സംഭവം കളറായി, പുതിയ Destini 125 XTEC മോഡലിനെ അവതരിപ്പിച്ച് Hero; വില 79,990 രൂപ
പുതിയ ഡെസ്റ്റിനി 125 XTEC മോഡലിനെ ഇന്ത്യൻ വിപണിയിക്കായി അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. ബ്രാൻഡിന്റെ XTEC ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഡെസ്റ്റിനി സ്‌കൂട്ടറിലേക്കും ഈ വേരിയന്റിനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഹീറോ XTEC വകഭേദങ്ങൾ ഇതിനകം തന്നെ ഗ്ലാമർ 125, പ്ലഷർ പ്ലസ് 110 എന്നിവയിൽ ലഭ്യമാണ്. ഇത് പുതിയ ഡിസൈനും തീം ഘടകങ്ങളും കൊണ്ടുവരുന്നു എന്നതാണ് പ്രത്യേകത. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, മെച്ചപ്പെടുത്തിയ റെട്രോ ഡിസൈൻ, ക്രോം ഘടകങ്ങൾ എന്നിവ ഉപയോഗിച്ച് സ്‌കൂട്ടർ ആകർഷകമാക്കാൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഡസ്റ്റിനി 125 ശ്രേണിയിലേക്ക് പുതിയ നെക്‌സസ് ബ്ലൂ കളർ ഓപ്ഷൻ കൂടി ഹീറോ മോട്ടോകോർപ് അവതരിപ്പിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ സുസുക്കി ആക്‌സസിന്റെ ക്രോം മിററർ ശൈലിയും നിറവും ഇത് ഓർമിപ്പിക്കുന്നുണ്ട്.

മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി i3S ടെക്നോളജി, ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം, ഫ്രണ്ട് യുഎസ്ബി ചാർജർ, കോളും എസ്എംഎസ് അലേർട്ടുകളും ഉള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുത്തൻ ഡിജി അനലോഗ് സ്പീഡോമീറ്റർ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, സീറ്റ് ബാക്ക് റെസ്റ്റ് എന്നിവയും പുതിയ ഹീറോ ഡെസ്റ്റിനി 125 XTEC മോഡലിലെ പ്രധാന സവിശേഷതകളാണ്.

സീറ്റ് ബാക്ക് റെസ്റ്റ് നൽകിയത് പിന്നിലിരിക്കുന്ന യാത്രക്കാരുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കാൻ ഏറെ സഹായിക്കും. ഈ കണക്റ്റിവിറ്റി സംവിധാനവും കംഫർട്ട് ഫീച്ചറുകളും ഡെസ്റ്റിനിയെ കൂടുതൽ ആകർഷകമായ സ്കൂട്ടറാവാൻ ഏറെ സഹായിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. അനലോഗ് സ്പീഡോമീറ്ററിൽ ഒരു സൈഡ് സ്റ്റാൻഡ് വിഷ്വൽ ഇൻഡിക്കേറ്ററും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഹീറോ ഡെസ്റ്റിനിയുടെ സ്റ്റാൻഡേർഡ് വേരിയന്റിന് 69,900 രൂപയും ഡെസ്റ്റിനി 125 XTEC പതിപ്പിന് 79,990 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ എക്സ്ഷോറൂം വില. സ്കൂട്ടിന്റെ പുതിയ എൽഇഡി ഹെഡ്‌ലാമ്പ് 'അഭൂതപൂർവമായ പ്രകാശം നൽകുന്നു' എന്ന് കമ്പനി പറയുന്നു.

പ്രകാശ തീവ്രതയ്ക്ക് ഇപ്പോൾ ദൈർഘ്യമേറിയതും വീതിയേറിയതുമായ റോഡ് റീച്ച് ഉണ്ട്. ആൻറി-ഫോഗ് പ്രയോജനം വ്യത്യസ്ത റൈഡിംഗ് അവസ്ഥകളിൽ ഓൺ-റോഡ് ദൃശ്യപരത വർധിപ്പിക്കുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നു.

പ്രീമിയം ക്രോം ഘടകങ്ങളിലൂടെ സ്കൂട്ടറിന്റെ റെട്രോ സ്വഭാവം ഹീറോ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് മിററുകൾ, മഫ്‌ളർ പ്രൊട്ടക്ടർ, ഹാൻഡിൽബാർ എന്നിവയിൽ കാണനാവും. 'XTEC' ബാഡ്‌ജിംഗ്, ഡ്യുവൽ ടോൺ സീറ്റ്, നിറമുള്ള അകത്തെ പാനലുകൾ എന്നിവയും സ്കൂട്ടറിന്റെ സൌന്ദര്യം മെച്ചപ്പെടുത്തുന്ന മറ്റ് ഡിസൈൻ ഘടകങ്ങളായി എടുത്തു പറയാം.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ അനലോഗ് സ്പീഡോമീറ്റർ ഇൻകമിംഗ്, മിസ്ഡ് കോൾ അലേർട്ടുകൾ, സന്ദേശ അലേർട്ടുകൾ എന്നിവയാണ് പ്രദർശിപ്പിക്കുക. ഇതു നൽകുന്ന പ്രധാന വിവരങ്ങളിൽ RTMI സഹിതമുള്ള സമയവും ലോ ഫ്യുവൽ ഇൻഡിക്കേറ്ററും ഉൾപ്പെടുന്നു.

ഹീറോ ഡെസ്റ്റിനി 125 XTEC പതിപ്പിന്ററെ മെക്കാനിക്കൽ സവിശേഷതകളിലേക്ക് നോക്കിയാൽ 125 സിസി ബിഎസ്-VI നിലവാരത്തിലുള്ള എഞ്ചിനാണ് മോഡലിന് തുടിപ്പേകുന്നത്. ഇത് 7000 rpm-ൽ പരമാവധി 9 bhp കരുത്തും 5500 rpm-ൽ 10.4 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെയും സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറിന്റെയും കൈയൊപ്പ് എന്ന നിലയിൽ XTEC ടെക്‌നോളജി പായ്ക്കേജ് സ്വയം പേരെടുത്തു തുടങ്ങിയിരിക്കുന്നുവെന്ന്. ഹീറോ മോട്ടോകോർപ്പിന്റെ സ്ട്രാറ്റജി ആൻഡ് ഗ്ലോബൽ പ്രൊഡക്‌ട് പ്ലാനിംഗ് മേധാവി മാലോ ലെ മാസ്‌സൺ സ്കൂട്ടറിന്റെ അവതരണ വേളയിൽ പറഞ്ഞു.

ഗ്ലാമർ 125, പ്ലെഷർ പ്ലസ് 110 എന്നിവയിൽ ഞങ്ങൾ XTEC പതിപ്പുകൾ അവതരിപ്പിച്ചതിനെ തുടർന്ന് ഇവ വിപണിയിൽ മികച്ച വിജയമാണ് കൈവരിച്ചത്. ആയതിനാൽ ജനപ്രിയമായ ഡെസ്റ്റിന് 125 മോഡലിലേക്കും ഈ സ്പെഷ്യൽ എഡിഷൻ അവതരിപ്പിക്കാൻ പ്രേരണയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഡെസ്റ്റിനി 125 XTEC തങ്ങളുടെ തുടർച്ചയായ സാങ്കേതിക മുന്നേറ്റങ്ങൾ എടുത്തു കാണിക്കുകയും മാസ്ട്രോ എഡ്‌ജ് 125 കണക്‌ട്, പ്ലഷർ പ്ലസ് XTEC എന്നിവയുൾപ്പെടെയുള്ള തങ്ങളുടെ മറ്റ് പ്രധാന സ്കൂട്ടർ നിര വിപുലീകരിക്കാൻ ഇത് സഹായിക്കുമെന്നും ഹീറോ മോട്ടോകോർപ്പിന്റെ ചീഫ് ഗ്രോത്ത് ഓഫീസർ രഞ്ജിവ്ജിത് സിംഗും അഭിപ്രായപ്പെട്ടു.

സുഖസൗകര്യങ്ങളിലും സ്റ്റൈലിംഗിലും വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഹീറോ ഡെസ്റ്റിനി 125 XTEC തീർച്ചയായും രാജ്യത്ത് സ്‌കൂട്ടർ പ്രേമികളെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കുമെന്നും രഞ്ജിവ്ജിത് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








