ബെനലിയുടെ കൈപിടിച്ച് Keeway ഇന്ത്യയിലേക്ക്, GT270 മാക്‌സി സ്‌കൂട്ടറിന്റെ അവതരണം മെയ് 17-ന്
ഇന്ത്യയിൽ സ്‌കൂട്ടറുകൾക്ക് പ്രചാരമേറുമ്പോൾ മാക്‌സി സ്റ്റൈൽ മോഡലുകളും ഏറെ ജനപ്രിയമായി വരികയാണ്. നിലവിൽ ചൈനീസ് കമ്പനിയായ QJ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹംഗേറിയൻ ബ്രാൻഡായ കീവേയും നമ്മുടെ വിപണിയിലേക്ക് എത്തുകയാണ്.

എന്നാൽ ഇതുവരെ കണ്ടിട്ടുള്ള സാധാരണ ഒരു സ്‌കൂട്ടറുമായല്ല കമ്പനി വരുന്നത് എന്നതാണ് ശ്രദ്ധേയമാവുന്നത്. പോക്കറ്റു കാലിയാക്കാതെ സ്വന്തമാക്കാനാവുന്ന ഒരു മാക്‌സി സ്‌കൂട്ടറുമായാണ് കീവേ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബെനെലിയുടെ ഉടമസ്ഥതയിലുള്ളതും ഇതേ കമ്പനിയാണ്. ചെറിയ ശേഷിയുള്ള ഹാർലി-ഡേവിഡ്‌സൺ-പ്രചോദിത ക്രൂയിസറുകൾ, സ്‌കൂട്ടറുകൾ, 125 സിസി എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓഫ്-റോഡ് ബൈക്കുകൾ എന്നിവയ്ക്ക് പേരുകേട്ടവരാണ് കീവേ. മെയ് 17 ന് മുംബൈയിൽ നടക്കുന്ന അവതരണ പരിപാടിയിലായിരിക്കും ബ്രാൻഡ് പുത്തൻ മോഡലിനെ രാജ്യത്തിനായി പരിചയപ്പെടുത്തുക.

ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഇരുചക്രവാഹനങ്ങൾ ഇപ്പോൾ കീവേ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നു തന്നെ പറയാം. K-Lite രൂപത്തിലുള്ള ഒരു ക്രൂയിസർ മോട്ടോർസൈക്കിളും GT270 മാക്സി സ്കൂട്ടറും ആയിരിക്കും കമ്പനി അവതരിപ്പിക്കുകയെന്നാണ് ആദ്യ സൂചനകൾ. കീവേ ക്രൂയിസർ മോട്ടോർസൈക്കിൾ റോയൽ എൻഫീൽഡിന്റെ മിഡിൽ വെയ്റ്റ് സെഗ്മന്റിലായിരിക്കും ഇടംപിടിക്കുക.

കീവേ 280 സിസി മാക്സി സ്കൂട്ടർ
പിയാജിയോയിൽ നിന്നുള്ള 278.2 സിസി എഞ്ചിനാണ് കീവേ GT270 മാക്സി സ്കൂട്ടറിൽ പ്രവർത്തിക്കുന്നത്. ഇത് 6500 rpm-ൽ പരമാവധി 19 bhp കരുത്തും 6000 rpm-ൽ 22.5 Nm torque ഉം ഉത്പാദിപ്പിക്കുന്ന സിംഗിൾ സിലിണ്ടർ യൂണിറ്റാണ്. ഇത് ഫ്യുവൽ ഇഞ്ചക്ഷൻ, ലിക്വിഡ് കൂളിംഗ് എന്നിവയുമായി വരുന്നുവെന്നതും ശ്രദ്ധേയമാണ്. കൂടാതെ ഒരു സിവിടി ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

GT270 മാക്സി സ്കൂട്ടറിലെ സസ്പെൻഷൻ ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത് മുന്നിലും പിന്നിലും ഉള്ള പ്രീമിയം KYB സസ്പെൻഷൻ യൂണിറ്റുകളാണ്. മുൻവശത്ത് 35 mm ടെലിസ്‌കോപിക് യൂണിറ്റും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും കീവേ ലഭ്യമാക്കിയിട്ടുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. മുൻവശത്ത് 240 mm ഡിസ്‌കും പിന്നിൽ 220 mm ഡിസ്‌ക്കുമാണ് ഇടംപിടിച്ചിരിക്കുന്നത്.

കീവേ GT270 മോഡലിന് അതിന്റെ മാക്സി സ്കൂട്ടർ ആകർഷണീയതയ്ക്ക് തുല്യമായ 9.5 ലിറ്റർ ഫ്യുവൽ ടാങ്കാണ് ലഭിക്കുന്നത്. മുന്നിലും പിന്നിലു 13 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നതും. ഫ്രണ്ട് വീൽ 110/70 R13 ടയറുകളാൽ നിരത്തിലെത്തുമ്പോൾ പിന്നിൽ 130/70 R13 ടയറുകളാണ് ലഭ്യമാവുന്നത്. 147 കിലോഗ്രാം ഭാരമാണ് സ്‌കൂട്ടറിനുള്ളത്.

സുസുക്കി ബർഗ്മാൻ, അപ്രീലിയ SX തുടങ്ങിയ സ്കൂട്ടറുകൾ ശരിയായ അർഥത്തിൽ യഥാർഥ മാക്സി-സ്കൂട്ടറുകളല്ല. 200 സിസിയിൽ താഴെയുള്ള ചെറിയ കപ്പാസിറ്റിയുള്ള എഞ്ചിനാണ് അവ പ്രവർത്തിപ്പിക്കുന്നത്. കീവേ GT270 ഇന്ത്യയിലെ ഏറ്റവും വില കുറവുള്ളതും ശരിയായതുമായ മാക്സി സ്കൂട്ടർ ആകാൻ സാധ്യതയുണ്ട്. ചില വിപണികളിൽ ബെനലിയുടെ അതേ ഡീലർ നെറ്റ്‌വർക്കിലാണ് കീവേ വിൽക്കുന്നത്.

ഇന്ത്യയിലും ഇതിന് സാധ്യതയുണ്ട്. കീവേ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും ബെനലി ഇന്ത്യയുടെ ഡീലർമാർ വഴി വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മറ്റൊരു ഒറിജിനൽ മാക്സി സ്കൂട്ടർ ബിഎംഡബ്ല്യു C 400 GT ആണ്. എന്നാൽ ഇതിന്റെ വില പ്രീമിയം ലക്ഷ്വറി സെഗ്മെന്റിൽ വരുന്നതിനാൽ വാഹനം ഏവർക്കും സ്വന്തമാക്കാനായേക്കില്ല.

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ കീവേയുടെ വില രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കാം. സെഗ്‌മെന്റിൽ ഇതിന് നേരിട്ടുള്ള എതിരാളികൾ ഉണ്ടാകില്ലെന്നതാണ് വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ഒരു ഘടകം. മാത്രമല്ല ബെനലിയുടെ സപ്പോർട്ടുണ്ടെങ്കിൽ പുതിയൊരു കമ്പനിയെന്ന നിലയിൽ കീവേയെ മാറ്റി നിർത്തപ്പെടാനും സാധ്യതയില്ല.

ഇനി രണ്ടാമത്തെ മോഡലായ K-ലൈറ്റ് ക്രൂയിസറിന്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ബെനലി 502c മോഡലിൽ കാണുന്ന അതേ വലിയ 500 സിസി, ട്വിൻ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനായിരിക്കും മോട്ടോർസൈക്കിളിലും പ്രവർത്തിക്കുക. ഇത് 47 bhp കരുത്തിൽ 46 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എന്നാൽ ബെനലിയിൽ വാഗ്ദാനം ചെയ്യുന്നതിനെ അപേക്ഷിച്ച് ഈ എഞ്ചിൻ അല്പം വ്യത്യസ്തമായി ട്യൂൺ ചെയ്യാനായിരിക്കും സാധ്യത.

കീവേ K-ലൈറ്റ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. സിംഗിൾ പീസ് സീറ്റ് സംവിധാനമുള്ള ഒരു പരമ്പരാഗത ലോ-സ്ലംഗ് ക്രൂയിസർ രൂപഘടനയാണ് മോട്ടോർസൈക്കിളിന് ലഭിക്കുക. മോട്ടോർസൈക്കിളിൽ ഇരുവശത്തും ഒരു പാനലിൽ അവസാനിക്കുന്ന മെലിഞ്ഞ ഫ്യുവൽ ടാങ്കും ഒരു ചെറിയ മഡ്ഗാർഡും ഇടംപിടിക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിൽ മിഡിൽ വെയ്റ്റ് സെഗ്മെന്റിൽ മത്സരം കനക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








