മിന്നിത്തിളങ്ങി ടൂവീലർ വിൽപ്പന, ഒന്നാമനും രണ്ടാമനും സ്പ്ലെൻഡറും ആക്‌ടിവയും തന്നെ!
നമ്മുടെ നിത്യജീവിതത്തിൽ ഇരുചക്രവാഹനങ്ങൾക്കുള്ള പങ്ക് ഒന്നുവേറെ തന്നെയാണ്. എല്ലാ മാസത്തെയും വിൽപ്പന കണക്കുകൾ നോക്കിയാലും ഇക്കാര്യം മനസിലാക്കാം. ഉത്സവ സീസണിന് ശേഷം 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്‌ടോബർ മാസത്തിൽ ടൂവീലർ വിൽപ്പനയിൽ നേരിയ ഇടിവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസവും ടൂ വീലർ വിൽപ്പനയുടെ കാര്യത്തിൽ ദീർഘ നാളായി ജനപ്രിയനായി നിൽക്കുന്ന ഹീറോ സ്‌പ്ലെൻഡറാണ് ഒന്നാം സ്ഥാനം കൈവരിച്ചത്. എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ 2022 ഒക്ടോബറിൽ 2,61,721 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 2,67,821 യൂണിറ്റുകളിൽ നിന്ന് 2.2 ശതമാനം വിൽപ്പന ഇടിവാണ് ഹീറോ സ്‌പ്ലെൻഡറിന്റെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നും പറയാം. ഇനി പ്രതിമാസ കണക്കുകളിലേക്ക് നോക്കിയാലും ഉത്സവ സീസണിൽ വിറ്റുപോയ 2,90,649 യൂണിറ്റുകളെ അപേക്ഷിച്ച് സ്‌പ്ലെൻഡറിന്റെ വിൽപ്പന 9.95 ശതമാനം കുറഞ്ഞിട്ടുമുണ്ട്. എന്നിരുന്നാലും ഒക്‌ടോബർ മാസത്തെ മികച്ച 10 ഇരുചക്ര വാഹനങ്ങളിൽ 24.58 ശതമാനം വിപണി വിഹിതമാണ് സ്‌പ്ലെൻഡറിന്റെ കൈവശമുള്ളത്.
കഴിഞ്ഞ വർഷത്തെ 1,96,699 യൂണിറ്റുകളിൽ നിന്ന് 2,10,623 യൂണിറ്റ് വിൽപ്പനയുമായി ഹോണ്ട ആക്ടിവ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടർ സ്‌പ്ലെൻഡറിന്റെ മൊത്തം വിൽപ്പന അളവിന്റെ 51,000 യൂണിറ്റുകളുടെ കുറവാണ് വരുത്തിയിരിക്കുന്നത്. മോഡലിന്റെ വാർഷിക വിൽപ്പനയിൽ ജാപ്പനീസ് ബ്രാൻഡിന് ഏഴു ശതമാനത്തിന്റെ അധിക വരുമാനവും ലഭിച്ചു.
ഹോണ്ട സിബി ഷൈൻ കഴിഞ്ഞ മാസവും വിൽപ്പനയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 2021 ഒക്ടോബറിലെ ഇതേ കാലയളവിലെ 1,13,554 യൂണിറ്റുകളിൽ നിന്ന് 1,30,916 യൂണിറ്റുകളായി മോട്ടോർസൈക്കിളിന്റെ വിൽപ്പന ഉയർന്നു. അതായത് 15.2 ശതമാനം കൂടുതൽ ആളുകളാണ് കമ്മ്യൂട്ടർ ബൈക്കിനായി പോയ മാസം എത്തിയതെന്ന് സാരം.
പൾസർ സീരീസ് ഇന്ത്യയിൽ വളരെ ജനപ്രിയരായ മോഡലുകളാണ്. അടുത്ത കാലത്തായി പുതിയ മോഡലുകളിലൂടെ ശ്രേണി വിപുലീകരിച്ച കമ്പനി പൾസർ N250, F250, N160 എന്നിവ ഒരു പുതിയ ട്യൂബുലാർ ഷാസിയെ അടിസ്ഥാനമാക്കിയാണ് വിപണിയിൽ എത്തിത്തിച്ചിരിക്കുന്നതും. വിൽപ്പനയുടെ കാര്യത്തിലേക്ക് വന്നാൽ 2021 ഒക്ടോബർ മാസത്തിൽ നിരത്തിലെത്തിച്ച 86,500 യൂണിറ്റുകളെ അപേക്ഷിച്ച് ഇത്തവണ പൾസർ ശ്രേണിയുടെ വിൽപ്പന 31.6 ശതമാനം ഉയർന്ന് 1,13,870 യൂണിറ്റിലെത്തി.
കഴിഞ്ഞ വർഷം ഇതേ മാസത്തെ 1,64,311 യൂണിറ്റുകളിൽ നിന്ന് 78,076 യൂണിറ്റ് വിൽപ്പനയുമായി ഹീറോ HF ഡീലക്‌സ് അഞ്ചാം സ്ഥാനത്ത് വിൽപ്പന അവസാനിപ്പിച്ചു. ഇത് 52.4 ശതമാനം വാർഷിക നഷ്ടത്തിലേക്കാണ് എൻട്രി ലെവൽ ബൈക്കിനെ നയിച്ചത്. ടിവിഎസിന്റെ ജുപ്പിറ്റർ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 72,161 യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കിൽ ഇത്തവണ 6.7 ശതമാനം വിൽപ്പന വളർച്ചയോടെ 77,042 യൂണിറ്റുകൾ 2022 ഒക്ടോബർ മാസം നിരത്തിലെത്തിച്ച് ആറാമതെത്തി.
കഴിഞ്ഞ വർഷത്തെ 84,019 യൂണിറ്റുകളിൽ നിന്ന് വിൽപ്പന 57,842 യൂണിറ്റുകളുമായി ബജാജ് പ്ലാറ്റിന ഏഴാം സ്ഥാനത്തും എത്തി. എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് 31.1 ശതമാനം വിൽപ്പന ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പൾസറിന് ശേഷം വാർഷിക, പ്രതിമാസ വിൽപ്പനയിൽ നല്ല വളർച്ച രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഉൽപ്പന്നമാണ് സുസുക്കി ആക്‌സസ്. കഴിഞ്ഞ മാസം 49,192 യൂണിറ്റുകൾ വിറ്റഴിച്ചതോടെ ആക്‌സസ് 5.88 ശതമാനത്തിന്റെ വാർഷിക വളർച്ചയും 5 ശതമാനത്തിന്റെ പ്രതിമാസ വിൽപ്പന വളർച്ചയും സ്വന്തമാക്കി.
ടിവിഎസ് ഉൽപ്പന്നങ്ങളായ XL 100, അപ്പാച്ചെ സീരീസ് എന്നിവയാണ് 9, 10 സ്ഥാനങ്ങളിലുള്ളത്. XL 100 മോപ്പഡിന്റെ 44,638 യൂണിറ്റുകളും അപ്പാച്ചെ 40,988 യൂണിറ്റുകളുമാണ് കമ്പനിക്ക് 2022 ഒക്ടോബർ മാസം നിരത്തിലെത്തിക്കാനായത്. അപ്പാച്ചെ സീരീസ് മോട്ടോർസൈക്കിളുകൾ 2.99 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. മൊത്തത്തിൽ ഒക്ടോബറിൽ ഇരുചക്ര വാഹന വിഭാഗത്തിൽ 10,64,908 വാഹനങ്ങളാണ് കമ്പനികൾ വിറ്റഴിച്ചത്.


Click it and Unblock the Notifications








