Hero Electric സ്‌കൂട്ടറുകൾക്ക് ഇനി ജാപ്പനീസ് ടെക്‌നോളജിയും; പുതിയ പങ്കാളിത്തം പ്രഖ്യാപിച്ച് കമ്പനി
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ പ്രമുഖ കമ്പനിയാണ് ഹീറോ ഇലക്‌ട്രിക്. വിൽപ്പനയുടെ കാര്യത്തിലും മുൻപന്തിയിൽ തന്നെയുള്ള ഹീറോ ടോക്കിയോയിൽ നടന്നുകൊണ്ടിരിക്കുന്ന 2022 IEB ഓട്ടോടെക്കിൽ പുതിയൊരു പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.
IEB ഓട്ടോടെക്കിൽ ഹീറോ ഇലക്ട്രിക് ജാപ്പനീസ് ഇലക്ട്രിക് ഘടക ഭീമനായ NIDEC കോർപ്പറേഷനുമായുള്ള പങ്കാളിത്തമാണ് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ സ്‌കൂട്ടറുകളിൽ പുതിയതും നൂതനവുമായ മോട്ടോർ ഉപയോഗിക്കുന്നതിനായുള്ള സഹകരമാണ് ഇരുകമ്പനികളും തമ്മിൽ ധാരണയായിരിക്കുന്നത്.

തുടക്കത്തിൽ ഫോട്ടോൺ, ഒപ്റ്റിമ CX, NYX ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിവ ഉൾപ്പെടുന്ന ഹീറോ ഇലക്ട്രിക്കിന്റെ സിറ്റി സ്പീഡ് ശ്രേണിയിലാണ് പുതിയ മോട്ടോർ ഉപയോഗിക്കുക. രാജസ്ഥാനിലെ നീമ്രാനയിലാണ് ഈ മോട്ടോറുകൾ നിർമിക്കുക. പുതിയ മോട്ടോർ ഉള്ള ബാച്ചുകൾ ഫെബ്രുവരി 2023 മുതൽ പുറത്തിറങ്ങുമെന്നും ഇലക്ട്രിക് സ്‌കൂട്ടർ നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.
ഹീറോ ഇലക്ട്രിക്കും NIDEC കമ്പനിയും രണ്ട് വർഷം മുമ്പ് ഒരു പങ്കാളിത്തത്തിൽ ഏർപ്പെടുകയും അതിന്റെ മുഴുവൻ ശ്രേണിയിലും ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ടെന്ന് ഈ പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു. ബ്രാൻഡിന്റെ വർധിച്ചുവരുന്ന വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ സഹായിക്കാനാണ് NIDEC ജപ്പാനുമായി കൈകോർത്തിരിക്കുന്നത്.
ഈ പങ്കാളിത്തം ഇന്ത്യൻ ബ്രാൻഡിന്റെ ഉൽപ്പന്ന ശ്രേണിയിൽ ഉടനീളം പവർ ട്രെയിൻ ഘടകങ്ങൾ വികസിപ്പിക്കാൻ ഹീറോ ഇലക്ട്രിക്കിനെ സഹായിക്കുമെന്നും ഗിൽ കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങൾക്കുള്ള പിഎൽഐ സ്കീമിന് കീഴിൽ ഇൻസെന്റീവിന് അംഗീകാരം ലഭിച്ച 75 ഓട്ടോ ഘടക നിർമാതാക്കളിൽ NIDEC ഇന്ത്യയും ഉൾപ്പെടുന്നുണ്ട്. 2 മില്യൺ യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുള്ള മെഗാ ഇവി മാനുഫാക്ചറിംഗ് ഹബ് സ്ഥാപിക്കുന്നതിനായി കമ്പനി അടുത്തിടെ രാജസ്ഥാൻ സർക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു.
ഇന്ത്യയുടെ സുസ്ഥിരതാ കാഴ്ച്ചപ്പാടിന് അനുസൃതമായി, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ആക്സസ് ചെയ്യുന്നതിനായി അടുത്ത കുറച്ച് വർഷങ്ങളിൽ 1,500-ടച്ച് പോയിന്റുകൾ എന്ന ലക്ഷ്യം കൈവരിക്കാനും കമ്പനി പ്രവർത്തിക്കുകയാണിപ്പോൾ. ഹീറോ ഇലക്ട്രിക് തങ്ങളുടെ എതിരാളികളെ അപേക്ഷിച്ച് സ്ഥിരമായി മാന്യമായ വിൽപ്പനയാണ് ഇന്ത്യൻ വിപണിയിൽ നിന്നും കൈവരിക്കുന്നത്. എന്നാൽ വിതരണ പ്രശ്‌നങ്ങൾ അടുത്തിടെയായി കമ്പനിയെ ഗുരുതരമായി ബാധിച്ചു.
എന്നാൽ ജപ്പാൻ കമ്പനിയുമായുള്ള പുതിയ ഈ നീക്കത്തിലൂടെ ഹീറോ ഇലക്ട്രിക് അവരുടെ സപ്ലൈ ചെയിൻ പ്രശ്നങ്ങൾ അവസാനിപ്പിക്കാനും ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും ഉദ്ദേശിക്കുന്നു. രസകരമായ കാര്യം എന്തെന്നാൽ വിപണിയിലെ പ്രധാന എതിരാളിയായ ഏഥർ എനർജിയുടെ മോട്ടോർ വിതരണക്കാരും NIDEC ആണ്. നിലവില്‍ സിറ്റി സ്പീഡ് CX, കംഫർട്ട് സ്പീഡ് LX എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ആറ് ഇ-സ്കൂട്ടറുകളാണ് കമ്പനി പുറത്തിറക്കുന്നത്.
7,329 രൂപ വിലയുള്ള ഹീറോ ഇലക്ട്രിക് ഒപ്റ്റിമ HX ആണ് കമ്പനിയുടെ ഏറ്റവും ചെറിയ മോഡല്‍. 86,490 രൂപ വിലയുള്ള ഹീറോ ഇലക്ട്രിക് NYX HX ആണ് ഏറ്റവും ഉയര്‍ന്ന മോഡലും. സിറ്റി സ്പീഡ് CX വിഭാഗത്തിൽ NYX, ഒപ്റ്റിമ, ഫോട്ടോൺ LP സീരീസ് എന്നിവ അണിനിരത്തുമ്പോൾ കംഫർട്ട് സ്പീഡ് LX നിരയിൽ അട്രിയ, എഡ്ഡി, Nyx എന്നീ മോഡലുകളുമാണ് ഹീറോ ഇലക്ട്രിക് പുറത്തിറക്കിയിട്ടുള്ളത്.


Click it and Unblock the Notifications








