പ്ലാന്റിന്റെ ആദ്യഘട്ടം പൂർത്തിയായി; ഉത്പാദനത്തിലേക്ക് അടുത്ത് ഓല ഇ-സ്‌കൂട്ടർ
രാജ്യത്ത് പെട്രോൾ, ഡീസൽ വില ദിവസവും കൂടുമ്പോൾ ആളുകളെല്ലാം ബദൽ മാർഗങ്ങളിലേക്ക് തിരിയുകയാണ്. ഇലക്‌ട്രിക്കാണ് ഭാവിയെന്ന് ജനങ്ങൾക്കും മനസിലായി തുടങ്ങിയതോടെ ഇവി വിപണിയും ഉണർന്നു.

ഫെയിം II സബ്‌സിഡി പോലുള്ള പദ്ധതികളും പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ജനപ്രീതി വർധിച്ചു. അതിന്റെ ഭാഗമായി ഓല ഇലക്ട്രിക് ഇന്ത്യയിലേക്ക് പുതിയൊരു ഇലക്‌ട്രിക് ഇരുചക്ര വാഹനവുമായി മുന്നോട്ടുവരികയാണ്.

ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയ്ക്ക് ഒരുങ്ങുമ്പോൾ ഇവികളുടെ ഏറ്റവും വലിയ പോരായ്മയായ ചാർജിംഗ് സംവിധാനങ്ങളും ഇതിനൊപ്പം ഓല വളർത്തിയെടുക്കുകയാണ്. നിരവധി ഇന്ത്യൻ നഗരങ്ങളിലുടനീളം കമ്പനി 'ഹൈപ്പർചാർജർ നെറ്റ്‌വർക്ക്' സ്ഥാപിച്ചാണ് കരുത്താർജിക്കുന്നത്.

ഇതുവഴി രാജ്യത്തെ 400 നഗരങ്ങളിൽ ഒരു ലക്ഷം ചാർജിംഗ് പോയിന്റുകൾ ഒരുങ്ങും. കമ്പനിയുടെ പുതിയ പ്ലാന്റ് ഇന്ത്യയിലെ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ 2,400 കോടി രൂപ മുതൽമുടക്കിയാണ് നിർമിക്കുന്നത്.

ഇത് ലോകത്തിലെ ഏറ്റവും വലിയ ഇ-സ്കൂട്ടർ നിർമാണ കേന്ദ്രമായാകും അറിയപ്പെടുക. അടുത്തിടെ ഓല ഗ്രൂപ്പ് സിഇഒ ഭാവിഷ് അഗർവാൾ അവരുടെ നിർമാണ പ്ലാന്റിനെക്കുറിച്ച് രസകരമായ ഒരു വിവരവും ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

നിർമാണശാലയുടെ ഒന്നാം ഘട്ടം പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. വെറും നാല് മാസത്തിനുള്ളിൽ ഈ സ്ഥലം ലോകത്തിലെ ഏറ്റവും വലിയ 2W ഫാക്ടറിയായി മാറി.

ഓല തങ്ങളുടെ ഭാവി ഫാക്ടറിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയെന്നും സ്കൂട്ടറുകൾ ഉടൻ വിപണിയിലേക്ക് എത്തുമെന്നുമാണ് ഭാവിഷ് അഗർവാൾ വ്യക്തമാക്കിയിരിക്കുന്നത്. പ്ലാന്റ് പൂർത്തിയായാൽ പുതിയ ഓല ഇ-സ്കൂട്ടർ ഈ ഫാക്‌ടറിയിലാകും പൂർണമായും നിർമിക്കുക.

പ്രതിവർഷം രണ്ട് ദശലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിക്കാനും പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിന് ശേഷിയുണ്ടാകും എന്ന കാര്യവും ശ്രദ്ധേയമാണ്. ഓരോ 2 സെക്കൻഡിലും 1 സ്കൂട്ടർ പുറത്തിറക്കാൻ ശേഷിയുള്ള 10 അസംബ്ലി ലൈനുകളും പ്രതിദിനം മൊത്തം 25,000 ബാറ്ററികളുമാണ് പുതിയ പ്ലാന്റിൽ ഉത്പാദിപ്പിക്കുക.

ഈ മെയ്ഡ് ഇൻ ഇന്ത്യ ഇ-സ്കൂട്ടറുകൾ ഇന്ത്യയിൽ മാത്രമല്ല യൂറോപ്പ്, യുകെ, ലാറ്റിൻ അമേരിക്ക, ഏഷ്യ പസഫിക്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഉത്പാദിപ്പിക്കും.

പുതിയ ഓല ഇലക്ട്രിക് സ്കൂട്ടറിനെ ചിത്രങ്ങളിലൂടെ കമ്പനി ഔദ്യോഗികമായി പരിചയപ്പെടുത്തിയിരുന്നു. 100-150 കിലോമീറ്റർ ശ്രേണിയും മണിക്കൂറിൽ 0-45 കിലോമീറ്റർ വേഗതയും കൈവരിക്കാൻ ഈ മോഡൽ പ്രാപ്‌തമായിരിക്കും.

ഇതിന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്ലൗഡ് ബേസ്ഡ് കണക്റ്റിവിറ്റി, മുന്നിലും പിന്നിലും ടെലിസ്‌കോപ്പിക് സസ്‌പെൻഷൻ, ലിഥിയം അയൺ ബാറ്ററി പായ്ക്ക് എന്നിവ ലഭിക്കും. അലോയ് വീലുകളും ഇവിയുടെ സവിശേഷതയായിരിക്കും.


Click it and Unblock the Notifications








