കാഴ്ച്ചയിൽ തന്നെ കൗതുകം; Zero One ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒരു ജർമൻ കമ്പനി, റേഞ്ച് 140 കിലോമീറ്റർ വരെ
കഴിഞ്ഞ കുറച്ച് മാസങ്ങളായി വിദേശ വിപണികളിലും ഇന്ത്യൻ വിപണികളിലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ കുതിപ്പിനാണ് നാം സാക്ഷ്യംവഹിക്കുന്നത്.

ഇക്കാരണത്താൽ തന്നെ ഇലക്ട്രിക് മൊബിലിറ്റി വിപ്ലവം ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുമായി വാഹന വ്യവസായത്തിലേക്ക് നിരവധി പുതിയ ബ്രാൻഡുകളും കടന്നുവരവിന് തയാറായതും ഉണർവേകുന്നുണ്ട്. തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ പ്രോട്ടോടൈപ്പ് ഔദ്യോഗികമായി വെളിപ്പെടുത്തി ഈ പട്ടികയിലേക്കെത്തിയ ഏറ്റവും പുതിയ അതിഥികളാണ് നയോൺ എന്ന കമ്പനി.

ജർമനിയിൽ നിന്നുള്ള ഇലക്ട്രിക് വെഹിക്കിൾ (ഇവി) സ്റ്റാർട്ടപ്പായ നയോൺ സീറോ വൺ എന്ന പേരിലാണ് തങ്ങളുടെ ആദ്യത്തെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇരുചക്രവാഹനത്തെ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതൊരു പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പ് മാത്രമാണ്. ഇലക്ട്രിക് സ്കൂട്ടർ ഇതുവരെ പ്രീ-ബുക്കിംഗിന് ലഭ്യമായിട്ടില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

L1e, L3e എന്നീ രണ്ട് വേരിയന്റുകളിലായാണ് നയോൺ സീറോ വൺ വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേതിന് 4,920 യൂറോ (ഏകദേശം 4.20 ലക്ഷം രൂപ) ആണ് വില. രണ്ടാമത്തെ വേരിയന്റിന് 6,420 യൂറോ (ഏകദേശം 5.48 ലക്ഷം രൂപ) വിലയോടെയും ലഭ്യമാക്കും. എന്നിരുന്നാലും അതിന്റെ തനതായ രൂപകല്പനയും വിലയും വിലയിരുത്തുമ്പോൾ സീറോ വൺ ഒരു പ്രീമിയം ഇലക്ട്രിക് സ്കൂട്ടറായി സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ സീറോ വണ്ണിന്റെ സ്റ്റൈലിംഗാണ് സമകാലിക ഇ-സ്കൂട്ടറുകൾക്കും ബാക്കിയുള്ളവയ്ക്കും ഇടയിലുള്ള ഏറ്റവും വലിയ വ്യത്യാസം. വളരെ കുറച്ച് ബോഡി പാനലുകൾ മാത്രം ഉൾക്കൊള്ളുന്ന സീറോ വണ്ണിനായി നായോൺ പാരമ്പര്യേതരവും എന്നാൽ ചുരുങ്ങിയതുമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള ഡിസൈൻ ആരെയും ആകർഷിക്കാൻ പ്രാപ്‌തമാണെന്ന് ചുരുക്കി പറയാം.

അതേസമയം അതിന്റെ ജ്യാമിതീയ അനുപാതങ്ങൾ സ്കൂട്ടറിന് കൂടുതൽ ഷാർപ്പ് ലുക്കിംഗും സമ്മാനിച്ചിട്ടുണ്ട്. ഫ്ലാറ്റ് സിംഗിൾ പീസ് സീറ്റ്, നീളമുള്ളതും പരന്നതുമായ ഫുട്‌ബോർഡ്, നേക്കഡ് ഹാൻഡിൽബാറുകൾ, തുറന്നിരിക്കുന്ന റിയർ സ്വിംഗാർം, മുൻവശത്തെ വിൻഡ്‌ഷീൽഡ് എന്നിവ ഇതിന്റെ ചില സ്റ്റൈലിംഗ് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

മാത്രമല്ല, ചതുരാകൃതിയിലുള്ള സിംഗിൾ ബാർ എൽഇഡി ഹെഡ്‌ലൈറ്റ് വിൻഡ്‌ഷീൽഡിൽ ഘടിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷമായ സ്റ്റൈലിംഗ് വിശദാംശമാണ്. കട്ടിയുള്ള ഫ്ലോർബോർഡിലാണ് ബാറ്ററി പായ്ക്ക് സ്ഥാപിച്ചിരിക്കുന്നത്. ഇത് സ്കൂട്ടറിന് വളരെ കുറഞ്ഞ ഗുരുത്വാകർഷണ കേന്ദ്രം നൽകാൻ ഏറെ സഹായകരമായിട്ടുണ്ട്.

ഇത് നല്ല റൈഡിംഗ് സ്റ്റെബിലിറ്റിയിലേക്കാണ് ഇലക്‌ട്രിക് സ്‌കൂട്ടറിനെ വിവർത്തനം ചെയ്യുന്നത്. ബാറ്ററി പായ്ക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ സീറോ വണ്ണിന് ഊർജം പകരുന്നത് 2.4 kWh ലിഥിയം-അയൺ ബാറ്ററിയാണ്, ഇത് ഒറ്റ ചാർജിൽ 70 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഒരു അധിക ബാറ്ററി പായ്ക്ക് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ ഒറ്റ ചാർജിൽ ഈ റേഞ്ച് 140 കിലോമീറ്ററായി നീട്ടാനാകുമെന്ന് ചുരുക്കം.

എന്നിരുന്നാലും ഇലക്ട്രിക് സ്കൂട്ടറിന്റെ രണ്ട് വകഭേദങ്ങളും വ്യത്യസ്ത തലത്തിലുള്ള പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന L1e വേരിയന്റിന് 3 kW പീക്ക് ഔട്ട്പുട്ട് ലഭിക്കുന്നു. ഇത് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലേക്കാകും വിവർത്തനം ചെയ്യുക. മറുവശത്ത് 10 kW (13.4 bhp), 200 Nm torque എന്നിവയുടെ പീക്ക് ഔട്ട്പുട്ടുള്ള 7 kW റിയർ ഹബ് മോട്ടോർ L3e അവതരിപ്പിക്കുന്നു.

തൽഫലമായി ഈ വേരിയന്റിന് 100 കിലോമീറ്ററിന്റെ ഉയർന്ന വേഗത കൈയെത്തി പിടിക്കാനും സാധിക്കും. സീറോ വണ്ണിന് അടിവരയിടുന്നത് ഒരു അലൂമിനിയം ഫ്രെയിമാണ്. അത് മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ മോണോ ഷോക്കും ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഫ്രെയിമും ബോഡി പാനലുകളും പുനരുപയോഗം ചെയ്യാൻ കഴിയുന്ന സുസ്ഥിര വസ്തുക്കളാൽ നിർമിച്ചതാണ് എന്നതും ഏറെ സ്വീകാര്യമായ നടപടിയാണ്. എബിഎസ് സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് നയോൺ സീറോ വണ്ണിൽ ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം സീറോ വൺ ഒരു സമർപ്പിത ഇൻസ്ട്രുമെന്റ് കൺസോൾ വാഗ്ദാനം ചെയ്യുന്നില്ലെന്നത് ആശ്ചര്യപ്പെടുത്തിയേക്കാം. പകരം റൈഡ് വിവരങ്ങൾക്കായി ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്ന റൈഡറുടെ സ്മാർട്ട്‌ഫോണാകും ഉപയോഗിക്കുന്നത്. ബാറ്ററികൾ ഫ്ലോർബോർഡിന് താഴെയായി ഘടിപ്പിച്ചിരിക്കുന്നതിനാൽ സ്കൂട്ടർ സീറ്റിനടിയിൽ നല്ല സ്റ്റോറേജ് സ്പേസ് നൽകുമെന്നാണ് വിശ്വാസം.


Click it and Unblock the Notifications








