പെട്രോൾ വില വർധനവ് പണിയായി, പോയ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകൾ
ഇലക്ട്രിക് സ്‌കൂട്ടറുകളുടെ തള്ളികയറ്റമാണ് പോയ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വാഹന വിപണി സാക്ഷ്യംവഹിച്ചത്. പൊട്രോൾ വില കുതിച്ചുയരുമ്പോൾ പലരും ഇലക്ട്രിക് മോഡലുകളിലേക്ക് ചേക്കേറാനും തുടങ്ങി.

ആയതിനാൽ തന്നെ 2022 സാമ്പത്തിക വർഷത്തിൽ സ്‌കൂട്ടർ വിൽപ്പനയിൽ അനാരോഗ്യകരമായ ഇടിവാണുണ്ടായിരിക്കുന്നതും. കൊവിഡ് മഹാമാരിയുടെ വ്യാപനവും, അക്കാദമിക് സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ, വർക്ക് ഫ്രം ഹോം കൾച്ചർ, ഇന്ധന വില വർധന തുടങ്ങിയ കാരണങ്ങളും വാഹന വിൽപ്പനയെ കാര്യമായ തകർത്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്‌കൂട്ടർ സെഗ്‌മെന്റിൽ ഇലക്ട്രിക് മോഡലുകളുടെ വൻ വളർച്ചയാണ് സ്റ്റാർട്ട്അപ്പ് കമ്പനികളെല്ലാം നേടിയെടുത്തിരിക്കുന്നതും. 2022 സാമ്പത്തിക വർഷത്തിലെ മൊത്തം സ്‌കൂട്ടർ വിൽപ്പന 36,95,292 യൂണിറ്റായാണ് രേഖപ്പെടുത്തിയത്.

2021 സാമ്പത്തിക വർഷത്തിൽ വിറ്റ 41,27,241 യൂണിറ്റുകളെ അപേക്ഷിച്ച് 10.47 ശതമാനം ഇടിവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. സുസുക്കി ആക്‌സസ്, ബർഗ്‌മാൻ എന്നിവയൊഴികെ മികച്ച 10 സ്‌കൂട്ടർ പട്ടികയിലെ എല്ലാ മോഡലുകളിലും കാര്യമായ ഇവിവാണുണ്ടായിരിക്കുന്നത്.

പോയ സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായി ഹോണ്ട ആക്ടിവ നിലകൊള്ളുകയും വിൽപ്പന പട്ടികയിൽ വലിയ മാർജിനിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 2022 കാലയളവിൽ ആക്ടിവ സ്‌കൂട്ടറിന്റെ വിൽപ്പന 17,08,305 യൂണിറ്റായിരുന്നു.

2021 സാമ്പത്തിക വർഷത്തിൽ വിറ്റ 19,39,640 യൂണിറ്റുകളെ അപേക്ഷിച്ച് 11.93 ശതമാനം ഇടിവാണ് ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ആക്‌ടിവയുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. അതായത് ഏകദേശം 2,31,335 യൂണിറ്റുകളുടെ കുറവുണ്ടായെന്ന് സാരം.

രാജ്യത്തെ സ്കൂട്ടർ സെഗ്മെന്റിൽ ഹോണ്ട ആക്ടിവയ്ക്ക് 46.23 ശതമാനം ഓഹരിയാണുള്ളത് മറ്റ് സ്കൂട്ടറുകളൊന്നും 10 ലക്ഷം യൂണിറ്റിന് മുകളിൽ വിൽപ്പന നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2022 സാമ്പത്തിക വർഷത്തിൽ 5,04,567 യൂണിറ്റ് വിൽപ്പനയുമായി ടിവിഎസ് ജുപ്പിറ്ററാണ് രണ്ടാം സ്ഥാനത്തുള്ളത്.

എങ്കിലും മോഡലിന്റെ വിൽപ്പനയിൽ ടിവിഎസിന് 35,899 യൂണിറ്റിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്. 2021 സാമ്പത്തിക വർഷത്തിൽ വിറ്റ 5,40,466 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 6.64 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിൽ ജുപ്പിറ്ററിന് 13.65 ശതമാനം വിപണി വിഹിതമുണ്ട്.

അടുത്തിടെ ടിവിഎസ് മോട്ടോർ കമ്പനി ജുപ്പിറ്റർ ശ്രേണി വിപുലീകരിക്കുകയും ചെയ്‌തിരുന്നു. പുതിയ ഫീച്ചറുകളും കളർ ഓപ്ഷനുകളും ഉള്ള ശ്രേണിയിലെ ZX വേരിയന്റിന്റെ ഒരു പുതിയ ടോപ്പ് എൻഡ് പതിപ്പുമായാണ് കമ്പനി കടന്നുവന്നത്. SmartXonnect കണക്ടിവിറ്റിയുള്ള ഇതിന് 80,973 രൂപയാണ് എക്സ്ഷോറൂം വില.

സുസുക്കി ആക്‌സസ് സ്‌കൂട്ടറിന് 2022 സാമ്പത്തിക വർഷത്തിൽ 10.30 ശതമാനം ഡിമാൻഡ് വർധിച്ച് 4,60,596 യൂണിറ്റുകളായി വിൽപ്പന ഉയർന്നു. 2021 സാമ്പത്തിക വർഷത്തിൽ വിറ്റ 4,17,601 യൂണിറ്റുകളിൽ നിന്നാണ് ഈ വർധവുണ്ടായിരിക്കുന്നത്.

12.46 ശതമാനം വിപണി വിഹിതമുള്ള സുസുക്കി ആക്‌സസ് 125 അതിന്റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ മോഡലാണ്. മികച്ച പവറും ഭാരവും വലിപ്പവും ഇന്ധനക്ഷമതയുമാണ് സുസുക്കി ആക്‌സസിന്റെ മുഖമുദ്ര. ഏകദേശം 60 കിലോമീറ്ററോളം മൈലേജ് നൽകാൻ സ്കൂട്ടറിനാവും.

ടിവിഎസിൽ നിന്നുള്ള എൻടോർക്ക് സ്‌കൂട്ടറിന്റെ വിൽപ്പന 2022 സാമ്പത്തിക വർഷത്തിൽ 0.88 ശതമാനം കുറഞ്ഞു. 2021 സാമ്പത്തിക വർഷത്തിൽ 2,51,491 യൂണിറ്റായിരുന്ന വിൽപ്പന 2022 സാമ്പത്തിക വർഷത്തിൽ 2,49,277 യൂണിറ്റായി കുറഞ്ഞു.

പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഹോണ്ട ഡിയോയാണ്. 2021 സാമ്പത്തിക വർഷത്തിൽ 3,14,417 യൂണിറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 29.19 ശതമാനം ഇടിഞ്ഞ് 2,22,632 യൂണിറ്റിലെത്തി മോഡലിന്റെ വിൽപ്പന.

ഏകദേശം 91,785 യൂണിറ്റുകളുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്ന് സാരം. ആഭ്യന്തര വിപണിയിൽ ഡിയോ സ്‌കൂട്ടർ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിലും ഹോണ്ട ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന സ്‌കൂട്ടറാണിത്.

ഹീറോ പ്ലെഷറിന്റെ വിൽപ്പന 2021 സാമ്പത്തിക വർഷത്തിൽ വിറ്റ 2,03,594 യൂണിറ്റിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 11.61 ശതമാനം ഇടിഞ്ഞ് 1,79,961 യൂണിറ്റായി. പ്ലെഷർ പ്ലസ്, മാസ്ട്രോ എഡ്ജ് 110, മാസ്ട്രോ എഡ്ജ് 125, ഡെസ്റ്റിനി 125 എന്നിങ്ങനെ നാല് സ്കൂട്ടറുകൾ കമ്പനി നിലവിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

യമഹ റേ ZR 2021 സാമ്പത്തിക വർഷത്തിൽ വിറ്റ 1,30,648 യൂണിറ്റുകളിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 1,03,491 യൂണിറ്റുകളായി കുറഞ്ഞു. അതിന്റെ ഫലമായി 20.79 ശതമാനം ഇടിവാണ് ജാപ്പനീസ് ബ്രാൻഡിന് സംഭവിച്ചിരിക്കുന്നത്.

അതേസമയം സുസുക്കി ബർഗ്മാന്റെ വിൽപ്പന 30.55 ശതമാനം വർധിച്ച് 99,946 യൂണിറ്റായി ഉയർന്നത് ശ്രദ്ധേയമായി. 2021 സാമ്പത്തിക വർഷത്തിൽ വിറ്റ 76,556 യൂണിറ്റുകളിൽ നിന്നാണ് ഈ ഉയർച്ച. ഫാസിനോ (97,166 യൂണിറ്റുകൾ), ഡെസ്റ്റിനി 125 (69,351 യൂണിറ്റുകൾ) സ്‌കൂട്ടറുകളാണ് അവസാന സ്ഥാനങ്ങളിലുള്ളത്.


Click it and Unblock the Notifications








