണ്ട് വേരിയന്റുകളിലാണ് നിഞ്ച ZX-25R വിൽപ്പനയ്ക്ക് എത്തുന്നത്. പുതിയ പരിഷ്ക്കാരത്തിൽ സ്റ്റാൻഡേർഡ് മോഡൽ മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് ഫിനിഷിൽ മാത്രമേ ലഭ്യമാകൂ.

മറുവശത്ത് നിഞ്ച ZX-25R സ്പെഷ്യൽ എഡിഷൻ മോഡൽ ലൈം ഗ്രീൻ/ പേൾ ബ്ലിസാർഡ് വൈറ്റ്, മെറ്റാലിക് ഗ്രാഫൈൻ സ്റ്റീൽ ഗ്രേ, പാഷൻ റെഡ് / പേൾ ബ്ലിസാർഡ് വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

കളർ ഓപ്ഷനിൽ പുതുമ കൊണ്ടുവന്നിട്ടുണ്ടെങ്കിലും മെക്കാനിക്കൽ സവിശേഷതകളിൽ കമ്പനി പരിഷ്ക്കാരം ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. ഏറ്റവും പുതിയ ആവർത്തനത്തിലൂടെ മോട്ടോർസൈക്കിൾ അതിന്റെ മൊത്തത്തിലുള്ള ഡിസൈൻ നിലനിർത്തുന്നു.

ശരിക്കും 250 സിസി മോഡലിന്റെ രൂപകൽപ്പന സ്റ്റാൻഡേർഡ് നിഞ്ച 400-ന് സമാനമാണ്. സ്റ്റാൻഡേർഡ് നോൺ-എബിഎസ് വേരിയന്റിനായി 98,850,000 IDR ആണ് മുടക്കേണ്ടത്. അതായത് ഏകദേശം 5.10 ലക്ഷം രൂപ. എബിഎസിനൊപ്പം വരുന്ന സ്‌പെഷ്യൽ എഡിഷൻ വേരിയന്റിന് IDR 116,000,000 വിലയും നൽകണം.

വില കുറഞ്ഞ എൻട്രി ലെവൽ ക്വാർട്ടർ-ലിറ്റർ സൂപ്പർബൈക്കുകൾ വിപണിയിൽ ഉണ്ടെങ്കിലും ഇൻലൈൻ-4 സിലിണ്ടർ ലിക്വിഡ്-കൂൾഡ് 250 സിസി എഞ്ചിനോടെ എത്തുന്ന നിഞ്ച ZX-25R കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.

മോട്ടോർസൈക്കിളിന്റെ 250 സിസി എഞ്ചിൻ 15,500 rpm-ൽ 51 bhp കരുത്തും 14,500 rpm-ൽ 22.9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സുഗമവും കൃത്യവുമായ ഗിയർഷിഫ്റ്റുകൾക്കായി ഒരു സ്ലിപ്പർ ക്ലച്ച് അസിസ്റ്റ് ഉള്ള ആറ് സ്പീഡ് ഗിയർബോക്സിലേക്ക് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നു.


Click it and Unblock the Notifications








