നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം! പുതിയ Hero Xpulse 200T 4V വിപണിയിൽ
നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് പുതിയ എക്‌സ്‌പൾസ് 200T 4V പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. അഡ്വഞ്ചർ ടൂററായ എക്‌സ്‌പൾസിന്റെ സിറ്റി ടൂറർ വകഭേദമാണ് 200T. നിരത്തുകളിൽ അധികം കാണാത്തതിനാൽ പലരും മറന്നുപോയ എക്‌സ്‌പൾസ് 200T ഓർമകൾ പുതുക്കിയെടുക്കാൻ പുതിയ വേഷമണിഞ്ഞാണ് എത്തിയിരിക്കുന്നത്.
മാത്രമല്ല കഴിഞ്ഞ ദിവസം എക്‌സ്‌പൾസ് 200 2V അഡ്വഞ്ചർ ടൂറർ വേരിയന്റ് നിർത്തലാക്കലിന്റെ പിൻബലത്തിലാണ് പുതിയ എക്‌സ്‌പൾസ് 200T 4V പതിപ്പിന്റെ രംഗപ്രവേശം. 1,25,726 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ സിറ്റി ടൂറർ വകഭേദത്തിനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നതും. നേരത്തെ മുതൽ വിപണിയിൽ ലഭ്യമായിരുന്നുവെങ്കിലും വേണ്ടത്ര ഡിമാന്റ് ഇല്ലാതിരുന്നത് ഹീറോയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ മുമ്പണ്ടായിരുന്ന 2V മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ എക്‌സ്‌പൾസ് 200T 4V രൂപത്തിലും ഭാവത്തിലും കാര്യമായ പരിഷ്ക്കാരങ്ങളോടെയാണ് എത്തുന്നത്.

ഇക്കാരണത്താലാണ് ചെറിയ വില വർധനവ് നൽകാനും കമ്പനി തയാറായിരിക്കുന്നത്. ഡിസൈനിനെ സംബന്ധിച്ചിടത്തോളം, പുതിയ എക്‌സ്‌പൾസ് 200T 4V മോട്ടോർസൈക്കിളിന് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ബോഡി കളർ ഓപ്ഷനാണ് ഇപ്പോൾ ലഭിക്കുന്നത്. കൂടാതെ എൽഇഡി ഹെഡ്‌ലാമ്പിന്റെ സ്ഥാനം മാറ്റിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യം തന്നെ. മുൻവശത്തെ ടെലിസ്‌കോപ്പിക് ഫോർക്കുകളിൽ ഗെയ്‌റ്ററുകളും ഹെഡ്‌ലാമ്പിന് മുകളിൽ സ്ഥാനംപിടിച്ചിരിക്കുന്ന ഒരു ചെറിയ ഫ്ലൈ സ്‌ക്രീനും മനോഹാരിത അൽപമെങ്കിലും മെച്ചപ്പെടുത്തുന്നുണ്ടെന്നും പറയാതെ വയ്യ.
ഹെഡ്‌ലൈറ്റ് യൂണിറ്റും ഹാൻഡിൽബാറും ഇപ്പോഴും സമാനമാണ്. ബോഡി-കളർ ഫ്ലൈ സ്‌ക്രീനിന് സമാനമായ രീതിയിൽ ബോഡി കളറിലാണ് ഹെഡ് കേസിംഗും പൂർത്തിയാക്കിയിരിക്കുന്നത്. മറ്റിടങ്ങളിൽ കറുത്ത മൾട്ടി-സ്‌പോക്ക് അലോയ് വീലുകളുടെ രൂപകൽപ്പന, റൈഡറിനായി സ്‌കൂപ്പ് ചെയ്‌ത ഭാഗമുള്ള സിംഗിൾ-പീസ് സീറ്റ്, സൈഡ് ബോഡി വർക്ക് എന്നിവയും ഹീറോ മോട്ടോകോർപ് പുതിയ എക്‌സ്‌പൾസ് 200T 4V സിറ്റി ടൂറർ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സിംഗിൾ-പീസ് ട്യൂബുലാർ ഗ്രാബ് റെയിൽ ഇത്തവണ ടെയിൽ റാക്കിനെ മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

നാല് വാൽവുള്ള എഞ്ചിൻ ആയതിനാൽ തന്നെ പുത്തൻ ഹീറോ എക്സ്പൾസ് 200T 4V കൂടുതൽ ശക്തമാണ്. കൂടാതെ മോട്ടോർസൈക്കിളിന് ദീർഘനേരം ശ്വസിക്കാൻ കഴിയും. സിംഗിൾ സിലിണ്ടർ 199.6 സിസി ഓയിൽ കൂൾഡ് എഞ്ചിൻ പരമാവധി 18.83 bhp കരുത്തിൽ പരമാവധി 17.3 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുമ്പുണ്ടായിരുന്ന 2V വേരിയന്റ് 17.83 bhp പവറിൽ 16.15 Nm torque ആണ് നൽകിയിരുന്നത്.
ഈ പുതിയ എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഹീറോ എക്‌സ്‌പൾസ് 200T 4V സിറ്റി ടൂററിന് അതിന്റെ മുൻഗാമിയേക്കാൾ വെറും ആയിരം രൂപ മാത്രമാണ് കൂടുതൽ മുടക്കേണ്ടി വരിക എന്നതും രസകരമായ കാര്യമാണ്. സ്‌പോർട്‌സ് റെഡ്, മാറ്റ് ഫങ്ക് ലൈം യെല്ലോ, മാറ്റ് ഷീൽഡ് ഗോൾഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലും മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവും. കോൾ അലേർട്ട് ഫംഗ്‌ഷൻ പ്രവർത്തനക്ഷമമാക്കുന്ന സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഒരു എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ലഭ്യതയും പുത്തൻ പതിപ്പിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.
സ്ട്രീറ്റ് റൈഡർമാർക്കും ടൂറിംഗ് അടിസ്ഥാനമാക്കിയുള്ള ഉപഭോക്താക്കൾക്കും ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉപയോഗപ്രദമാകും. ഹീറോ എക്‌സ്‌പൾസ് 200T 4V പതിപ്പിലെ മറ്റ് ഹൈലൈറ്റുകൾ പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള റിയർ മോണോഷോക്ക് സസ്‌പെൻഷൻ, സിംഗിൾ-ചാനൽ എബിഎസ് സിസ്റ്റമുള്ള ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകൾ, യുഎസ്ബി ചാർജിംഗ് സൗകര്യം തുടങ്ങിയവയാണ്. 17 ഇഞ്ച് അലോയ് വീലുകളുള്ള റോഡ് അധിഷ്ഠിത ടയറുകളാണ് ഹീറോ മോട്ടോകോർപ് പുതിയ സിറ്റി ടൂറർ മോഡലിന് സമ്മാനിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിൽ എക്‌സ്‌പൾസ് ശക്തമായ ഒരു സ്ഥാനം സൃഷ്ടിച്ചുവെന്നും പുതിയ 200T 4V പുറത്തിറക്കുന്നതോടെ ഈ പ്രവണത കൂടുതൽ ശക്തമാകുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഹീറോ മോട്ടോകോർപ്പ് ചീഫ് ഗ്രോത്ത് ഓഫീസർ (സിജിഒ) രഞ്ജിത് സിംഗ് പറഞ്ഞു. ഇന്ത്യൻ വിപണിയിലെ സിറ്റി ടൂറർ സെഗ്മെന്റിൽ പുതിയ എക്‌സ്‌പൾസ് 200T 4V മോഡലിന് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ പുതുക്കിയ മാറ്റങ്ങൾ സഹായിക്കുമെന്നാണ് ഹീറോയുടെ നിരീക്ഷണം.


Click it and Unblock the Notifications








