കുപ്പായം മാറ്റി G 310 R, G 310 GS മോഡലുകൾ; പുതിയ കളർ ഓപ്ഷനുകളുമായി BMW Motorrad
മോട്ടോർസൈക്കിൾ എഞ്ചിനീയറിംഗിലും ഡിസൈനിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ബിഎംഡബ്ല്യു മോട്ടോറാഡ് ലോകമെമ്പാടുമായി പ്രീമിയം ഇരുചക്ര വാഹനങ്ങൾ അവതരിപ്പിച്ച് പേരെടുത്തവരാണ്.

റെട്രോ ലെഗസി മോട്ടോർസൈക്കിളുകൾ, ജിഎസ് സീരീസിന് കീഴിലുള്ള ഓഫ്-റോഡറുകൾ, RR, XR, S സീരീസിന് കീഴിലുള്ള കോർണർ-കാർവിംഗ് ട്രാക്ക് മോഡലുകൾ, K സീരീസിന് കീഴിലുള്ള സ്‌പോർട്‍സ്-ടൂററുകൾ, C സീരീസിന് കീഴിലുള്ള മാക്സി സ്കൂട്ടറുകൾ എന്നിവയെല്ലാം ബിഎംഡബ്ല്യു മോട്ടോറാഡിന്റെ കീഴിൽ അണിനിരക്കുന്ന പ്രീമിയം ഇരുചക്ര വാഹനങ്ങളാണ്.

ഇന്ത്യയിലേക്ക് നോക്കിയാൽ G310 ഇരട്ടകളിലൂടെ പ്രശസ്‌തിയാർജിച്ച ബവേറിയൻ ബ്രാൻഡ് ബജറ്റ് എൻട്രി ലെവൽ മോട്ടോർസൈക്കിൾ നിരയിലെ പ്രമുഖരാണ്. ഇവിടെ ടിവിഎസുമായി ചേർന്ന് പ്രവർത്തിക്കുന്നത്. ഇരുബ്രാൻഡുകളും ചേർന്ന് ശക്തമായ 313 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനും പ്ലാറ്റ്‌ഫോമും വികസിപ്പിച്ചെടുത്ത് ലോകശ്രദ്ധയാകർഷിക്കുകയും ചെയ്‌തിരുന്നു.

ഇതിന്റെ ഫലമായാണ് ബിഎംഡബ്ല്യു G 310 R, G 310 GS, ടിവിഎസ് RR310 എന്നീ മോഡലുകൾ വിപണിയിൽ എത്തിയത്. 310 പതിപ്പുകളിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ മനംകവരാനായ ബിഎംഡബ്ല്യു മോട്ടോറാഡ് മോട്ടോർസൈക്കിളുകളെ പുതിയ കളർ ഓപ്ഷനുകളിൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

സയനൈറ്റ് ബ്ലൂ മെറ്റാലിക്, ലൈംസ്റ്റോൺ മെറ്റാലിക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വിപണിയിൽ എത്തിയിരുന്ന നേക്കഡ് സ്ട്രീറ്റ് G 310 R ഇനി ഈ കളർ ഓപ്ഷനുകളിൽ ലഭ്യമാവില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സയനൈറ്റ് ബ്ലൂ മെറ്റാലിക്കിന് പകരമായി പാഷൻ റേസിംഗ് റെഡ്, ലൈംസ്റ്റോൺ മെറ്റാലിക്കിന് പകരം സ്‌പോർട് പോളാർ വൈറ്റ് / റേസിംഗ് ബ്ലൂ മെറ്റാലിക് നിറങ്ങളിലായിരിക്കും ബൈക്ക് ഇനി വിപണിയിൽ എത്തുക.

ഇവ രണ്ടിലും കൂടുതൽ ശ്രദ്ധേയമായി റെഡ് നിറത്തിന്റെ അതിപ്രസരമാണ് കാണാനാവുക. റെഡ് കളറിൽ പൂർത്തിയാക്കിയ ട്രെല്ലിസ് ഫ്രെയിം, കൂടുതലും റെഡ് ഫ്യുവൽ ടാങ്ക്, റെഡ് ഫ്രണ്ട് മഡ്ഗാർഡ്, റെഡ് അലോയ് വീൽ എന്നിവ ലഭിക്കുന്നു. ഹെഡ്‌ലൈറ്റ് കൗളിലും ഇന്ധന ടാങ്കിലെ 'R' അക്ഷരങ്ങളിൽ ബിഎംഡബ്ല്യു വെറ്റ് ടച്ചും നൽകിയിട്ടുണ്ട്.

പുതിയ നിറത്തിലെത്തുന്ന G 310 R മോഡലിന് കറുപ്പിൽ പൂർത്തിയാക്കിയ എഞ്ചിൻ ബേ, എഞ്ചിൻ ഗാർഡ് എന്നിവയും ലഭിക്കുന്നുണ്ട്. കൂടാതെ സ്റ്റാൻഡേർഡ് ബിഎംഡബ്ല്യു ഗോൾഡൻ ഫ്രണ്ട് ഫോർക്കുകളും ഇതിന്റെ പ്രത്യേകതയാണ്.

സ്‌പോർട് പോളാർ വൈറ്റ് / റേസിംഗ് ബ്ലൂ മെറ്റാലിക്കിലേക്ക് നോക്കിയാൽ ഇതിനും റെഡ് ട്രെല്ലിസ് ഫ്രെയിമും അതേ കളർ ഓപ്ഷനിൽ ഒരുക്കിയ വീലുകളുമാണ് ബവേറിയൻ ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്.

എന്നാൽ പാഷൻ റേസിംഗ് റെഡ് എന്നതിലെ റെഡ് നിറത്തിന് പകരം വൈറ്റും ആ മോഡലിലെ വൈറ്റിന് പകരം മെറ്റാലിക് ബ്ലൂയുമാണ് ബിഎംഡബ്ല്യു നൽകിയിരിക്കുന്നത്. R അക്ഷരവും റെഡ് നിറത്തിലാണ് പൂർത്തീകരിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യു തങ്ങളുടെ G 310 GS അഡ്വഞ്ചർ ടൂററിന്റെ പുതിയ പതിപ്പായ പോളാർ വൈറ്റിന് പകരം ബേസിക് കോസിമിക് ബ്ലാക്ക് 3 ചേർത്തു. എഡിവി മോട്ടോർസൈക്കിളിന് ഏറ്റവും അനുയോജ്യമായ നിറം ഇതാണെന്ന് നിസംശയം പറയാം. ബ്ലാക്ക് ട്രെല്ലിസ് ഫ്രെയിം, ഫ്യൂവൽ ടാങ്കിന് മുകളിലും ഫെയറിംഗിന്റെ മുകൾ ഭാഗത്തും ഗ്ലോസ് ബ്ലാക്ക് ഫിനിഷും ബ്ലാക്ക് വീലുകളുമുണ്ട്.

അടിസ്ഥാനപരമായി പിൻഭാഗത്തെ സബ്ഫ്രെയിം ബോഡി പാനലുകളിലെ സിൽവർ ഫിനിഷും ഗോൾഡൻ ഫ്രണ്ട് അപ്സൈഡ് ഡൌൺ ഫോർക്കുകൾ കവർ ചെയ്യുന്ന ഫെയറിംഗ് എക്സ്റ്റൻഷനുകളും ഒഴികെ മറ്റെല്ലാം കറുപ്പിൽ ഒരുക്കിയിരിക്കുന്നതിനാൽ അതിമനോഹരമായാണ് ബിഎംഡബ്ല്യു G 310 GS കാണപ്പെടുന്നത്.

സ്പോർട്ട് പോളാർ വൈറ്റ് / റേസിംഗ് ബ്ലൂ മെറ്റാലിക് മറ്റൊരു ശൈലിയാണ് പിന്തുടരുന്നത്. ഇത് ട്രിപ്പിൾ ബ്ലാക്ക് ഓപ്ഷന് പകരമായി എത്തിയ കളർ ഓപ്ഷനാണ്. ഇതിന് റെഡ് നിറത്തിലുള്ള ട്രെല്ലിസ് ഫ്രെയിമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഫ്യുവൽ ടാങ്കിന്റെ മുകൾഭാഗം, ഫെയറിംഗ് ഇപ്പോൾ ബ്ലൂ നിറത്തിലാണ് നൽകിയിരിക്കുന്നതും. ബാക്കിയുള്ള ടാങ്ക് വൈറ്റിലും ബവേറിയൻ ബ്രാൻഡ് നിറത്തിൽ പൂർത്തിയാക്കി.

മോട്ടോർസൈക്കിളിന്റെ മറ്റ് ഘടകങ്ങൾ കോസിമിക് ബ്ലാക്കിന് സമാനമാണ്. സയനൈറ്റ് ബ്ലൂ മെറ്റാലിക്കിനു പകരം റാലി കലമത മെറ്റാലിക് മാറ്റാണ് ബിഎംഡബ്ല്യു G 310 GS പതിപ്പിലേക്ക് ഇടംപിടിച്ചിരിക്കുന്നത്.

ഇതിന് റെഡ് ട്രെല്ലിസ് ഫ്രെയിമും ലഭിക്കുന്നു. എന്നാൽ ഫ്യുവൽ ടാങ്കിന്റെയും ഫെയറിംഗിന്റെയും മുകൾഭാഗത്ത് ഇപ്പോൾ ഡാർക്ക് ഗോൾഡൻ ഷേഡാണ് നൽകിയിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്റെ പുതിയ സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങൾക്കൊപ്പം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും അവരെ ബ്രാൻഡിന്റെ എലൈറ്റ് മോട്ടോർസൈക്കിൾ ക്ലബിലേക്ക് ആകർഷിക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്. G 310 R മോഡലിന് ഇന്ത്യയിൽ 2.64 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം അഡ്വഞ്ചർ ടൂറർ പതിപ്പിന് 3.05 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ഇന്ത്യൻ വിപണിയിൽ കെടിഎം 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് ഹിമാലയൻ എന്നിവയുമായാണ് ബിഎംഡബ്ല്യുവിന്റെ പ്രധാന മത്സരം. ടിവിഎസ് അപ്പാച്ചെ RR 310 അടിസ്ഥാനമാക്കിയുള്ള ഫുൾ ഫെയർഡ് സ്‌പോർട്ടി മോട്ടോർസൈക്കിനെ കൂടി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.


Click it and Unblock the Notifications








