സംഭവം ഹിറ്റായെന്ന് iVOOMi, 10 ദിവസത്തിനുള്ളിൽ 500 യൂണിറ്റ് വിൽപ്പനയുമായി Jeet ഇലക്‌ട്രിക് സ്‌കൂട്ടർ
കഴിഞ്ഞ മാസം ജീത് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കിയതിനു ശേഷം വെറും 10 ദിവസത്തിനുള്ളിൽ 500 യൂണിറ്റ് വിൽപ്പന നേടിയെന്ന പ്രഖ്യാപനവുമായി iVOOMi എനർജി. പ്രീമിയം ഇലക്ട്രിക് സ്കൂട്ടറിന്റെ മൊത്തത്തിലുള്ള വിൽപ്പന പൊടിപൊടിക്കുന്നതിൽ സന്തുഷ്‌ടരാണ് കമ്പനി.

അടുത്ത മാസം അവസാനത്തോടെ 1,300 യൂണിറ്റുകൾ വിപണനം ചെയ്യാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്. iVOOMi ജീത്ത് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് 82,999 രൂപയും പ്രോ വേരിയന്റിന് 92,999 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില. ജീത്ത് ഇലക്ട്രിക് സ്കൂട്ടറിന് പൂർണ ചാർജിൽ 130 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഉൽപ്പന്നങ്ങളുടെ വികസനം, ചാർജിംഗ് ഇൻഫ്രാസ്ട്രക്ച്ചർ, നിർമാണ സൗകര്യങ്ങൾ എന്നിവയ്ക്കായി പ്രാദേശിക ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ഇതുവരെ 100 കോടി രൂപയാണ് രാജ്യത്ത് നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാവുക എന്നതാണ് തങ്ങളുടെ കാഴ്ച്ചപ്പാടെന്ന് iVOOMi എനർജിയുടെ എംഡിയും സഹസ്ഥാപകനുമായ സുനിൽ ബൻസാൽ പറഞ്ഞു.

ശരാശരി ഉപയോക്താവിന്റെ ദൈനംദിന യാത്രാ ആവശ്യങ്ങൾക്കായി സുസ്ഥിര മൊബിലിറ്റി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൂനെ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഫിനാൻസിംഗ് സംവിധാനങ്ങൾ നൽകുന്നതിനായി ഒരു പ്രമുഖ സ്വകാര്യ ബാങ്കുമായി കരാറിൽ ഏർപ്പെട്ടിട്ടുമുണ്ട്. ജീത് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിമാൻഡ് വർധിച്ചതോടെ iVOOMi എനർജി പ്രതിദിനം 35 യൂണിറ്റിൽ നിന്ന് 100 യൂണിറ്റായി ഉത്പാദിപ്പിക്കാനുള്ള ശേഷി വർധിപ്പിക്കാനും പദ്ധതിയുണ്ട്.

മാത്രമല്ല ഈ വർഷം രണ്ടാം പാദം മുതൽ പ്രതിമാസം 2,000 യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള ഒരു വിതരണ ശൃംഖലയും കമ്പനി വികസിപ്പിക്കുന്നുണ്ട്. നിലവിൽ നോയിഡ, പൂനെ, അഹമ്മദ്‌നഗർ എന്നിവിടങ്ങളിൽ കമ്പനിക്ക് പ്രതിദിനം 500 ഇ-സ്‌കൂട്ടറുകൾ വിതരണം ചെയ്യാൻ ശേഷിയുള്ള നിർമാണ സൗകര്യങ്ങളാണ് പ്രവർത്തിക്കുന്നത്.

iVOOMi എനർജിയുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ സ്മാർട്ട് സാങ്കേതികവിദ്യയിലും ഉപഭോക്തൃ കേന്ദ്രീകൃത ഫീച്ചറുകളാലും സമ്പന്നമായാണ് നിർമിച്ചിരിക്കുന്നത്. കമ്പനി S1, ജീത്ത് എന്നീ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇന്ത്യയിൽ ഇപ്പോൾ വിൽക്കുന്നത്. രണ്ട് ഹൈ സ്പീഡ് ഇലക്ട്രിക് മോഡലുകളും പരമാവധി 60 കിലോമീറ്റർ വേഗതയും സിംഗിൾ ചാർജിന് 130 കിലോമീറ്റർ വരെ റേഞ്ചുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

iVOOMi ജീത്ത് രണ്ട് വേരിയന്റുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും. ജിത്ത് പ്രോ 92,999 രൂപയ്ക്കും ജീത് 82,999 രൂപയ്ക്കുമാണ് വിപണിയിൽ എത്തുന്നത്. പ്രീമിയം ഡിസൈനും അൾട്രാ പവർ ബിൽഡുമാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും കമ്പനി അവകാശപ്പെടുന്നു. ജീത്ത്, ജീത്ത് പ്രോ എന്നിവയ്ക്ക് 1.5kw-2 kW ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. ഈ ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 130 കിലോമീറ്റർ റേഞ്ചും നൽകാൻ വരെ ശേഷിയുള്ളതാണ്.

റെഡ്, ബ്ലൂ, ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും.170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ജീത്ത് ഇലക്ട്രിക് മോഡലുകൾക്കുള്ളത്. ഫൈൻഡ് മൈ സ്‌കൂട്ടർ, വലിയ 30 ലിറ്റർ ബൂട്ട് സ്‌പേസ്, യുഎസ്ബി ചാർജിംഗ് പോർട്ട്, പാർക്കിംഗ് അസിസ്റ്റ് എന്നിവയാണ് ഇവി മോഡലുകളിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ഉൾപ്പെടുന്നത്. 65 കിലോമീറ്റർ വേഗത വാഗ്ദാനം ചെയ്യുന്ന 2KW ഇലക്ട്രിക് മോട്ടോറാണ് iVOOMi S1 ഹൈ-സ്പീഡ് ഇ-സ്കൂട്ടറിന് തുടിപ്പേകുന്നത്.

75 കിലോഗ്രാമാണ് ഇവിയുടെ മൊത്തത്തിലുള്ള ഭാരം. ഡിസ്‌ക് ബ്രേക്കുകളുമായാണ് മോഡൽ നിരത്തിലെത്തുന്നതും. മൂന്ന് മുതൽ നാല് മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയുന്ന 60V, 2.0Kwh സ്വാപ്പബിൾ ലിഥിയം-അയൺ ബാറ്ററിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പൂർണ ചാർജിൽ 115 കിലോമീറ്റർ റൈഡിംഗ് റേഞ്ചാണ് S1 ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ നൽകുന്നത്.


Click it and Unblock the Notifications








