കാണാൻ അൽപം വിചിത്രമാണെങ്കിലും ആള് പുലിയാണ്! 45,000 രൂപ വിലയിൽ ഇതാ ഒരു ഇ-ബൈക്ക്
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് വോൾട്രൈഡർ തങ്ങളുടെ പുതിയ ബൂട്ടി ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കി. സൈക്കിളിനും സ്കൂട്ടിക്കും ഇടയിലുള്ള ക്രോസ്ഓവർ പോലെ തോന്നിക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതാണ് ഏറ്റവും രസകരമായകാര്യം.
ബൂട്ടി 120, ബൂട്ടി 60, ബൂട്ടി 30 എന്നിങ്ങനെ ഇ-ബൈക്ക് മൂന്ന് വേരിയന്റുകളിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ആദ്യത്തേതിന് 45,000 രൂപ വിലയാണ് സ്വന്തമാക്കാനായി മുടക്കേണ്ടത്. ബൂട്ടി 120 വേരിയന്റ് 36 Ah ബാറ്ററിപായ്ക്കാണ് ഉപയോഗിക്കുന്നത്.

ത്രോട്ടിൽ മോഡിൽ 90 മുതൽ 100 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നും പെഡൽ സഹായത്തോടെ ഇത് 150 കി.മീ. ആയി വർധിപ്പിക്കാനാവുമെന്നുമാണ് വോൾട്രൈഡർ അവകാശപ്പെടുന്നത്. ഇ-ബൈക്കിന്റെ ബൂട്ടി 60 വേരിയന്റിന് 37,000 രൂപയാണ് വില. 24Ah ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഈ പതിപ്പ് ത്രോട്ടിൽ മോഡിൽ 55 മുതൽ 60 കിലോമീറ്റർ വരെയും പെഡൽ അസിസ്റ്റിനൊപ്പം 75 മുതൽ 80 കിലോമീറ്റർ വരെയും റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
ബൂട്ടി 30 വേരിയന്റിന് 30,000 രൂപയാണ് വില. 12 Ah ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഇത് ലൈവ് ത്രോട്ടിൽ മോഡിൽ 25 മുതൽ 30 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നത് കൂടാതെ പെഡൽ അസിസ്റ്റുമായി 45 മുതൽ 50 കിലോമീറ്റർ വരെ ഉയർത്താനും സാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രിക് ബൈക്കിന് പരമാവധി 25 കിലോമീറ്റർ വേഗതയാണുള്ളത്. വോൾട്രൈഡർ ബൂട്ടി പൂർണമായി ചാർജ് ചെയ്യാൻ 3.5 മണിക്കൂർ വരെ സമയം ആണ് വേണ്ടിവരിക. ഇ-ബൈക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് രണ്ട് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ്. അല്ലെങ്കിൽ ഡെലിവറി ആവശ്യങ്ങൾക്കായി ഒരു ലോഡറായി ഉപയോഗിക്കാനും കഴിയും.
അതേസമയം മറ്റ് ഇലക്ട്രിക് വാഹനങ്ങളെക്കാളും വാങ്ങലിന്റെയും നടത്തിപ്പിന്റെയും കാര്യത്തിൽ ലാഭകരമാണ് ഇതെന്നാണ് പറയപ്പെടുന്നത്. ഇ-സൈക്കിളിന് ഒരു രൂപയ്ക്ക് 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത് പ്രതിമാസം വെറും 100 രൂപ നൽകിയാൽ ഒരാൾക്ക് പ്രതിദിനം 100 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്ന് സാരം.

ഈ ഇ-ബൈക്കുകൾക്കെല്ലാം പരമാവധി 25 കിലോമീറ്റർ വേഗതയാണുള്ളത് പൂർണ്ണമായി ചാർജ് ചെയ്യാൻ 3.5 മണിക്കൂർ വരെ എടുക്കും. ബൂട്ടി 120 ഒഴികെ, മറ്റ് രണ്ട് വേരിയന്റുകളിലും റിമൂവബിൾ ബാറ്ററി പായ്ക്കുമായാണ് വരുന്നത്. ഇത് ചാർജ് ചെയ്യാൻ കൂടുതൽ സൗകര്യപ്രദമാക്കുന്നു. ബൂട്ടി ഇലക്ട്രിക് സൈക്കിളുകൾക്ക് 140 കിലോഗ്രാം വരെ ഭാരം താങ്ങാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. സൈക്കിളിന്റെയും സ്കൂട്ടിയുടെയും സംയോജനത്തിൽ നിന്നാണ് വോൾട്ടൺ ബൂട്ടി എന്ന പേര് ലഭിച്ചത്. ഒരു സ്കൂട്ടിയുടെ സുഖവും ഉപയോഗവും സൈക്കിളിന്റെ സൗകര്യവും നൽകുന്ന വിധത്തിലാണ് മോഡലിനെ മെനഞ്ഞെടുത്തിരിക്കുന്നതും.
ഈ ബൈക്കുകൾ 20×3 ഇഞ്ച് വലിയ ടയറുകളിൽ മെറ്റൽ മഡ്ഗാർഡുകളോട് കൂടിയതും ഉയർന്ന നിലവാരമുള്ള എംടിബി ബൈക്കുകളിൽ ഉപയോഗിക്കുന്ന മെഗാ ഹബ്ബുകൾ ഘടിപ്പിച്ചതുമാണെന്നതും ഹൈലൈറ്റാണ്. സുരക്ഷയാണ് ഞങ്ങളുടെ പ്രധാന ആശങ്ക, അതിലേക്കുള്ള ആദ്യപടിയായി ഞങ്ങൾ ലിഥിയം അയോൺ ബാറ്ററികളിൽ നിന്ന് വ്യത്യസ്തമായി പൊട്ടിത്തെറിക്കുകയോ തീപിടിക്കുകയോ ചെയ്യാത്ത ലിഥിയം ഫോസ്ഫേറ്റ് ബാറ്ററികൾ ഉപയോഗിക്കുന്നുവെന്ന് വോൾട്രൈഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ പ്രശാന്ത പറഞ്ഞു.
മോട്ടോർ, കൺട്രോളർ, ത്രോട്ടിൽ എന്നിവയൊഴികെ വോൾട്ടൺ ബൂട്ടി നിർമിക്കാൻ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും ഇന്ത്യയിൽ നിന്നാണ്. 1,25,000 രൂപയിലോ 1,50,000 രൂപയിലോ ആരംഭിക്കുന്ന മറ്റ് ലഭ്യമായ ഇലക്ട്രിക് ടൂവീലറുകൾ വാങ്ങാൻ സാധാരണക്കാർക്ക് സാധ്യമല്ലാത്തതിനാൽ, ദീർഘദൂര യാത്ര ആവശ്യമുള്ള ആളുകൾക്ക് താങ്ങാനാവുന്ന ഒരു മോഡൽ ലഭ്യമാക്കാൻ തങ്ങൾ ആഗ്രഹിച്ചതിന്റെ ഫലമായാണ് ബൂട്ടി ഇലക്ട്രിക് സൈക്കിൾ രൂപം കൊണ്ടതെന്നും വോൾട്രൈഡർ പറയുന്നു.
ബൂട്ടി ഇലക്ട്രിക് സൈക്കിളിന് താരതമ്യേന കുറഞ്ഞ വിലയാണുള്ളതെങ്കിലും ഒറ്റത്തവണ പടമടച്ച് വാങ്ങാൻ സാധിക്കാത്ത ഉപഭോക്താക്കൾക്കായി ആകർഷകമായ ഫിനാൻസിംഗ് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനായി ഇവി സ്റ്റാർട്ടപ്പ് എച്ച്ഡിഎഫ്‌സി ബാങ്കുമായി ഒരു കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ആധാർ കാർഡും പാൻ കാർഡും മാത്രം നൽകി ഈ ഫിനാൻസ് എളുപ്പത്തിൽ നടപ്പിലാക്കാനും സാധിക്കും.
തെരഞ്ഞെടുക്കുന്ന മോഡലിനെ ആശ്രയിച്ച് 1,600 രൂപ മുതൽ 2,500 രൂപ വരെയുള്ള പ്രതിമാസ ഗഡുക്കളോടെ ഉപഭോക്താക്കൾക്ക് ബൂട്ടി ലഭ്യമാക്കും. തങ്ങളുടെ ഡീലർ ശൃംഖല ഇന്ത്യയിലുടനീളം വികസിപ്പിക്കാനുള്ള പദ്ധതികളും അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും വോൾട്രൈഡർ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ പ്രശാന്ത പറഞ്ഞു. അടുത്ത ദിവസം മുതൽ വിൽപ്പന ആരംഭിക്കുമ്പോൾ ഈ പുതിയ വിചിത്രമായ ഡിസൈനുള്ള വാഹനത്തെ തേടി എത്രത്തോളം ആളുകൾ എത്തുമെന്ന് നോക്കികാണാം.


Click it and Unblock the Notifications








