മാറ്റങ്ങളോടെ 2022 മോഡൽ Tiger 1200 ഇന്ത്യയിലേക്ക്, പുതിയ ടീസർ പുറത്തുവിട്ട് Triumph
കഴിഞ്ഞ വർഷം അവസാനം ആഗോളതലത്തിൽ അവതരിപ്പിച്ച 2022 ടൈഗർ 1200 അഡ്വഞ്ചർ ടൂറർ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്.

പുതിയ ഷാസിയും കൂടുതൽ കരുത്തുറ്റ ത്രീ-സിലിണ്ടർ എഞ്ചിനും ഉൾപ്പെടെ തീർത്തും കിടിലൻ മാറ്റങ്ങളോടെയാണ് 2022 ടൈഗർ 1200 വിപണിയിലേക്ക് എത്തുന്നത്. ട്രയംഫ് ഇന്ത്യയുടെ വെബ്സൈറ്റ് അനുസരിച്ച്, പ്രോ, എക്സ്പ്ലോറർ സ്പെസിഫിക്കേഷനുകളിൽ ടൈഗർ 1200 റാലിയും 1200 ജിടിയും വിപണിയിലെത്തുമെന്ന് സ്ഥിരീകരിക്കാനാവും.

അന്താരാഷ്ട്ര തലത്തിൽ ടൈഗർ 1200 ഒരു സ്റ്റാൻഡേർഡ് ജിടി പതിപ്പിലും ലഭ്യമാണ്. എന്നാൽ മോട്ടോർസൈക്കിളിന്റെ ഈ മോഡൽ ഇന്ത്യയിൽ എത്തിയേക്കില്ല. ജിടി വേരിയന്റുകൾ കൂടുതൽ റോഡ്-പക്ഷപാതപരമായ ഉപയോഗത്തിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതേസമയം റാലി മോഡലുകൾക്ക് കൂടുതൽ ഓഫ്-റോഡ് ശേഷിയും ഉണ്ടാവും.

ഇതോടൊപ്പം മികച്ച ടു-അപ്പ് ടൂറിംഗ് ശേഷിയും പുതിയ ടൈഗർ 1200 ബൈക്കിന്റെ മേൻമായായിരിക്കും. 2022 മെയ് രണ്ടാം പകുതിയോടെ പുതിയ മോട്ടോർസൈക്കിളിനെ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേ അവസരത്തിൽ തന്നെ മോഡലുകൾക്കായുള്ള വിലയും ബ്രിട്ടീഷ് ബ്രാൻഡ് പ്രഖ്യാപിക്കും.

പുതിയ കനംകുറഞ്ഞ അലുമിനിയം ഷാസിയിൽ നിർമിച്ചിരിക്കുന്നതിനാൽ ട്രയംഫ് ടൈഗർ 1200 അതിന്റെ മുൻഗാമിയേക്കാൾ 25 കിലോ ഭാരം കുറഞ്ഞതാണ്. മൊത്തത്തിലുള്ള ഡിസൈൻ, എക്‌സ്‌ഹോസ്റ്റ് എന്നിവ ബോഡിയോട് ചേർന്ന് നീങ്ങുന്നതിനാൽ നിലവിലെ മോഡലിനേക്കാൾ ചെറുതായിരിക്കും വരാനിരിക്കുന്നത്.

മൊത്തത്തിൽ ട്രയംഫ് മോട്ടോർസൈക്കിൾ പുതിയ ടൈഗർ 1200 മോഡലിനെ കൂടുതൽ മികച്ച ഹാൻഡിലിംഗ് സവിശേഷതകളാൽ സമ്പന്നമാക്കിയെന്നും പറയാം. റോഡിലും, ഓഫ്-റോഡിലും ബൈക്കിനെ അനായാസം കൈകാര്യം ചെയ്യാമെന്നാണ് ഈ നവീകരണങ്ങളെല്ലാം സഹായിക്കുക.

9000 rpm-ൽ പരമാവധി 148 bhp കരുത്തും 7,000 rpm-ൽ 130 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പുതിയ 1,160 സിസി, ലിക്വിഡ് കൂൾഡ് ഇൻ-ലൈൻ ത്രീ സിലിണ്ടർ എഞ്ചിനാണ് 2022 ടൈഗർ 1200 മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ടി-പ്ലെയിൻ ക്രാങ്ക്, അസമമായ ഫയറിംഗ് ഓർഡർ എന്നിവ പുതിയ എഞ്ചിന്റെ സവിശേഷതകളാണെന്ന് ട്രയംഫ് പറയുന്നു.

6 സ്പീഡ് ഗിയര്‍ബോക്സുള്ള ഷാഫ്റ്റ് ഡ്രൈവ് സിസ്റ്റവും ഇതിന്റെ പ്രത്യേകതയാണ്. ലോ-എന്‍ഡ് ട്രാക്റ്റബിലിറ്റിയും പ്രതികരണശേഷിയും വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന അസമമായ ഫയറിംഗ് ഓര്‍ഡറോട് കൂടി എഞ്ചിന് ടി-പ്ലെയ്ന്‍ ട്രിപ്പിള്‍ ക്രാങ്ക് ലഭിക്കുന്നു.

സസ്പെൻഷൻ സജ്ജീകരണങ്ങളിലേക്ക് നോക്കിയാൽ ഇന്ത്യയിലെ എല്ലാ മോഡലുകൾക്കും മുന്നിൽ ഷോവ അപ്-സൈഡ് ഡൌൺ ഫോർക്കുകും പിന്നിൽ മോണോഷോക്ക്, സെമി-ആക്ടീവ് ഡാംപിങ്ങ് എന്നിവയും ലഭിക്കും. റാലിയുടെ 220 മില്ലീമീറ്ററിൽ നിന്ന് 200 mm കുറഞ്ഞ സസ്പെൻഷൻ ട്രാവൽ വാഗ്ദാനം ചെയ്യുന്ന ജിടി പതിപ്പിലായിരിക്കും വ്യത്യാസമുണ്ടായിരിക്കുക.

രണ്ട് മോഡലുകൾക്കും വ്യത്യസ്ത വീലുകളാണ് ട്രയംഫ് സമ്മാനിച്ചിരിക്കുന്നത്. ജിടി പതിപ്പുകൾക്ക് കാസ്റ്റ് അലുമിനിയം വീലുകൾ ലഭിക്കുന്നു - മുൻവശത്ത് 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചുമാണ് ലഭിക്കുന്നത്. റാലി വേരിയന്റുകൾ വയർ-സ്‌പോക്ക് വീലുകളിലാണ് വിപണിയിൽ എത്തുന്നത്. ഇവ 21 ഇഞ്ചായിരിക്കുമെങ്കിലും പിൻവീലിന്റെ വലിപ്പത്തിന് മാറ്റമുണ്ടാകില്ല.

ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുന്‍വശത്ത് ടോപ്പ്-സ്‌പെക്ക് ബ്രെംബോ സ്‌റ്റൈല്‍മ കാലിപ്പറുകളുള്ള ഡ്യുവല്‍ 320 mm ഡിസ്‌കുകളും പിന്നില്‍ 282 mm സിംഗിള്‍ റോട്ടറും ഉള്‍പ്പെടുന്നു. ട്രയംഫ് ടൈഗർ 1200 ജിടി പതിപ്പുകളെ അപേക്ഷിച്ച് ടൈഗർ 1200 റാലി മോഡലുകൾക്ക് ഉയർന്ന സീറ്റ് ഉയരവും ലഭിക്കും.

7 ഇഞ്ച് കളര്‍-TFT ഡിസ്പ്ലേ, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, മൾട്ടിപ്പിൾ റൈഡ് മോഡുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, കോർണറിംഗ് ലൈറ്റുകൾ എന്നിവയും അതിലേറെയും പോലെയുള്ള ഇലക്ട്രോണിക് റൈഡർ എയ്ഡുകളാൽ സമ്പന്നമായിരിക്കും മോട്ടോർസൈക്കിൾ. ട്രയംഫ് ടൈഗർ 1200 എക്സ്പ്ലോറർ മോഡലുകൾക്ക് ബ്ലൈൻഡ്-സ്പോട്ട് നിരീക്ഷണവും ലെയ്ൻ മാറ്റ മുന്നറിയിപ്പ് നൽകുന്ന റഡാർ സംവിധാനവും ലഭിക്കും.

പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റ്, സെമി-ഫെയറിംഗ്, സ്പ്ലിറ്റ് സാഡില്‍, ടോള്‍-സെറ്റ് എക്സ്ഹോസ്റ്റ് സ്‌ക്രീം, ഉയരമുള്ള വിന്‍ഡ്സ്‌ക്രീന്‍ എന്നിവയും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്. ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ 18 ലക്ഷം രൂപയ്ക്ക് മുകളിൽ വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V4 ആയിരിക്കും പുതിയ 2022 മോഡൽ ട്രയംഫ് ടൈഗർ 1200 അഡ്വഞ്ചർ ടൂററിന്റെ പ്രധാന എതിരാളി.

അതോടൊപ്പം തന്നെ ബിഎംഡബ്ല്യു R 1250 GS മോഡലും പുത്തൻ ടൈഗർ 1200-ന് വെല്ലുവിളി ഉയർത്തും. ട്രയംഫ് മോട്ടോർസൈക്കിൾസ് ഇന്ത്യ ബൈക്കിനായുള്ള പ്രീ-ബുക്കിംഗ് 2021 ഡിസംബറിൽ തന്നെ ആരംഭിച്ചിരുന്നു.


Click it and Unblock the Notifications








