ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ, 1000 ബുക്കിംഗ് പൂർത്തിയാക്കി പുത്തൻ BMW G 310 RR
ജൂൺ 10 ന് ബുക്കിംഗ് ആരംഭിച്ച ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പുത്തൻ G 310 RR സ്പോർട്‌സ് മോട്ടോർസൈക്കിളിനായി ഇതുവരെ ലഭിച്ചത് 1000 ബുക്കിംഗുകൾ. ഒരു പ്രീമിയം മോട്ടോസൈക്കിളെന്ന നിലയിൽ രണ്ട് മാസത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കാനായത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

ബിഎംഡബ്ല്യു G310RR സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഓൺലൈനിലോ ഏതെങ്കിലും അംഗീകൃത ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പുകളിലോ ബൈക്ക് പ്രീ-ബുക്ക് ചെയ്യാം. ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുന്നതിന് ബ്രാൻഡ് ചില ഈസി ഫിനാൻസിംഗ് പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യുവിന്റെ 310 സിസി ലൈനപ്പിലെ പുതിയ മോട്ടോർസൈക്കിൾ ടിവിഎസ് അപ്പാച്ചെ RR310 അടിസ്ഥാനമാക്കിയുള്ളതാണ്. ജൂലൈ 15-ന് പുറത്തിറക്കിയ ബൈക്ക് ഹൊസൂരിലെ ടിവിഎസ് പ്ലാന്റിലാണ് പൂർണമായും നിർമിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

G310R, G310GS എന്നിവയ്ക്ക് ശേഷം G ശ്രേണിയിലേക്ക് എത്തുന്ന ബ്രാൻഡിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലുകളിൽ ഒന്നായാണ് G310RR പരിചയപ്പെടുത്തിയിരിക്കുന്നത്. രണ്ട് വേരിയന്റുകളിലായി അവതരിച്ചിരിക്കുന്ന ഫുള്ളി-ഫെയർഡ് മോട്ടോർസൈക്കിളിന് 2.85 ലക്ഷം മുതൽ 2.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ടിവിഎസ് അപ്പാച്ചെ RR310 മോഡലിനെ അപേക്ഷിച്ച് നോക്കുമ്പോൾ കുറച്ച് കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമായാണ് ബിഎംഡബ്ല്യു G310 RR വിപണിയിലെത്തിയിരിക്കുന്നത്. ടോപ്പ് എൻഡ് വേരിയന്റിൽ ബിഎംഡബ്ല്യു-നിർദ്ദിഷ്‌ട നിറങ്ങളും ഗ്രാഫിക്‌സും ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ വലിയ സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളുകൾക്ക് അനുസൃതമായി അതിന്റെ രൂപം നൽകുന്നതാണ് ഏവരെയും ആകർഷിക്കുക. ബൈക്കിന് പരിചിതമായ 313 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകാൻ എത്തുക.

അതായത് G 310 GS, G 310 R, അപ്പാച്ചെ RR 310 എന്നിവയിൽ കണ്ട് പരിചിതമായ അതേ എഞ്ചിനാണ് ബിഎംഡബ്ല്യു G310 RR സ്പോർട്‌സ് മോട്ടോർസൈക്കിളിലും പ്രവർത്തിക്കുന്നതെന്ന് സാരം. ഇത് 9,700 rpm-ൽ പരമാവധി 34 bhp കരുത്തും 7,700 rpm-ൽ 27 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന ബൈക്കിന് റൈഡ് മോഡുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവയും ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ബൈക്കിന് നൽകിയിരിക്കുന്നു. സ്‌പോർട്ട്, ട്രാക്ക്, റെയിൻ, അർബൻ മോഡും പ്രീമിയം ബൈക്കിന്റെ ഫീൽ ഉയർത്തുന്നുണ്ട്.

ബിഎംഡബ്ല്യു തങ്ങളുടെ പുതുതായി പുറത്തിറക്കിയ ബിഎംഡബ്ല്യു G310 RR അന്താരാഷ്ട്ര വിപണികളിലേക്കും കയറ്റുമതി ഉടൻ ആരംഭിക്കും. GS, R എന്നിവ പോലെ G 310 RR പതിപ്പും ബിഎംഡബ്ല്യുവുയുമായുള്ള സഹകരണത്തിന്റെ ഭാഗമായി ടിവിഎസ് അതിന്റെ ഹൊസൂർ പ്ലാന്റിൽ നിർമിക്കുകയാണ് ചെയ്യുന്നത്.

കൂടാതെ ചൈന, ലാറ്റിനമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ പ്രമുഖ വിപണികളുള്ള ഇന്ത്യയിൽ നിന്ന് ആഗോളതലത്തിൽ മോട്ടോർസൈക്കിളുകൾ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇന്ത്യയിൽ കവസാക്കി നിഞ്ച 300, കെടിഎം RC390, ടിവിഎസ് അപ്പാച്ചെ 310 എന്നിങ്ങനെയുള്ള എതിരാളികളെയാണ് G310RR നേരിടുക.

ബൈക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കളെ കൂടുതൽ പ്രാപ്‌തരാക്കുന്നതിന് ബിഎംഡബ്ല്യു ഫിനാൻസിംഗ് പദ്ധതികളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ സ്റ്റാൻഡേർഡ്, ബലൂൺ, ബുള്ളറ്റ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഇതിലുള്ളത്. ബിഎംഡബ്ല്യു G310RR-ന് 84 മാസം വരെ ലോൺ കാലാവധി ലഭ്യമാണെന്നും കമ്പനി പറയുന്നു. പ്രതിമാസ EMI പ്ലാനുകൾ 3,999 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു G310RR സൂപ്പർ സ്പോർട്ട് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്. ഡ്യുവൽ ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് കൗൾ മൗണ്ടഡ് കോംപാക്‌ട് റിയർ വ്യൂ മിററുകൾ, വലിപ്പമുള്ള വിൻഡ്‌സ്‌ക്രീൻ എന്നിവയെല്ലാം ടിവിഎസ് അപ്പാച്ചെ RR310 വേരിയന്റിന് സമാനമാണ്.


Click it and Unblock the Notifications








