ഈ വിലയ്ക്കുള്ളതുണ്ടോ? Imperiale 400 മോഡലിന്റെ വില വർധിപ്പിച്ച് Benelli
ഇന്ത്യയിലെ പ്രീമിയം ടൂവീലർ സെഗ്മെന്റിലെ ജനപ്രിയരായവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബെനലി. പലതരം വ്യത്യസ്‌ത തരത്തിലുളള ബൈക്കുകൾ പുറത്തിറക്കിയാണ് ബെനലി ഇന്ത്യക്കാരുടെ മനംകവർന്നെടുത്തത് എന്നുതന്നെ പറയാം.
ഇപ്പോഴിതാ ബെനല ഇന്ത്യ വിപണിയിലെ മോട്ടോർസൈക്കിളുകളുടെ വില പരിഷ്‌കരിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പരിഷ്‌കരണം കമ്പനിയുടെ റെട്രോ സ്റ്റൈൽ മോഡലായ ഇംപെരിയാലെ 400 മോഡലിലാണ് ആദ്യം ബാധിക്കുന്നത്. മുൻ എക്‌സ്ഷോറൂം വിലയേക്കാൾ 21,000 രൂപയുടെ വർധനവാണ് ബൈക്കിന് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വില വർധനയോടെ റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിന് എതിരാളിയായി സ്ഥാനം പിടിച്ചിരിക്കുന്ന ബെനലി ഇംപെരിയാലെയ്ക്ക് എക്സ്ഷോറൂം വില 2,35,000 രൂപയായി മാറി. റെട്രോ ക്ലാസിക് ബൈക്കിന്റെ എല്ലാ കളർ ഓപ്ഷനുകളും ഇപ്പോൾ ഒരേ വിലയിൽ ലഭ്യമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ശരിക്കും പറഞ്ഞാൽ ബെനലി ബ്രാന്‍ഡില്‍ നിന്നും രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ ബിഎസ് VI മോട്ടോര്‍സൈക്കിളാണിത്.
ബിഎസ്-VI പതിപ്പ് ആദ്യം വിപണിയില്‍ എത്തിയപ്പോള്‍ 1.99 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വിലയായി ചൈനീസ് ഉടനസ്ഥതയിലുള്ള ഇറ്റാലിയൻ ബ്രാൻഡ് നിശ്ചയിച്ചിരുന്നത്. പിന്നീട് രണ്ട് തവണയായി വില വർധിപ്പിച്ചാണ് ഇപ്പോൾ 2.35 ലക്ഷം രൂപ വരെയായി മാറിയിരിക്കുന്നത്. ഇടയ്ക്ക് ഇംപെരിയാലെയുടെ വില 10,000 രൂപയോളം വെട്ടിക്കുറച്ചിരിക്കുകയും ചെയ്‌തിരുന്നു ബെനലി.
ഡോളറിനെതിരെ രൂപയുടെ കരുത്തും പ്രാദേശികവല്‍ക്കരണവും വര്‍ധിക്കുന്നതാണ് വില കുറയ്ക്കുന്നതിലേക്ക് അന്ന് നയിച്ചതെന്നാണ് കമ്പനി പറഞ്ഞത്. എന്നാൽ ഇന്ന് സ്ഥിതി നേരെ തിരിഞ്ഞതാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണമായിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതിനോടൊപ്പം ഇൻപുട്ട് ചെലവുകളും നിർമാണ ചെലവുകളും കുത്തനെ ഉയർന്നതാണ് വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നത്.
ഈ വില വർധനയോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിനേക്കാൾ ഇംപെരിയാലെ 400 പതിപ്പിന്റെ വില ഗണ്യമായി ഉയർന്നുവെന്നു വേണം പറയാൻ. റോയൽ എൻഫീൽഡ് ക്ലാസിക് 350 കൂടാതെ, ഇംപെരിയാലെ 400 നമ്മുടെ വിപണിയിൽ ഹോണ്ട ഹൈനസ് CB350, ജാവ സ്റ്റാൻഡേർഡ് എന്നിവയിൽ നിന്നും മത്സരം അഭിമുഖീകരിക്കുന്നുണ്ട്.
ഇന്ത്യയിൽ വിൽക്കുന്ന ബെനലിയുടെ മറ്റ് ഉൽപ്പന്നങ്ങൾക്ക് സമാനമായി ഈ വില പരിഷ്ക്കാരം മോട്ടോർസൈക്കിളിൽ കോസ്മെറ്റിക്കോ മെക്കാനിക്കൽ മാറ്റങ്ങളോ കൊണ്ടുവരുന്നില്ലെന്നും പ്രത്യേകം ഓർമിക്കണേ. പരമാവധി 20.7 bhp പവറിൽ 29 Nm torque വരെ ഉത്പാദിപ്പിക്കുന്ന അതേ 374 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനിനൊപ്പം തന്നെയാണ് ബെനലി ഇംപെരിയാലെ വിൽപ്പനയ്ക്ക് എത്തുന്നത്.
എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. റെട്രോ സ്റ്റൈലിംഗ് പായ്ക്ക് തന്നെയാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണങ്ങൾ. ഹാലൊജൻ ഹെഡ്‌ലൈറ്റ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയെല്ലാമാണ് ക്ലാസിക് ബൈക്കിന്റെ പ്രധാന സവിശേഷതകളായി എടുത്തു പറയാനാവുന്നത്. ബ്ലാക്ക്, റെഡ്, സില്‍വര്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകള്‍ ഈ ക്രൂയിസര്‍ ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.
ഇംപെരിയാലെയുടെ സസ്പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്‍ഭാഗത്ത് പ്രീ-ലോഡായി ക്രമീകരിക്കാവുന്ന ട്വിൻ ഷോക്ക് അബ്‌സോര്‍ബറുകളുമണ് ബെനലി സമ്മാനിച്ചിരിക്കുന്നത്. കൂടാതെ ബ്രേക്കിംഗിനായി മുന്നിൽ 300 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 240 mm ഡിസ്ക്കും ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സഹായത്തോടെ ക്രമീകരിച്ചിട്ടുണ്ട്.
ബൈക്കില്‍ രണ്ട് വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതോടൊപ്പം എക്സ്റ്റൻഡഡായി രണ്ട് വര്‍ഷത്തെ വാറണ്ടിയും വെവ്വേറെ വാങ്ങാനും ബെനലി ഉപഭോക്താക്കൾക്കാവും. അതോടൊപ്പം 24×7 റോഡ് സൈഡ് അസിസ്റ്റും ഇറ്റാലിയൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇംപെരിയാലെയ്ക്ക് പുറമെ വരും ദിവസങ്ങളിൽ മറ്റ് മോഡലുകളുടേയും വിലയും ബെനലി ഇന്ത്യ വർധിപ്പിക്കും.


Click it and Unblock the Notifications








