ഹിമാലയന് പുതിയൊരു വേരിയന്റ് കൂടി എത്തുമെന്ന് സൂചന, സ്പൈ ചിത്രങ്ങൾ കാണാം
ഹിമാലയൻ അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കാൻ തയാറെടുക്കുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്.

അതിന്റെ ഭാഗമായി ബൈക്കിന്റെ ചില പരീക്ഷണയോട്ടവും അടുത്തിടെ നടത്തുകയുണ്ടായി. കൂടുതൽ ഓൺ-റോഡ് അധിഷ്‌ഠിത പരിഷ്ക്കാരങ്ങളുമായാണ് ഹിമാലയൻ പരീക്ഷണത്തിനിറങ്ങിയത്.

ഒരു ചെറിയ ഫ്രണ്ട് വീൽ, ഫ്രണ്ട് ജെറി-കാൻ ഹോൾഡർ ഫ്രെയിം, ഫോർക്ക് ഗേറ്ററുകൾ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, ഉയർത്തിയ ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ വിൻഡ്സ്ക്രീൻ, ഫോർക്ക് ഗെയ്റ്ററുകൾ എന്നിവ ടെസ്റ്റ് മോഡലിൽ കാണുന്നില്ല.

കൂടാതെ ഫ്രണ്ട് ഫ്രെയിമിന് പകരമായി ഒരു ടാങ്ക് ആവരണവും ബൈക്കിൽ ഇടംപിടിച്ചിരുന്നു. ഈ മാറ്റങ്ങൾക്ക് പുറമെ പുതിയ മോട്ടോർസൈക്കിൾ ഹിമാലയന്റെ നിലവിലെ അഡ്വഞ്ചർ പതിപ്പിൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും വഹിച്ചിരുന്നില്ല.

അതായത് സ്‌പോക്ക്ഡ് റിമ്മുകൾ, ഉയർന്ന എക്‌സ്‌ഹോസ്റ്റ്, ഉയർത്തിയ ഹാൻഡിൽബാർ തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അതേപടി നിലനിർത്തിയിട്ടുണ്ടെന്ന് സാരം. മേക്ക്-ഇറ്റ്-യുവർ-ഓൺ പ്രോഗ്രാമിന് കീഴിൽ നിലവിൽ ഒരു ആക്സസറിയായി വാഗ്ദാനം ചെയ്യുന്ന അതേ പന്നിയറും പരീക്ഷണയോട്ടത്തിന് വിധേയമായ മോഡലിൽ ഉണ്ടായിരുന്നു.

ഹിമാലയന്റെ പുതിയ വേരിയന്റ് ഓൺ-റോഡ് അധിഷ്‌ഠിത ആക്സസറികളും വാഗ്ദാനം ചെയ്തേക്കാം. 411 സിസി സിംഗിൾ സിലിണ്ടർ SOHC എയർ / ഓയിൽ-കൂൾഡ് എഞ്ചിനാണ് റോയൽ എൻഫീൽഡ് ഹിമാലയന് തുടിപ്പേകുന്നത്.

മോട്ടോർസൈക്കിളിന്റെ വരാനിരിക്കുന്ന ഓൺ-റോഡ് പതിപ്പും സമാന എഞ്ചിൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ 411 സിസി യൂണിറ്റ് 6500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4000-4500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനടുത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക യൂണിറ്റായി തുടരുന്ന ട്രിപ്പർ നാവിഗേഷൻ സംവിധാനവും 2021 ഹിമാലയൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി സ്മാർട്ട്‌ഫോണുമായി ജോടിയാക്കിയാൽ ടേൺ-ബൈ-ടേൺ നാവിഗേഷനായി ഉപയോഗിക്കാവുന്ന ചെറിയ ടിഎഫ്ടി കളർ ഡിസ്‌പ്ലേയാണിത്. ആൻഡ്രോയിഡ് അല്ലെങ്കിൽ iOS ഉപയോക്താക്കൾക്ക് ലഭ്യമായ റോയൽ എൻഫീൽഡ് അപ്ലിക്കേഷനിലേക്ക് ഒരു സ്മാർട്ട്‌ഫോൺ ജോടിയാക്കുന്നതിലൂടെ ട്രിപ്പർ നാവിഗേഷൻ സജീവമാക്കാനാകും.


Click it and Unblock the Notifications








