മാറിനിൽക്കാൻ ഞങ്ങളില്ല, ഗൊഗോറോയും ഇന്ത്യയിലേക്ക്; പ്രഖ്യാപനം നവംബർ മൂന്നിന്
ഹീറോ മോട്ടോകോർപ് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ പോവുന്നു എന്നുകേട്ടപ്പോൾ മുതൽ നാം ഉറ്റുനോക്കിയ വിദേശ ബ്രാൻഡുകളിൽ ഒന്നാണ് ഗൊഗോറോ. കാരണം മറ്റൊന്നുമല്ല, ബാറ്ററി-സ്വപ്പിംഗ് സാങ്കേതികവിദ്യക്കായി ഹീറോ കൈകോർത്തത് ഗൊഗോറോയുമായിരുന്നു എന്നതാണ്.

നവംബർ മൂന്നിന് ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം അടയാളപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുയാണ് തായ്‌വാനീസ് ബാറ്ററി-സ്വപ്പിംഗ്, ഇലക്ട്രിക് സ്‌കൂട്ടർ ഭീമനായ ഗൊഗോറോ. എന്നാൽ പുതിയ ഇവി മോഡലുമായാണോ കമ്പനി എത്തുന്നതെന്ന ചോദ്യമായിരിക്കും ഇപ്പോൾ പലരുടെയും മനസിലേക്ക് ഓടിയെത്തുക.

ഗൊഗോറോയുടെ പ്രഖ്യാപനമനുസരിച്ച്, അന്നേ ദിവസം സ്മാർട്ട് എനർജിക്കും നഗര ഗതാഗതത്തിനുമുള്ള കാഴ്ച്ചപ്പാട് രൂപപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു പരിപാടിയാണ് സംഘടിപ്പിക്കുക. ഇന്ത്യയുടെ അർബൻ മൊബിലിറ്റിയും ലാസ്റ്റ് മൈൽ സെക്ടറും കാർബണൈസ് ചെയ്യാൻ ബ്രാൻഡ് എങ്ങനെ പ്രവർത്തിക്കുമെന്ന വിവരണവും അന്നേ ദിവസം നൽകും.

സാധാരണക്കാർക്കായി ഒരു B2C ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുക, വാണിജ്യ ആവശ്യങ്ങൾക്കായി ഒരു B2B ഇവി കൊണ്ടുവരിക (ഡെലിവറികൾക്കും മറ്റും) എന്നീ രണ്ട് സമീപനങ്ങളാവും ഈ പരിപാടിയിലൂടെ ഗൊഗോറോ ലക്ഷ്യമിടുക.

ആദ്യത്തേതിനെ സംബന്ധിച്ചിടത്തോളം ഒരു ആധുനിക ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്ന് ഒരാൾക്ക് പ്രതീക്ഷിക്കാവുന്നതെല്ലാം സജ്ജീകരിച്ചിരിക്കുന്നതിനാൽ ഗൊഗോറോ S1 ഇന്ത്യൻ വിപണിക്ക് തികച്ചും അനുയോജ്യമായ വാഹനമായിരിക്കുമെന്നാണ്.

7.2kW പീക്ക് പവറും മോട്ടോറിൽ പരമാവധി 27 Nm torque ഉള്ള മിഡ് മൗണ്ടഡ് മോട്ടോറാണ് ഗൊഗോറോ S1 ഇവിക്ക് കരുത്ത് പകരുന്നത്. 30 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചാൽ 150 കി.മീ എന്ന ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്ന സ്വാപ്പ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി പായ്ക്കുമായാണ് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെത്തുന്നത്.

സിംഗിൾ ആം ഫോർക്ക്, ലിങ്ക്ഡ് റിയർ മോണോഷോക്ക് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന അലുമിനിയം മോണോകോക്ക് ഷാസി ഉൾപ്പെടെയുള്ള പ്രീമിയം ഘടകങ്ങൾ ഉപയോഗിച്ചാണ് വിദേശത്ത് വിൽക്കുന്ന ഗൊഗോറോ S1 നിർമിച്ചിരിക്കുന്നത്.

ഇന്ത്യയിൽ എത്തിയേക്കാവുന്ന ഇ-സ്‌കൂട്ടർ S1 മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെങ്കിലും, യഥാർഥ ഉൽപ്പന്നം മെയ്‌ഡ് ഇൻ ഇന്ത്യ പ്രൊഡക്‌ട് ആയിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉയർന്ന റേഞ്ചും ഉയർന്ന വേഗതയും ചെലവ് കുറഞ്ഞ ഘടകങ്ങളും ഉൾക്കൊള്ളിച്ച് നിർമിക്കുമ്പോൾ നിലവിലെ പ്രീമിയം സെഗ്മെന്റ് ശരിക്കും കിടുക്കാൻ ഗൊഗോറോയ്ക്ക് കഴിഞ്ഞേക്കും.

മറുവശത്ത് B2B ആവശ്യങ്ങൾക്കായി ഗൊഗോറോ അതിന്റെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഒരു ഇവി ഇന്ത്യയിലേക്ക് കൊണ്ടുവരാനായിരിക്കാം ശ്രമിക്കുക. അങ്ങനെയെങ്കിൽ വിവ എന്ന ഇലക്ട്രിക് സ്കൂട്ടറിന് നറുക്ക് വീണേക്കാം. 85 Nm പുറപ്പെടുവിക്കുന്ന ചെറിയ 3kW (പീക്ക്) മോട്ടോറുമായാണ് ഇത് വരിക.

30 കിലോമീറ്റർ വേഗതയിൽ അവകാശപ്പെടുന്ന പരിധി 85 കിലോമീറ്ററാണെന്നും തായ്‌വാനീസ് ബ്രാൻഡ് പറയുന്നു. ടെലിസ്‌കോപ്പിക് ഫോർക്കും ഇരട്ട റിയർ ഷോക്ക് അബ്‌സോർബറുകളും ഉൾപ്പെടെ ഇതിന്റെ സസ്പെൻഷൻ സജ്ജീകരണം പരമ്പരാഗതമാണ്. ഗൊഗോറോ 2019 ഒക്ടോബറിൽ തന്നെ "ഗോഗോറോ വിവ" എന്ന പേര് ഇന്ത്യയിൽ ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നതാണ് രസകരമായ മറ്റൊരു കാര്യം.

ഗൊഗോറോ ഇന്ത്യയിലേയ്‌ക്ക് കൊണ്ടുവരുന്നത് S1 ആണെങ്കിൽ, ഓല ഇതിനകം തന്നെ S1 ശ്രേണി ഇവിടെ വിൽക്കുന്നതിനാൽ അതിന് മറ്റെന്തെങ്കിലും പേരിടാനാണ് സാധ്യത. ഇതിന് ഏകദേശം 1.50 ലക്ഷം രൂപ വിലയുള്ള ഒരു പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും. ഇത് ഫെയിം II സബ്‌സിഡിയുൾപ്പടെയുള്ള എക്‌സ്ഷോറൂം വിലയായിരിക്കും.

കൂടാതെ ഓല S1 പ്രോ, ഏഥർ 450X, വരാനിരിക്കുന്ന ടിവിഎസ് ഐക്യൂബ് ST, ഹീറോ മോട്ടോകോർപിന്റെ വിഡ, സിമ്പിൾ വൺ തുടങ്ങിയ ഫീച്ചറുകൾ നിറഞ്ഞ ഇ-സ്‌കൂട്ടറുകളോടായിരിക്കും ഗോഗോറോയുടെ പ്രധാന മത്സരം. മറുവശത്ത് വിവയുടെ വില ഫെയിം II സബ്‌സിഡി ഉൾപ്പെടെ ഏകദേശം 80,000 രൂപയായിരിക്കും.

ഇത് ഹീറോ ഇലക്ട്രിക് Nyx HX, ഒകിനാവ ഡ്യുവൽ 100 B2B ഇ-സ്‌കൂട്ടറുകൾക്കെതിരെയാകും സ്ഥാനംപിടിക്കുക. ഇവി ഇൻഫ്രാസ്ട്രക്ചറാണ് ഗൊഗോറോയുടെ പ്രാഥമിക ശക്തിയെന്നത് കണക്കിലെടുക്കുമ്പോൾ കമ്പനിക്ക് അതിന്റെ ഓഫറുകൾക്കായി ഒരു വലിയ ബാറ്ററി-സ്വാപ്പിംഗ് നെറ്റ്‌വർക്ക് സജ്ജമാക്കാൻ കഴിയും.


Click it and Unblock the Notifications








