പുതിയ Pulsar N250, F250 മോഡലുകളുടെ വില വർധിപ്പിച്ച് Bajaj
അടുത്തിടെ പുറത്തിറക്കിയ പുതിയ പൾസർ N250, പൾസർ F250 മോട്ടോർസൈക്കിളുകളുടെ വില വർധന പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. ഈ ബൈക്കുകൾക്ക് പുറമെ ജനപ്രിയ പൾസർ 220F മോട്ടോർസൈക്കിളിന്റെ വിലയും കമ്പനി വർധിപ്പിച്ചിട്ടുണ്ട്.

പൾസർ 220F പതിപ്പിന് 660 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരുന്ന വില. ആയതിനാൽ ബൈക്കിന് 1.34 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മറുവശത്ത് പുതിയ പൾസർ F250 മോഡലിന് കമ്പനി 915 രൂപയുടെ വർധനവാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇനി 1.41 ലക്ഷം രൂപയായിരിക്കും മോട്ടോർസൈക്കിളിന്റെ പുതുക്കിയ എക്സ്ഷോറൂം വില.

അതേസമയം നേക്കഡ് N250 മോഡലിന് ബജാജ് 1180 രൂപയോളമാണ് ഉയർത്തിയിരിക്കുന്നത്. N250 വീട്ടിലെത്തിക്കാൻ ഇനി 1.39 ലക്ഷം രൂപയാണ് ഉപഭോക്താക്കൾ എക്സ്ഷോറൂം വിലയായി നൽകേണ്ടത്. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ കമ്പനി ഉൽപ്പന്ന നിരയിൽ വില നിരവധി തവണ വർധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പൾസർ ശ്രേണിയിലെ ഏറ്റവും ശക്തമായ ബൈക്കായ 2021 പൾസർ 250 ഇരട്ടകളെ ബജാജ് 1.38 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കുന്നത്. ഇതുവരെ കമ്പനി നിർമിച്ചതിൽവെച്ച് ഏറ്റവും എഞ്ചിൻ ശേഷിയുള്ള പൾസർ ബൈക്കുകളായാണ് ഇവ രൂപമെടുത്തിരിക്കുന്നത്.

125 സിസി മുതൽ 220 സിസി വരെ വ്യാപിച്ച് കിടക്കുന്ന ലൈനപ്പിലേക്ക് പുതുപുത്തൻ രണ്ട് മോഡലുകൾ കൂടി എത്തിയതോടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേക്കഡ്, സെമി ഫെയർഡ് മോഡലുകളായാണ് പൾസർ F250, പൾസർ N250 ബൈക്കുകൾ ഒരുങ്ങിയിരിക്കുന്നത്.

പുതിയ ട്യൂബുലാർ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയാണ് ബജാജ് ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾ രൂപമെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ പുതുതലമുറ എഞ്ചിനും ആധുനിക സവിശേഷതകളും കോർത്തിണക്കിയാണ് പൾസർ F250, N250 മോഡലുകളെ കമ്പനി വിപണിയിൽ എത്തിക്കുന്നതും.

രണ്ട് 250 പൾസർ ബൈക്കുകളും ഡിസൈനിന്റെ കാര്യത്തിൽ ശ്രദ്ധേയമായ ചില സമാനതകൾ പങ്കിടുന്നുണ്ടെങ്കിലും അവയുടെ പൊസിഷനിംഗും റൈഡിംഗ് സ്റ്റാൻസും തികച്ചു വ്യത്യസ്‌തമാണ്. പഴയ പൾസർ 220F പതിപ്പിന്റെ പിൻഗാമിയായാണ് 250 ഇരട്ടകളെ പുറത്തിറക്കിയിരിക്കുന്നത്. പുതിയ മോഡലുകൾ എത്തിയെങ്കിലും ഇതുവരെ മുൻഗാമിയെ വിപണിയിൽ നിന്നും പിൻവലിക്കാനും ബജാജ് തയാറായിട്ടില്ല.

പുതിയ പൾസർ 250 ഇരട്ടകൾക്ക് ബിഎസ്-VI നിലവാരത്തിലുള്ള 249.07 സിസി സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, SOHC, 2 വാൽവ്, ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 5 സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 8,750 rpm-ൽ പരമാവധി 24.5 bhp കരുത്തും 6,500 rpm-ൽ 21.5 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

അഗ്രസീവ് ഹെഡ്‌ലാമ്പ് യൂണിറ്റ്, സ്പിയർ ടേൺ സിഗ്നലുകൾ, വലിയ വിൻഡ്‌സ്‌ക്രീൻ, വൈഡ് ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ എന്നിവയാണ് പുതിയ പൾസർ F250, N250 മോട്ടോർസൈക്കിളുകളുടെ ചില പ്രധാന സവിശേഷതകൾ. നേക്കഡ്, സെമി-ഫെയർ പതിപ്പുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് അവയുടെ ഫെയറിംഗിലാണെന്നും പറയാം.

എർഗണോമിക്സിലും N250, 250F മോഡലുകൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. പൾസർ 250F കൂടുതൽ പ്രമുഖമായ മുൻവശമാണ് അവതരിപ്പിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ ഫെയറിംഗ് ടാങ്ക് ആവരണങ്ങളിലേക്കും ബജാജ് വ്യാപിപ്പിച്ചിട്ടുണ്ട്. മുൻവശത്തെ അപ്രോണിൽ സ്ഥാപിച്ചിട്ടുള്ള സ്‌പോർട്ടി റിയർ വ്യൂ മിററുകൾ ഉപയോഗിച്ച് ബൈക്കിന്റെ സ്‌റ്റൈലിംഗ് കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുന്നു.

250F വേരിയന്റിലെ ചെറുതായി ഉയർത്തിയ യൂണിറ്റിനെ അപേക്ഷിച്ച് നേക്കഡ് വേരിയന്റിന് ലോ-സെറ്റ് ഹാൻഡിൽബാറാണുള്ളത്. ഫെൻഡറുകൾ, ക്രാഷ് ഗാർഡ്, എഞ്ചിൻ കൗൾ, സ്പ്ലിറ്റ് സീറ്റുകൾ, സൈഡ് മൗണ്ടഡ് ട്വിൻ ബാരൽ എക്‌സ്‌ഹോസ്റ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, ടെയിൽ സെക്ഷൻ, റിയർ ടയർ ഹഗ്ഗർ, റിയർ എൽഇഡി ടെയിൽലൈറ്റ് എന്നിവ രണ്ട് ബൈക്കുകളിലും പൊതുവായി കാണാവുന്ന ചില സവിശേഷതകളാണ്.

ബ്രേക്കിംഗിനായി സിംഗിൾ ചാനൽ എബിഎസ് സംവിധാനത്തോടെ രണ്ട് വീലുകളിലും സിംഗിൾ ഡിസ്‌കുകളാണ് ബജാജ് പൾസർ 250 മോഡലുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം സസ്പെൻഷൻ സംവിധാനത്തിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി പ്രീലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ മോണോ ഷോക്കും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

ഐസിഇ ഇരുചക്ര വാഹനങ്ങൾ കൂടാതെ ബജാജ് ഓട്ടോ ഇപ്പോൾ ഇവി ഉത്പാദനം വർധിപ്പിക്കാൻ പദ്ധതിയിടുന്നു. പൂനെയ്ക്ക് സമീപം പുതിയ ഇലക്ട്രിക് വാഹന പ്ലാന്റിനായി 300 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ബജാജിന്റെ യഥാർത്ഥ ചേതക് സ്കൂട്ടർ ഫാക്ടറിയുടെ വീട് കൂടിയാണിത്. പ്രതിവർഷം 500,000 വൈദ്യുത വാഹനങ്ങൾ നിർമിക്കാൻ പുതിയ സൗകര്യത്തിന് സാധിക്കും.


Click it and Unblock the Notifications








