നിശബ്‌ദ വിപ്ലവത്തിനെത്തിയവർ, 2022-ൽ പുറത്തിറങ്ങിയ മികച്ച ഇലക്‌ട്രിക് ടൂവീലറുകൾ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ധന വിലയിലുണ്ടായ വൻ കുതിപ്പും അതോടൊപ്പം താളംതെറ്റിയ ജീവിതചെലവും നിയന്ത്രിക്കാൻ ആളുകൾ അവരുടെ ദൈനംദിന ജീവിതത്തിൽ പെട്രോൾ അടിച്ച് പോക്കറ്റ് കാലിയാവാതിരിക്കാൻ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെയും കൂടെക്കൂട്ടാൻ തീരുമാനിച്ച വർഷമായിരുന്നു 2022.
പെട്രോൾ വില വർധിക്കുന്നതും സർക്കാർ നൽകുന്ന സബ്‌സിഡിയും ഇലക്‌ട്രിക് ടൂവീലറുകളുടെ രാശി തെളിയാനും കാരണമായി. ദൈനംദിന യാത്രാമാർഗമായി ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നവർക്ക് പെട്രോൾ അടിക്കുക എന്നത് വളരെ ചെലവേറിയ കാര്യങ്ങളിൽ ഒന്നാണ്. ഇത്തരം ആളുകളാണ് കൂടുതലായും ഇവികൾ തെരഞ്ഞെടുക്കുന്നത്. ഒരു ദിവസത്തെ ഓട്ടത്തിനായി ഓഫീസ് കെട്ടിടത്തിലോ രാത്രി മുഴുവൻ വീട്ടിലോ വാഹനം ചാർജ് ചെയ്യാം. അങ്ങനെ പെട്രോൾ പമ്പിൽ കയറി പണം മുടക്കുന്ന കാര്യം ഉപേക്ഷിക്കാനാവും. ഈ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഏറ്റവും മികച്ച നാല് ഇലക്ട്രിക് ടൂവീലറുകളെ ഒന്നു പരിചയപ്പെട്ടാലോ?

ഏഥർ 450X Gen 3
ഇന്ത്യൻ വിപണിയിൽ ആദ്യമായി ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയ വാഹന നിർമാതാക്കളിൽ ഒരാളാണ് ഏഥർ എനർജി. 450X നമ്മുടെ കഠിനമായ കാലാവസ്ഥയിൽ അതിന്റെ വിശ്വാസ്യത തെളിയിച്ചാണ് ഇതുവരെ മുന്നോട്ടുപോയതും ഹിറ്റായതും. ഇതുവരെ അധികമാരും മോഡലിനെ പറ്റി അധികം തെറ്റുകുറ്റങ്ങളും പറഞ്ഞും കേട്ടിട്ടില്ല. ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾക്കൊപ്പം ടിവിഎസ് ഐക്യൂബ്, ഓല S1 പ്രോ തുടങ്ങിയ സെഗ്‌മെന്റിലെ മറ്റ് ഹൈ-സ്പീഡ് സ്‌കൂട്ടറുകളുമായുള്ള മത്സരം ഏഥർ 450X Gen 3 കൂടുതൽ രസകരമാക്കുകയാണ്.
ബ്രാൻഡ് അവരുടെ 450X ഇലക്ട്രിക് സ്കൂട്ടറിന്റെ Gen 3 പുറത്തിറക്കിയത് ഈ വർഷമായിരുന്നു. പുതിയ പരിഷ്ക്കാരത്തിൽ ഏഥർ തങ്ങളുടെ സ്‌കൂട്ടറിന്റെ ബാറ്ററി പായ്ക്ക് അപ്‌ഗ്രേഡ് ചെയ്‌തു. അതിനാൽ ഒറ്റ ചാർജിൽ ഇപ്പോൾ 105 കിലോമീറ്റർ വരെ ഇവിക്ക് സഞ്ചരിക്കാനാവും. ഇത് യഥാർഥ റോഡ് സാഹചര്യങ്ങളിലെ കണക്കാണ്. മോട്ടോറിന്റെ പരമാവധി പവർ ഔട്ട്പുട്ടും ഉയർത്തിയിട്ടുണ്ടെന്നാണ് ബെംഗളൂരൂ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയുടെ അവകാശവാദം. വിശാലമായ പിൻ ടയർ, പുതിയ റിയർവ്യൂ മിററുകൾ, ഡാഷ്‌ബോർഡിനായി 2 GB റാം എന്നിവയും ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മറ്റ് അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നു.

അൾട്രാവയലറ്റ് F77
ഇന്ത്യയിലെ ആദ്യത്തെ പെർഫോമൻസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ അൾട്രാവയലറ്റ് വികസിപ്പിച്ചെടുത്തതും വിപണിയിൽ എത്തിച്ചതുമായ വർഷമാണ് 2022. നമ്മുടെ സ്വന്തം ദുൽഖർ സൽമാന് വരെ ഷെയറുള്ള ഒരു ഇവി സ്റ്റാർട്ടപ്പ് ബ്രാൻഡാണിത്. F77 എന്ന് പേരിട്ടിരിക്കുന്ന ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത് കഴിഞ്ഞയിടയ്ക്കാണ്. 10.5 kWh ബാറ്ററി പാക്കിലാണ് അൾട്രാവയലറ്റ് F77 പായ്ക്ക് ചെയ്യുന്നത്, ഇത് ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിൽ ഏറ്റവും വലുതാണെന്നതും ശ്രദ്ധേയമാണ്. മോട്ടോർസൈക്കിളിന് ഒറ്റ ചാർജിൽ 307 കിലോമീറ്റർ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്.
അൾട്രാവയലറ്റ് F77 പെർഫോമൻസ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ ഡെലിവറി 2023 ജനുവരിയിൽ ബെംഗളൂരുവിൽ മാത്രമേ ആരംഭിക്കൂ. മറ്റ് നഗരങ്ങളിൽ ഘട്ടം ഘട്ടമായി പിന്നീട് നടക്കുകയും ചെയ്യും. നേരത്തെ ആരംഭിച്ച ബുക്കിംഗിലൂടെ അൾട്രാവയലറ്റ് F77 ലിമിറ്റഡ് എഡിഷൻ വേരിയന്റ് ഇതിനകം വിറ്റുതീർന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇത് സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് കൂടുതൽ പവറും ടോർക്കും പായ്ക്ക് ചെയ്യുന്നുണ്ട്. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 152 കി.മീ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഓല S1 എയർ
ഓല ഇലക്ട്രിക്കിന്റെ S1, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനു പിന്നാലെ പുറത്തിറക്കിയ കൂടുതൽ താങ്ങാനാവുന്ന മോഡലാണ് S1 എയർ. ഈ മോഡലിന് ഇക്കോ മോഡിൽ 101 കിലോമീറ്റർ റൈഡിംഗ് റേഞ്ച് ഉണ്ടെന്നാണ് കമ്പനി പറയുന്നത്. സ്കൂട്ടർ ഇപ്പോഴും 7 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനിലാണ് വരുന്നത്. എന്നാൽ വില കുറയ്ക്കുന്നതിനായി ഒരു ഫ്ലാറ്റ് ഫ്ലോർ, ഇരട്ട ടെലിസ്കോപ്പിക് ഫോർക്കുകൾ, ഡ്രം ബ്രേക്കുകൾ തുടങ്ങി നിരവധി മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. എല്ലാ മാറ്റങ്ങൾക്കും ശേഷം S1 എയറിന് 99 കിലോഗ്രാം ഭാരം മാത്രമാണ് വരുന്നത്. വേരിയന്റിന്റെ ഡെലിവറികൾ 2023 ഏപ്രിലിൽ ആരംഭിക്കും.
ബൗൺസ് ഇൻഫിനിറ്റി E1
ബൗൺസ് ഇൻഫിനിറ്റി അതിന്റെ ബാറ്ററിയെ ഒരു സർവീസ് ഓപ്ഷനായി അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ ബാറ്ററി സ്വാപ്പിംഗ് സമീപനത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോവുകയാണ് ചെയ്‌തിരിക്കുന്നത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ബൗൺസ് ഇൻഫിനിറ്റി E1 ഇലക്ട്രിക് സ്കൂട്ടർ 2021 ഡിസംബറിലാണ് പുറത്തിറക്കിയതെങ്കിലും വിൽപ്പന ആരംഭിച്ചത് ഈ വർഷമാണ്. ഡെലിവറികൾ 2022 ഏപ്രിലിൽ ആരംഭിച്ചു. 2 kWh ബാറ്ററി പാക്കിന് ഒറ്റ ചാർജിൽ 85 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. ബൗൺസിന്റെ ബാറ്ററി-സ്വാപ്പിംഗ് നെറ്റ്‌വർക്ക് ഉപയോഗിച്ച് ഉപഭോക്താവിന് ബാറ്ററികൾ സ്വാപ്പ് ചെയ്യാൻ കഴിയുന്ന ഒരു 'ബാറ്ററി ആസ് എ സർവീസ്' പ്രോഗ്രാമും ബൗൺസ് അവതരിപ്പിച്ചു.


Click it and Unblock the Notifications








