P-14 ഹൈ സ്പീഡ് ഇലക്ട്രിക് ബൈക്കിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് Nahak Motors
വരാനിരിക്കുന്ന നഹക് P-14 ഹൈ സ്പീഡ് ഇലക്ട്രിക് ബൈക്കിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ച് നഹക് മോട്ടോർസ്. മാർച്ച് 15 മുതൽ മാർച്ച് 30 വരെ പരിമിത കാലത്തേക്കായിരിക്കും പ്രീ-ബുക്കിംഗ് വിൻഡോ തുറന്നിരിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

തുടർന്ന് മെയ് മാസത്തോടെ P-14 ഹൈ സ്പീഡ് ഇലക്ട്രിക്കിനായുള്ള ഡെലിവറികൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു. നഹക് P-14 മോട്ടോർസൈക്കിളിന് 2.49 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് 11,000 രൂപ ടോക്കൺ തുകയായി നൽകി ഇ-ബൈക്ക് ബുക്ക് ചെയ്യാം.

പ്രീ ബുക്കിംഗ് കാലയളവിൽ കമ്പനി എംആർപിയിൽ 10 ശതമാനം കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ഗുണനിലവാരമുള്ള ഇലക്ട്രിക് മൊബിലിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത് തങ്ങളുടെ ഉത്തരവാദിത്തമാണ്. വേഗതയില്ലായ്‌മയുടെ കാര്യത്തിൽ ഇലക്‌ട്രിക് മൊബിലിറ്റിയെ വളരെക്കാലമായി അവഗണിക്കപ്പെട്ടിരുന്നു. ഇതിനെല്ലാം മറുപടിയായി ഇലക്ട്രിക് ബൈക്ക് സെഗ്‌മെന്റിൽ കമ്പനി ഒരു ഹൈ സ്പീഡ് മോഡലിനെ അവതരിപ്പിക്കുകയാണെന്ന് ഹക്ക് ഗ്രൂപ്പ് ചെയർമാൻ പ്രവത് നഹക് പറഞ്ഞു.

2020 ഓട്ടോ എക്‌സ്‌പോ സമയത്ത് ഇന്ത്യയിലെ ആദ്യത്തെ ഹൈ സ്പീഡ് ഇലക്ട്രിക് ബൈക്കായ നഹക് P-14 പുറത്തിറക്കിയിരുന്നു. കൂടാതെ കൊവിഡ്-19 കാരണം വിവിധ പരിമിതികൾ ഉണ്ടായിരുന്നിട്ടും മോട്ടോർസൈക്കിൾ വേഗത്തിൽ യാഥാർഥ്യമാക്കാനും തങ്ങൾക്കായെന്നും നഹക്ക് കൂട്ടിച്ചേർത്തു.

മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹൈ സ്പീഡ് ഇലക്ട്രിക് ബൈക്കാണ് നഹക് P-14. 2020 ഓട്ടോ എക്‌സ്‌പോയിൽ ഈ ബൈക്ക് പരിചയപ്പെടുത്തിയപ്പോൾ സന്ദർശകരിൽ നിന്നും ഏറെ സ്വീകാര്യതയാണ് ഈ മോട്ടോർസൈക്കിളിന് ലഭിച്ചതും. അന്ന് P 14, RP 46 എന്നീ രണ്ട് മോഡലുകളാണ് കമ്പനി അന്ന് പ്രദർശിപ്പിച്ചിരുന്നത്.

സൂപ്പർസ്‌പോർട് സ്‌റ്റൈലിംഗ് തന്നെയായിരുന്നു ഈ ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണവും. ബൈക്കിൽ 72v 60Ah ലിഥിയം അയൺ ബാറ്ററിയാണ് നഹക് സജ്ജീകരിച്ചിരിക്കുന്നത്. അത് വീട്ടിലും ഹോം ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാം. ബാറ്ററി പൂർണമായി ചാർജാവാൻ ഏകദേശം 3 മണിക്കൂർ സമയമാണ് വേണ്ടിവരിക.

വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി ചാർജുചെയ്യുന്ന ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനിലും ബൈക്ക് ലഭ്യമാണ്. 150 മുതൽ 180 കിലോമീറ്റർ വരെ റേഞ്ച് നൽകാനും നഹക് P-14 ഹൈ സ്പീഡ് ഇലക്ട്രിക് ബൈക്ക് പ്രാപ്‌തമാണ്. മറ്റ് മെക്കാനിക്കൽ സവിശേഷതകളിലേക്ക് നോക്കിയാൽ ഇവിയ്ക്ക് മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കുകളാണ് ലഭ്യമാവുന്നത്.

ബ്രേക്കിംഗിനായി നഹക് മോട്ടോർസ് മുന്നിൽ ഇരട്ട ഡിസ്‌ക് സജ്ജീകരണവും 140 സെക്ഷൻ പിൻ ടയറും ഇട്ടിട്ടുണ്ട്. മോട്ടോർസൈക്കിളുകളിന് 3 റൈഡിംഗ് മോഡുകളും റിവേഴ്സ് മോഡും നഹക് മോട്ടോർസ് അവതരിപ്പിക്കുന്നുണ്ട്. സൂപ്പർസ്‌പോർട്‌സ് മോട്ടോർസൈക്കിളുകളിൽ കാണുന്നത് പോലെ ഒരു ക്ലിപ്പ്-ഓൺ ഹാൻഡിൽ ബാറും ഒരു സ്പ്ലിറ്റ് സീറ്റ് ക്രമീകരണവുമാണ് ഇവയെ വേറിട്ടു നിർത്തുന്ന മറ്റൊരു ഘടകം.

ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചപ്പോൾ സ്വിച്ച് ഗിയർ ഗുണനിലവാരം അത്ര മികച്ചതായിരുന്നില്ല. അതിനാൽ പ്രൊഡക്ഷൻ പതിപ്പിലേക്ക് എത്തുമ്പോൾ മൊത്തത്തിലുള്ള ബിൽഡ് ക്വാളിറ്റിയും ഫീലും എങ്ങനെയായിരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. P-14 ഇലക്‌ട്രിക്കിന് ഇരട്ട ഹെഡ്‌ലൈറ്റുകളാണ് സമ്മാനിച്ചിരിക്കുന്നത്. ഓരോ സെറ്റിലും രണ്ട് എൽഇഡി പ്രൊജക്ടർ ലൈറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്.

നഹക് P-14 ഇലക്‌ട്രിക് ബൈക്കിൽ പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വരുന്നത്. നിലവിൽ ഇന്ത്യയിലെ വ്യത്യസ്‌തമാർന്ന ഇലക്‌ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ, ഇലക്ട്രിക് സൈക്കിളുകൾ, ഇലക്‌ട്രിക് മുചക്ര വാഹനങ്ങൾ എന്നിവയാണ് നഹക് മോട്ടോർസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








