കാഴ്ച്ചയിൽ മാത്രം സാധു, Kawasaki W175 റെട്രോ ബൈക്ക് സെപ്റ്റംബർ 25-ന് ഇന്ത്യയിൽ എത്തും
ഇലക്‌ട്രിക്, ഹൈബ്രിഡ് എഞ്ചിൻ നിർമിക്കുന്നതായി അറിയിച്ച് അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന ഇരുചക്ര വാഹന നിർമാതാക്കളാണ് കവസാക്കി. 2035-ഓടെ പൂർണമായും ഇലക്ട്രിക്കിലേക്ക് ചേക്കേറാനാണ് ഇപ്പോൾ ജാപ്പനീസ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി കവസാക്കി അടുത്തിടെ Z250 പ്രീമിയം മോഡലിന് സമാനമായ ഒരു പൂർണ ഇലക്ട്രിക് പ്രോട്ടോടൈപ്പും നിഞ്ച 250 പതിപ്പിന് സമാനമായ ഒരു ഹൈബ്രിഡ് പ്രോട്ടോടൈപ്പും പ്രദർശിപ്പിച്ചിരുന്നു.

ഫ്യൂച്ചറിസ്റ്റിക് പ്രോട്ടോടൈപ്പുകൾ പ്രദർശിപ്പിച്ചതിനു പിന്നാലെ ഇപ്പോൾ കവസാക്കി പുതിയൊരു ക്ലാസിക് ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. W175 റെട്രോ ശൈലിയുള്ള മോഡലിനെ വിപണിയിൽ എത്തിച്ച് റെട്രോ, ക്ലാസിക് ബൈക്ക് സെഗ്മെന്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.

സെപ്റ്റംബർ 25-ന് കവസാക്കി ഈ പുതിയ മോഡൽ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. ചെലവ് കുറയ്ക്കാനായി W175 ഇന്ത്യയിൽ നിർമിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വളരെ നേരത്തെ തന്നെ വിപണിയിലെത്തുമെന്ന വാർത്തകളുമായി നിറഞ്ഞുനിന്നൊരു മോട്ടോർസൈക്കിളാണിത്.

2020-ൽ ഇത് ഇന്ത്യയിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തുകയും ചെയ്തിരുന്നുവെങ്കിലും കൊവിഡ്-19 മഹാമാരിയുടെ വ്യാപനത്താൽ പദ്ധതികൾ വൈകിയെന്നാണ് നിഗമനം. കവസാക്കി നിലവിൽ ഇന്ത്യയിൽ മൾട്ടി-സിലിണ്ടർ എഞ്ചിനുകൾക്ക് പേരുകേട്ടതാണെങ്കിലും ബജാജിനൊപ്പം ഇന്ത്യയിൽ ബോക്‌സർ പോലുള്ള ബജറ്റ് കമ്മ്യൂട്ടറുകൾ വിറ്റഴിച്ച ചരിത്രമാണ് ജാപ്പനീസ് ബ്രാൻഡിനുള്ളത്.

എന്നാൽ W175 ബജറ്റിനെ അടിസ്ഥാനമാക്കിയുള്ളൊരു മോഡലായിരിക്കില്ല. കാഴ്ച്ചയിൽ ഒരു സാധുവാണെങ്കിലും ഇത് പ്രീമിയം കമ്മ്യൂട്ടർ വിഭാഗത്തിനെയാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിലും ഇത് ലഭ്യമായതിനാൽ അവിടെ പ്രയോഗിച്ച അതേ തന്ത്രങ്ങളാവും കവസാക്കി ഇവിടെയും ഉപയോഗിക്കുക.

TR, TRSE, കഫേ റേസർ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് W175 ഇന്തോനേഷ്യൻ വിപണിയിൽ എത്തുന്നത്. ആദ്യത്തെ TR പതിപ്പ് ഒരു സ്‌ക്രാംബ്ലറാണ്. അതേസമയം TRSE ഒരു റോഡ്‌സ്റ്റർ ശൈലി സ്വീകരിച്ചിരിക്കുമ്പോൾ കഫേ റേസർ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെയാണ്.

എന്നാൽ എബണി, സ്പെഷ്യൽ എഡിഷൻ റെഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളുള്ള ഒരു സ്റ്റാൻഡേർഡ് മോഡൽ മാത്രമേ ഇന്ത്യയ്ക്ക് ലഭിക്കൂ. ഫീച്ചറുകളുടെ കാര്യത്തിൽ ഇന്ത്യയിൽ നിർമിച്ച കവസാക്കി W175-ന് അനലോഗ് സ്പീഡോമീറ്റർ, അനലോഗ് ഓഡോമീറ്റർ, അനലോഗ് ട്രിപ്പ് മീറ്റർ, ഹാലൊജൻ ഹെഡ്‌ലൈറ്റ്, ഹാലൊജൻ ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽലൈറ്റുകൾ എന്നിവ ലഭിക്കും.

കുറച്ച് ബോഡി പാനലുകളുള്ള വൃത്തിയുള്ളതും കുറഞ്ഞതുമായ രൂപകൽപ്പനയുള്ള സ്‌പോക്ക് വീലുകളും മോട്ടോർസൈക്കിളിന്റെ പ്രത്യേകതകളായിരിക്കും. ഇതൊരു റെട്രോ മോട്ടോർസൈക്കിളായതിനാൽ തന്നെ ഇത്തരം സവിശേഷതകളെല്ലാം W175-ന് മതിയാവുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

177 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കവസാക്കി W175 മോഡലിന് കരുത്ത് പകരുന്നത്. ഇത് 7,500 rpm-ൽ പരമാവധി 13 bhp പവറും 6,000 rpm-ൽ 13.2 Nm torque ഉം സൃഷ്ടിക്കാൻ കഴിയുന്ന എയർ-കൂൾഡ് മോട്ടോറാണ്. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നതും.

കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഈ എഞ്ചിൻ അത്ര പ്രചോദനകരമല്ലെന്ന് തോന്നിയേക്കാം. എന്നാൽ മറ്റൊരു വിധത്തിൽ ബൈക്കിന്റെ ഹൈലൈറ്റ് എടുത്തുകാണിക്കാനാണ് കവസാക്കി ശ്രമിക്കുന്നത്. അത് W175-ന്റെ ഭാരമാണ്. വെറും 135 കിലോഗ്രാം ഭാരം മാത്രുമുള്ള മോട്ടോർസൈക്കിളിന് പെർഫോമൻസിന്റെ കാര്യത്തിൽ കൂടുതൽ തലങ്ങൾ കൈവരിക്കാനാവും.

ഈ ശേഷിയുള്ള എഞ്ചിൻ ഘടിപ്പിക്കുന്ന ഏതൊരു റെട്രോ ബൈക്കിനേക്കാളും ഭാരം കുറവാണ് വരാനിരിക്കുന്ന കവസാക്കി W175 എന്നതും ശ്രദ്ധേയമാണ്. 150 സിസി FZ-X മോഡലിന് പോലും 139 കിലോഗ്രാം ഭാരമുണ്ട്. ഇന്ത്യയിൽ നിർമിച്ച കവസാക്കി W175 ന് മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് സസ്പെൻഷനും പിന്നിൽ 110 mm ട്രാവലും ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് ലഭിക്കുന്നത്.

ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളുള്ള ബ്രേക്കിംഗ് ഹാർഡ്‌വെയറും വളരെ സൗമ്യമാണ്. പിന്നിൽ ഡ്രം ബ്രേക്കുമായാണ് കവസാക്കിയുടെ റെട്രോ ബൈക്ക് നിരത്തിലേക്ക് എത്തുക. W175 ഡബിൾ ക്രാഡിൽ ഷാസിയിലാണ് നിർമിച്ചിരിക്കുന്നത്. ഭാരം കുറവായതിനാൽ, എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ W175-ന് അൽപ്പം മെച്ചപ്പെട്ട പവർ ടി വെയിറ്റ് അനുപാതം ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

790 മില്ലീമീറ്റർ സീറ്റ് ഉയരമുള്ള W175 എല്ലാത്തരം ഉയരത്തിലുമുള്ള റൈഡർമാരെയും ആകർഷിക്കാൻ സാധ്യതയുണ്ട്. ഇനി എതിരാളികളെ കുറിച്ച് പറയുമ്പോൾ, കവസാക്കിയുടെ റെട്രോ ബൈക്കിന് ഇന്ത്യയിൽ നേരിട്ടുള്ള മത്സരമൊന്നുമില്ല. എങ്കിലും FZ X, റോയൽ എൻഫീൽഡ്, ഹോണ്ട, ജാവ, യെസ്ഡി ബൈക്കുകളുമായി വേണമെങ്കിൽ ഒന്നു മാറ്റുരയ്ക്കാം എന്നുമാത്രം.

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഏകദേശം 1.50 ലക്ഷം രൂപ വരെയാവും കവസാക്കി പുതിയ W175 റെട്രോ ക്ലാസിക് ബൈക്കിനായി നിശ്ചയിക്കുന്ന വിലയെന്നാണ് സൂചന. ഭാരവും എഞ്ചിൻ ശേഷിയും ബ്രാൻഡിംഗും നോക്കുമ്പോൾ ഇതൊരു വാല്യൂ ഫോർ മണി ഉൽപ്പന്നമായി തന്നെ കണക്കാക്കാം.


Click it and Unblock the Notifications








