ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ കയറി Gravton Quanta ഇലക്‌ട്രിക് ബൈക്ക്
തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്ക് ക്വാണ്ട ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയതായി അറിയിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ഗ്രാവ്‌ടൺ മോട്ടോർസ്.

164 മണിക്കൂറും 30 മിനിറ്റും കൊണ്ടാണ് ഗ്രാവ്‌ടൺ ക്വാണ്ട ഇലക്ട്രിക് ബൈക്ക് കന്യാകുമാരി മുതൽ ഖാർദുങ് ലാ വരെയുള്ള യാത്ര പൂർത്തിയാക്കിയിരിക്കുന്നത്. അതായത് 6.5 ദിവസവും കൊണ്ടാണ് ഈ നേട്ടം ഇവി നേടിയെടുത്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

2021 സെപ്റ്റംബറിലാണ് ടീം 4,011.9 കിലോമീറ്റർ ദൂരം പിന്നിട്ട് കന്യാകുമാരി-കാശ്‌മീർ റൈഡ് പൂർത്തിയാക്കുന്നത്. ഈ കാലയളവിൽ ടീം ബാറ്ററികൾ റീചാർജ് ചെയ്യുന്നതിനായി ഇലക്‌ട്രിക് ബൈക്ക് എവിടെയും നിർത്തിയില്ലെന്നതും ആശ്ചര്യകരമായ കാര്യമായുണ്ട്. പകരം റെക്കോർഡ് സമയബന്ധിതമായി പൂർത്തിയാക്കാൻ യൂണിറ്റ് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്.

എന്നിരുന്നാലും യാത്രയ്ക്കിടെ എത്ര ബാറ്ററി സ്വാപ്പുകൾ നടത്തിയെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ഗ്രാവ്‌ടൺ മോട്ടോർസ് വെളിപ്പെടുത്തിയിട്ടില്ല. വ്യത്യസ്‌ത റൈഡർമാരുമായി 3,400 കിലോമീറ്റർ തുടർച്ചയായി സവാരി ചെയ്‌തതിന് ശേഷം ഗ്രാവ്‌ടൺ ടീം മണാലിയിലാണ് ആദ്യമായി നിർത്തുന്നത്.

ലഡാക്കിലെ കുറഞ്ഞ താപനിലയിലും പ്രകടനം ഒപ്റ്റിമൈസ് ചെയ്യാൻ രൂപകൽപ്പന ചെയ്ത കമ്പനിയുടെ തെർമൽ മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് ക്വാണ്ട ഇലക്ട്രിക് ബൈക്ക് പോരായ്‌മകളുടെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് ഗ്രാവ്‌ടൺ മോട്ടോർസ് അവകാശപ്പെടുന്നുണ്ട്.

ഗ്രാവ്‌ടൺ ക്വാണ്ട ഇന്ത്യയിലാണ് പൂർണമായും നിർമിച്ചിരിക്കുന്നത്. കൂടാതെ 3 kW ഉം 172 Nm പീക്ക് ടോർഖും വികസിപ്പിക്കുന്ന ഒരു BLDC മോട്ടോറാണഅ ക്വാണ്ട ഇലക്‌ട്രിക് ബൈക്കിന്റെ ഹൃദയം. ഇക്കോ മോഡിൽ 150 കിലോമീറ്ററും സിറ്റി മോഡിൽ 110 കിലോമീറ്ററും സ്‌പോർട് മോഡിൽ 85 കിലോമീറ്ററുമാണ് ഇ-ബൈക്കിന്റെ റേഞ്ച്. കൂടാതെ പരമാവധി വേഗത മണിക്കൂറിൽ 70 കിലോമീറ്ററായും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രിക് ബൈക്കിന്റെ ഡ്യുവൽ ബാറ്ററി സിസ്റ്റം റേഞ്ച് 320 കിലോമീറ്ററായി നീട്ടാനും ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. അതേസമയം ഫാസ്റ്റ് ചാർജർ വഴി 90 മിനിറ്റിനുള്ളിൽ മോഡൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയും എന്നതും വലിയ നേട്ടമാണ്.

ക്വാണ്ടയുടെ വിൽപ്പന ഗ്രാവ്‌ടൺ മോട്ടോർസ് ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാൽ ഈ വർഷം അവസാനം മോഡലിനായുള്ള വിൽപ്പന ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിനായി ഹൈദരാബാദിലെ ചെർലപ്പള്ളിയിൽ കമ്പനിയുടെ ആവശ്യം നിറവേറ്റുന്ന ഒരു പുതിയ നിർമാണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ഗ്രാവ്‌ടൺ ക്വാണ്ടയുടെ എക്സ്ഷോറൂം വില 89,999 രൂപയായിരിക്കും.

പുതിയ ഇലക്‌ട്രിക് ബൈക്ക് സ്വന്തമാക്കാൻ താത്പര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് ഗ്രാവ്‌ടൺ ക്വാണ്ട 499 രൂപ ടോക്കൺ നൽകി മുൻകൂട്ടി ബുക്ക് ചെയ്യാം. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ മോഡൽ ലഭ്യമാണ്. മറ്റ് നഗരങ്ങളിലേക്ക് വിൽപ്പന വ്യാപിപ്പിക്കാനുള്ള തീരുമാനവും കമ്പനി കൈകൊണ്ടിട്ടുണ്ട്.

വിപണിയിൽ എത്തുമ്പോൾ റെഡ്, വൈറ്റ്, ബ്ലാക്ക് എന്നീ വ്യത്യസ്‌തമാർന്ന മൂന്ന് കളർ ഓപ്ഷനുകളിൽ ഇലക്‌ട്രിക് ബൈക്ക് സ്വന്തമാക്കാനാവും. ബ്ലാക്ക് നിറം ഒരു സ്പെഷ്യൽ എഡിഷൻ മോഡലാണെന്നും ഇവയുടെ എണ്ണം പരിമിതമാണെന്നും ഗ്രാവ്‌ടൺ മോട്ടോർസ് വ്യക്തമാക്കിയിട്ടുണ്ട്.

ബോക്സി രൂപത്തിലുള്ള ഓൾഡ് സ്കൂൾ പ്രചോദിത ഡിസൈനാണ് ഇലക്ട്രിക് ബൈക്കിനെ സവിശേഷമാക്കുന്നത്. വശങ്ങളിൽ നിന്നും നോക്കിയാൽ ക്വാണ്ടയുടെ രൂപകൽപ്പന ലൂണ മോപ്പഡിനെയോ അല്ലെങ്കിൽ നിലവിലുള്ള ടിവിഎസ് എക്സ്എല്ലിനെ പോലും ഓർമപ്പെടുത്തുന്നതാണ്.

മുൻവശത്ത് മോട്ടോർസൈക്കിളിൽ ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളുള്ള റൗണ്ട് ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇലക്‌ട്രിക് ബൈക്കിന്റെ ഫ്ലോർബോർഡിന് താഴെയായാണ് ബാറ്ററി പായ്ക്ക് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഗുരുത്വാകർഷണ കേന്ദ്രം കുറയ്ക്കാൻ ബ്രാൻഡിനെ ഏറെ സഹായിച്ചിട്ടുണ്ട്.

ഉയർന്ന ഹാൻഡിൽബാറുകൾ, സിംഗിൾ പീസ് സീറ്റ്, റിയർ ഗ്രാബ് റെയിലുകൾ, ക്രാഷ് പ്രൊട്ടക്റ്ററുകൾ, എൽഇഡി ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലാമ്പ്, സാരി ഗാർഡ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഗ്രാവ്‌ടൺ ക്വാണ്ടോ ഇലക്‌ട്രിക് ബൈക്കിന്റെ മറ്റ് പ്രധാന സവിശേഷതകൾ. വെറും 80 രൂപ ചെലവിൽ ക്വാണ്ടയ്ക്ക് 800 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി പറയപ്പെടുന്നത്.

ഇലക്ട്രിക് ബൈക്കിന് 4.2 സെക്കൻഡിനുള്ളിൽ 45 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 70 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഇക്കോ, സിറ്റി, ഡേർട്ട് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇവിയിൽ ഒരുക്കിയിട്ടുണ്ട്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ബാറ്ററി പായ്ക്ക് വെറും 90 മിനിറ്റിൽ ചാർജ് ചെയ്യാൻ കഴിയും. എന്നാൽ ഒരു സാധാരണ ചാർജർ ഉപയോഗിക്കുമ്പോൾ 100 ശതമാനം ചാർജ് എത്താൻ മൂന്ന് മണിക്കൂർ സമയം വേണ്ടിവരും.


Click it and Unblock the Notifications








