പുതിയ Scoopy 110 സിസി സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് Honda; പേറ്റന്റ് ഫയൽ ചെയ്തു
ഈ വർഷം ഇന്ത്യൻ വിപണിക്കായി കൂടുതൽ പുതിയ മോഡലുകളെ അവതരിപ്പിക്കാൻ പദ്ധതിയിട്ട് മുന്നോട്ടു പോവുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. അതിന്റെ ഭാഗമായി നിരവധി പേറ്റന്റുകളാണ് ബ്രാൻഡ് ഇന്ത്യയിൽ സമർപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് സ്‌കൂപ്പി എന്ന പുതിയ സ്‌കൂട്ടറിനായി കമ്പനി പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നതാണ് ഏറ്റവും പുതിയ വാർത്ത. വെറുമൊരു പേറ്റന്റ് ഫയൽ ചെയ്യുന്നത് വിപണി അവതരണം ഉറപ്പുനൽകുന്നില്ലെങ്കിലും സ്‌കൂപ്പി ഇന്ത്യൻ വിപണിയിൽ വളരെയധികം പ്രായോഗികമായ ഓപ്ഷനായിരിക്കുമെന്നത് കമ്പനി മനസിലാക്കിയിട്ടുണ്ടാവും.

ഈ സ്കൂട്ടർ 2017 ൽ ഇന്ത്യയിൽ പരീക്ഷണം നടത്തുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും പിന്നീട് ഇത് പുറത്തിറക്കിയില്ല. യുവാക്കളെയും പ്രായപൂർത്തിയായവരെയും എല്ലാം ഒരേ പോലെ ആകർഷിക്കുന്ന ഒരു റെട്രോ സ്റ്റൈലിംഗുള്ള യഥാർഥ ആധുനിക ക്ലാസിക് സ്‌കൂട്ടറാണ് ഹോണ്ട സ്‌കൂപ്പി.

സെഗ്‌മെന്റ് എതിരാളികളായ ഹീറോ പ്ലെഷർ പ്ലസ്, മാസ്ട്രോ എഡ്ജ്, ടിവിഎസ് ജൂപ്പിറ്റർ, കൂടാതെ ഇന്ത്യൻ സമപ്രായക്കാരായ ഹോണ്ട ഡിയോ, ആക്‌ടിവ 6G എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസൈനിനെ സംബന്ധിച്ചിടത്തോളം ഇത് തീർച്ചയായും വേറിട്ടുനിൽക്കുന്നുണ്ട്.

ബീൻ ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകളാൽ ചുറ്റപ്പെട്ട മുൻ ഏപ്രോണിൽ ഘടിപ്പിച്ചിരിക്കുന്ന ഓവൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്റർ സ്‌കൂട്ടറിന് മനോഹരമായ രൂപമാണ് സമ്മാനിക്കുന്നത്. അങ്ങനെ സ്‌കൂട്ടറിന് സവിശേഷമായ രൂപം നൽകുന്നു. യൂറോപ്യൻ സ്കൂട്ടറുകളിൽ സാധാരണയായി കാണുന്ന മിനുസമാർന്ന ബോഡി പാനലുകളിൽ സ്വീപ്പിംഗ് ലൈനുകൾ ഇതിന് ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

വലുതും മികച്ച കുഷ്യനിംഗുമുള്ളതായി തോന്നുന്ന സിംഗിൾ-പീസ് സീറ്റാണ് ഹോണ്ട സ്‌കൂപ്പിയിലുള്ളത്. ദീർഘദൂര യാത്രകളിൽ ഇത് സൗകര്യപ്രദമായിരിക്കും. മറ്റ് പ്രായോഗികതകളെ കുറിച്ചു പറയുകയാണെങ്കിൽ മുൻവശത്തെ ഗ്ലോവ് ബോക്‌സിനുള്ളിൽ യുഎസ്ബി ചാർജിംഗ് പോർട്ടിന് പുറമേ 15.4 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജും സ്‌കൂപ്പിക്ക് ലഭിക്കുന്നു. ഇതിന് വിശാലമായ ഫ്ലോർബോർഡും കമ്പനി നൽകിയിട്ടുണ്ട്.

അതിൽ ലഗേജ് കൊണ്ടുപോകുന്നത് താരതമ്യേന എളുപ്പമായിരിക്കും. സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് ഇഗ്നിഷൻ, പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റ്, മുൻവശത്ത് മൾട്ടി-ഫംഗ്ഷൻ ഹുക്ക്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവയാണ് സ്‌കൂപ്പിയിലെ റ് പ്രധാന സവിശേഷതകൾ.

സുരക്ഷയുടെ കാര്യത്തിലും പുതിയ സ്‌കൂപ്പിയിൽ ആൻസർ-ബാക്ക് ഫീച്ചറും ആന്റി-തെഫ്റ്റ് അലാറവും വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് കീയാണ് ഹോണ്ട സജ്ജീകരിച്ചിരിക്കുന്നത്. മോഡലിന്റെ ഹാർഡ്‌വെയർ സജ്ജീകരണത്തിലേക്ക് വരുമ്പോൾ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളിലും പിന്നിൽ ഒരു മോണോ ഷോക്കുമാണ് സ്കൂട്ടറിന്റെ സസ്പെൻഷനായി നൽകിയിരിക്കുന്നത്.

ഒരു eSAF ഫ്രെയിമാണ് ഹോണ്ട സ്‌കൂപ്പി സ്‌കൂട്ടറിന് അടിവരയിടുന്നത്. ഇത് രണ്ട് അറ്റത്തും 12 ഇഞ്ച് അലോയ് വീലുകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നതും. അതേസമയം സിബിഎസ് സഹായത്തോടെ മുൻവശത്ത് ഒരു ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രമ്മുമാണ് ബ്രാൻഡ അണിനിരത്തിയേക്കുന്നത്.

ഇന്ത്യയിൽ ആക്ടിവയെയും ഡിയോയെയും മുന്നോട്ട് നയിക്കുന്ന അതേ 109.51 സിസി സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, SOHC എഞ്ചിൻ തന്നെയാണ് ഹോണ്ട സ്‌കൂപ്പിയിലും പ്രവർത്തിക്കുന്നത്. ഈ എഞ്ചിൻ ഇന്ത്യ മോഡലുകളിൽ പരമാവധി 7.76 bhp പവറും 9 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

എന്നാൽ ഇന്തോനേഷ്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന സ്‌കൂപ്പിയിൽ ഇത് 9 bhp കരുത്തിൽ 9.3 Nm torque വരെ ഉത്പാദിപ്പിക്കും. ഇത് eSP (മെച്ചപ്പെടുത്തിയ സ്മാർട്ട് പവർ) ഉപയോഗിച്ചാണ് വിപണിയിൽ എത്തുന്നതും. ഇത് പെർഫോമൻസ് വർധിപ്പിക്കുന്നതിനൊപ്പം ഇന്ധനക്ഷമത മെച്ചപ്പെടുത്താനും സ്‌കൂട്ടറിനെ സഹായിക്കുന്നുണ്ട്.

സ്കൂട്ടറിന് എസിജി സ്റ്റാർട്ടറും ഹോണ്ട നൽകിയിട്ടുണ്ട്. സാധാര ശബ്ദമില്ലാതെ സുഗമമായ എഞ്ചിൻ സ്റ്റാർട്ടിംഗ് ഉറപ്പാക്കുന്നതിനായാണ് ഈ സംവിധാനം കൂട്ടിച്ചേർത്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ഈ സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ എത്തുമോ എന്ന കാര്യത്തിൽ ഹോണ്ട ഇതുവരെ കൃത്യമായ സ്ഥിരീകരണം നൽകിയിട്ടില്ല. ഇത് നമ്മുടെ രാജ്യത്ത് അവതരിപ്പിക്കണമെങ്കിൽ മറ്റ് 110 സിസി സ്കൂട്ടറുകളെ അപേക്ഷിച്ച് വളരെ മത്സരാധിഷ്ഠിതമായി തന്നെ നിർണയിക്കേണ്ടി വരും.


Click it and Unblock the Notifications








