വില 64,000 രൂപ, പുതിയ Snow Plus ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുമായി Crayon Motors
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ സ്റ്റാർട്ടപ്പ് കമ്പനികളാണ് കൂടുതലും പരീക്ഷണത്തിനിറങ്ങുന്നത്. അവരാണ് ഇവികളെ രാജ്യത്ത് ഇത്രയും ജനപ്രിയമാക്കിയത് എന്നും പറയാം. ഏഥർ എനർജി, കൊമാകി പോലുള്ള ബ്രാൻഡുകളെല്ലാം തങ്ങളുടെ വൈധഗ്‌ദ്യം ഇതിനോടകം തെളിയിച്ചും കഴിഞ്ഞവരാണ്.

ദേ ഇപ്പോൾ സ്റ്റാർട്ടപ്പ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ക്രയോൺ മോട്ടോർസ് തങ്ങളുടെ ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായ സ്‌നോ പ്ലസിനെയും വിപണിയിൽ എത്തിച്ചിരിക്കുകയാണ്. 64,000 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവി ഇന്ത്യയിൽ സ്വന്തമാക്കാനാവുക.

250 വാട്ട് BLDC മോട്ടോറുമായി വരുന്നതിനാൽ സ്‌നോ പ്ലസ് എന്ന ഇലക്ട്രിക് സ്‌കൂട്ടർ ലൈറ്റ് മൊബിലിറ്റിക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്ന് കമ്പനി അറിയിച്ചു. രണ്ട് വർഷത്തെ വാറന്റിയോടെയാണ് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ വാഗ്‌ദാനം ചെയ്യുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്.

ഇ-സ്കൂട്ടറിന് മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയാണ് കൈവരിക്കാനാവുന്നത്. അതിനാൽ ഈ ഇലക്‌ട്രിക് സ്‌കൂട്ടർhg ഉപയോഗിക്കുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ലെന്നതും വിപണിയിൽ നേട്ടമാകും. 155 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമായി വരുന്ന ക്രയോൺ സ്നോ പ്ലസ് നിരവധി അത്യാധുനിക ഫീച്ചർ സവിശേഷതകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഈ ഗ്രൗണ്ട് ക്ലിയറൻസോടെ ട്യൂബ്‌ലെസ് ടയറുകളും ഡിസ്‌ക് ബ്രേക്കുകളും ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിൽ സ്ട്രെസ് ഫ്രീ റൈഡുകളാണ് ഉറപ്പാക്കിയിരിക്കുന്നത്.

അതിൽ മൊബൈൽ ഫോണിനുള്ള യുഎസ്ബി ചാർജിംഗ്, സെൻട്രൽ ലോക്കിംഗ്, ആന്റി-തെഫ്റ്റ്, നാവിഗേഷൻ (ജിപിഎസ്) എന്നിവയും ഡിജിറ്റൽ സ്പീഡോമീറ്ററും പോലുള്ള അധിക ഫീച്ചറുകളോടെയാണ് കമ്പനി പുതിയ ലോ സ്പീഡ് ഇവിയെ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്.

ലാസ്റ്റ് മൈൽ ഡെലിവറി ആപ്ലിക്കേഷനുകൾക്കും അനുയോജ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്ന വലിയ ബൂട്ട് സ്പേസോടെയാണ് ഇലക്ട്രിക് സ്കൂട്ടർ വരുന്നത് എന്ന കാര്യവും ആകർഷകമാണ്. ഫിയറി റെഡ്, സൺഷൈൻ യെല്ലോ, ക്ലാസിക് ഗ്രേ, സൂപ്പർ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയ്ക്ക് എത്തുന്നത്.

കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നഗരത്തിനുള്ളിലെ റൈഡർമാരുടെ ദൈനംദിന യാത്രകൾക്ക് ന്യായമായ വാങ്ങലാണെന്ന് ക്രയോൺ മോട്ടോർസിന്റെ സഹസ്ഥാപകനും ഡയറക്‌ടറുമായ മായങ്ക് ജെയിൻ പറഞ്ഞു. ഇന്ത്യൻ വിപണികളിൽ സ്നോ പ്ലസ് എന്ന മോഡൽ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളുടെ പ്രതീക്ഷകൾ ഈ സ്‌കൂട്ടറുകൾ നിറവേറ്റാൻ പ്രാപ്‌തമാണ്. മാത്രമല്ല ക്രയോൺ സ്നോ പ്ലസ് അവർക്ക് ചെലവ് കുറഞ്ഞതും ആഹ്ലാദകരവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും മായങ്ക് ജെയിൻ അവകാശപ്പെടുന്നു. തങ്ങളുടെ ആദ്യ ഉൽപ്പന്നം പുറത്തിറക്കിയ ക്രയോൺ മോട്ടോർസ് ഹൈ സ്പീഡ് ഇലക്ട്രിക് മൊബിലിറ്റി ഓപ്ഷനുകളിലേക്ക് മുന്നേറാനുള്ള പദ്ധതികൾ ഉണ്ടെന്നും അവതരണ വേളയിൽ പ്രത്യേകമായി എടുത്തു പറഞ്ഞു.

ഈ മാസാവസാനത്തോടെ രണ്ട് പുതിയ ഹൈസ്പീഡ് മോഡലുകൾ കൂടി പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ 100 റീട്ടെയിൽ ലൊക്കേഷനുകളിൽ പുതിയ സ്നോ പ്ലസ് ഇപ്പോൾ ലഭ്യമാകുമെന്നും ക്രയോൺസ് മോട്ടോർസ് അറിയിച്ചു. മറ്റ് മേഖലകളിലേക്ക് അധികം വൈകാതെ തന്നെ ഇലക്‌ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ബജാജ് ഫിൻസെർവ്, മണപ്പുറം ഫിനാൻസ്, ഐഡിഎഫ്‌സി ഫസ്റ്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സെസ്റ്റ് മണി, ഷോപ്പ്‌സെ, പേയ്‌ടെയിൽ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഫിനാൻസിംഗ് ബദലുകൾ നൽകുന്നതിന് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായി ക്രയോൺ മോട്ടോർസ് പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ലോ സ്പീഡ്, ഹൈ സ്പീഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ബ്രാൻഡിന് നിരവധി മോഡലുകളാണ് അണിനിരക്കുന്നത്.

അതിൽ ലോ സ്പീഡ് സെഗ്മെന്റിന് കീഴിൽ സീസ്, എൻവി, സ്നോ, സ്നോ പ്ലസ്, സൂമ്പ എന്നീ 5 മോഡലുകളാണ് ലഭ്യമാവുക. അതേസമയം ഹൈ സ്പീഡ് സെഗ്മെന്റിൽ ക്രയോൺസ് മോട്ടോർസ് ഇതുവരെ ഇലക്‌ട്രിക് മോഡലുകളൊന്നും തന്നെ പരിചയപ്പെടുത്തിയിട്ടില്ല. മുകളിൽ സൂചിപ്പിച്ചപോലെ ഈ നിരയിലേക്ക് അധികം വൈകാതെ തന്നെ എത്തുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








