ഒറ്റ ചാർജിൽ 220 കിലോമീറ്റർ റേഞ്ച്, Komaki DT 3000 ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ നാളെ വിപണിയിലേക്ക്
ഇലക്ട്രിക് വാഹന നിർമാതാക്കളായ കൊമാകി ഇലക്ട്രിക് വെഹിക്കിൾ ഡിവിഷൻ DT 3000 എന്നു പേരിട്ടിരിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ നാളെ മാർച്ച് 25-ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഒരുങ്ങുന്നു.

2022-ൽ റേഞ്ചർ ഇലക്‌ട്രിക് ക്രൂയിസർ ബൈക്കും വെനീസ് സ്‌കൂട്ടറും കമ്പനി പുറത്തിറക്കിയതിന് ശേഷം ഈ വർഷം കമ്പനിയുടെ മൂന്നാമത്തെ ലോഞ്ചായിരിക്കും പുതിയ കൊമാകി DT 3000 ഹൈ-സ്പീഡ് ഇവി മോഡൽ.
images are for representation purposes only

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ അതിവേഗ ഇലക്ട്രിക് സ്‌കൂട്ടർ ഓപ്ഷനുകളിലൊന്നായി കൊമാകി DT 3000 മാറുമെന്നാണ് കമ്പനി അവകാശവാദമുന്നയിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോൾ ഈ മോഡൽ ബ്രാൻഡിന്റെ നിരയിൽ നിന്നുള്ള ഫ്ലാഗ്‌ഷിപ്പ് ഇ-സ്കൂട്ടർ ആയിരിക്കും. അതായത് അടുത്തിടെയെത്തിയ വെനീസിന് മുകളിലായിരിക്കും ഇതിന്റെ സ്ഥാനമെന്ന് ചുരുക്കം.

കൊമാകി DT 3000 ഇവിയിൽ പൂർണ ചാർജിൽ 220 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് ഇന്നു വിപണിയിലുള്ള ഈ സെഗ്മെന്റിലെ ഏറ്റവും ഉയർന്ന റേഞ്ചാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നതെന്ന് സാരം. ഇലക്‌ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയാൽ മാത്രമേ ഈ അവകാശവാദങ്ങൾ ശരിയാണോ എന്നറിയാൻ കഴിയൂ.

മാത്രമല്ല മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വേഗത പുറത്തെടുക്കാനും DT 3000 ഹൈ സ്പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറിന് കഴിയുമെന്നും കൊമാകി പറയുന്നു. ഇത് ഏതാണ്ട് ഓല S1 പ്രോയ്ക്ക് തുല്യമാണ്. ശക്തമായ 3000 വാട്ട് BLDC മോട്ടോറും 62V52 AH ന്റെ പേറ്റന്റ് നേടിയ നൂതന ലിഥിയം ബാറ്ററിയുമാണ് മോഡൽ വരുന്നത്.

പൂർണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഉൾപ്പെട്ടേക്കാവുന്ന നിരവധി സാങ്കേതിക സവിശേഷതകളോടെയാകും കൊമാകിയുടെ പുതിയ DT 3000 ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടർ വിൽപ്പനയ്ക്ക് എത്തുക. അതോടൊപ്പം മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകുമെന്നതും ശ്രദ്ധേയമാകും.

ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബ്രാൻഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോഞ്ച് ചെയ്യുമ്പോൾ കൊമാകി DT 3000 അതിന്റെ സെഗ്‌മെന്റിൽ ഓല S1 പ്രോ, സിമ്പിൾ വൺ, ഈവ് സോൾ തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടർ എതിരാളികളെയാകും നേരിടുക. പുതിയ കൊമാകി ഹൈ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന്റെ വില ഏകദേശം 1.15 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപഭോക്താക്കളിൽ നിന്ന് അമിതമായ സ്വീകാര്യത ലഭിച്ചതിന് ശേഷം തങ്ങൾ വീണ്ടും DT 3000 ഹൈ സ്പീഡ് സ്കൂട്ടർ ഉപയോഗിച്ച് അവരുടെ ഹൃദയം കീഴടക്കാൻ പോവുകയാണെന്ന് കൊമാകി ഇലക്ട്രിക് വെഹിക്കിൾ ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു. ഇത്തവണ ഈ സെഗ്‌മെന്റിൽ സമാനതകളില്ലാത്ത സാധ്യതകളാണ് പുതിയ ഇവി ഒരുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ കൊമാകി വെനീസ് എന്ന പേരിൽ ഒരു ഹൈ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ മാത്രമാണ് ഈ സെഗ്മെന്റിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 72v40ah ബാറ്ററി പായ്ക്കിലാണ് ഇത് വരുന്നത്. 3kw മോട്ടോറും 2.9kw ബാറ്ററി പായ്ക്കുമാണ് ഇതിന് തുടിപ്പേകുന്നത്. റിപ്പയർ സ്വിച്ച്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, റിവേഴ്സ് സ്വിച്ച്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകൾ ഇവിയുടെ പ്രത്യേകതകളാണ്.

അതുമാത്രമല്ല സെൽഫ് ഡയഗ്നോസിസ് സിസ്റ്റം, മൊബൈൽ ചാർജിംഗ് പോയിന്റ്, റിവേഴ്സ് അസിസ്റ്റ്, അധിക സ്റ്റോറേജ് ബോക്സ്, ഫുൾ ബോഡി ഗാർഡ് എന്നിവ വെനീസിന്റെ ഹൈലൈറ്റുകളായി കൊമാകി എടുത്തു കാണിക്കുന്നുമുണ്ട്.

ആന്റി തെഫ്റ്റ് ലോക്ക് സിസ്റ്റം, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, വലിയ പാസഞ്ചർ സീറ്റ് എന്നിവയും ഇതിലുണ്ട്. മികച്ച ഡ്രൈവബിലിറ്റി, പവർ, പെർഫോമൻസ്, സുഖസൗകര്യങ്ങൾ എന്നിവ സംയോജിപ്പിച്ച് നിർമിച്ച മോഡലാണ് കൊമാകി വെനീസ് ഇലക്ട്രിക് സ്കൂട്ടർ. വെനീസ് ഇലക്ട്രിക് സ്കൂട്ടർ ഒറ്റ ചാർജിൽ ഏകദേശം 120 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നതും. ആകർഷകമായ 9 നിറങ്ങളിൽ മോഡൽ സ്വന്തമാക്കാനുമാവും.


Click it and Unblock the Notifications








