160 കിലോമീറ്റർ റേഞ്ച്, പുതിയ OKHI 90 ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ച് Okinawa
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ആദ്യമെത്തിയവരിൽ ഒരാളാണ് ഒഖിനാവ ഓട്ടോടെക്. ഇവികളെ രാജ്യത്ത് ജനപ്രിയമാക്കിയതിൽ പ്രധാന പങ്കുവഹിക്കാനും ഇവർക്കായിട്ടുണ്ട്. 2022 ഫെബ്രുവരിയിലെ വിൽപ്പന കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്‌ട്രിക് വാഹന നിർമാതാക്കളാണ് ഒഖിനാവ.

ദേ ഇപ്പോൾ പുതിയൊരു മോഡലുമായി വിപണിയിൽ എത്തിയിരിക്കുകയാണ് കമ്പനി. ഏറെ നാളായി കാത്തിരിക്കുന്ന Okhi 90 എന്ന പ്രീമിയം ഇലക്‌ട്രിക് സ്‌കൂട്ടറുമായാണ് ഒഖിനാവയുടെ വരവ്. വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

വൈവിധ്യമാർന്ന റോഡ് സാഹചര്യങ്ങളിൽ മൊത്തത്തിലുള്ള റൈഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഓഖി 90 ഇലക്ട്രിക് സ്‌കൂട്ടറിന് 16 ഇഞ്ച് അലൂമിനിയം അലോയ് വീലുകളാണ് ഒഖിനാവ സമ്മാനിച്ചിരിക്കുന്നത്. വിശാലമായ ടയറുകളുള്ളതിനാൽ മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളെ അപേക്ഷിച്ച് മികച്ച ഗ്രിപ്പും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്.

ശരിക്കും പറഞ്ഞാൽ ഇതുവരെ ഇറങ്ങിയതിൽവെച്ച് ഒരു ഇലക്‌ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്ന ഏറ്റവും വലിയ വീലുകളാണിത്. ഒഖിനാവ ഓഖി 90 മോഡലിന്റെ എൽഇഡി ഹെഡ്‌ലൈറ്റ് ഡിസൈൻ ബ്രാൻഡ് ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. മങ്ങിയ സാഹചര്യങ്ങളിൽ മെച്ചപ്പെട്ട ദൃശ്യപരത, രാത്രി സവാരി, കുറഞ്ഞ വെളിച്ചത്തിൽ ഡ്രൈവിംഗ് എന്നിവയ്ക്കുള്ള സെൻസിറ്റീവ് ലൈറ്റ് സെൻസർ ഹെഡ്‌ലൈറ്റിന്റെ സവിശേഷതയാണ്.

ഓഖി 90 സ്‌കൂട്ടറിന്റെ നോബ്-സ്റ്റൈൽ ഓട്ടോമാറ്റിക് കീലെസ് സ്റ്റാർട്ട് വേഗത്തിലും എളുപ്പത്തിലും സ്റ്റാർട്ടാവാൻ സഹായിക്കുന്ന ഒന്നാണ്. ഇതോടൊപ്പം ഇൻ-ബിൽറ്റ് നാവിഗേഷൻ, ഡിജിറ്റൽ സ്പീഡോമീറ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മൊബൈൽ ചാർജിംഗ് യുഎസ്ബി-പോർട്ട്, ലഗേജ് ബോക്സ് ലൈറ്റ്, ജിയോ ഫെൻസിംഗ്, സുരക്ഷിത പാർക്കിംഗ് എന്നിവയും അതിലേറെയും ഫീച്ചറുകളാണ് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഉൾപ്പെടുന്നത്.

റൈഡർ അലേർട്ടുകളിൽ ബാറ്ററി വിവരങ്ങൾ, സ്പീഡ് അലേർട്ടുകൾ, കോളുകൾ, അറിയിപ്പുകൾ, ഇൻഷുറൻസ്, മെയിന്റനൻസ് റിമൈൻഡറുകൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. ഒഖിനാവ കണക്‌ട് ആപ്പ് ഫീച്ചർ സമ്പന്നമാണെന്നു മാത്രമല്ല, ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്താനും ഏറെ സഹായിക്കുന്നുണ്ട്.

ഫൈൻഡ് മൈ സ്കൂട്ടർ ഫംഗ്ഷൻ സ്കൂട്ടർ കണ്ടെത്താനും ഉടമകളെ സഹായിക്കും. മോഷണം നടന്നെന്നു കണ്ടാൽ ഓഖി 90 ഇതുവഴി നിശ്ചലമാക്കാനും ഉപകരിക്കും. ഡ്രൈവർ സ്കോർ ട്രാക്കിംഗ്, ഡാറ്റ മോണിറ്ററിംഗ് എന്നിവയും ആപ്പിലൂടെ പരിശോധിക്കാം. ഗ്ലോസി വൈൻ റെഡ്, ഗ്ലോസി പേൾ വൈറ്റ്, ഗ്ലോസി ആഷ് ഗ്രേ, ഗ്ലോസി ജ്വല്ലറി ബ്ലൂ എന്നിങ്ങനെയുള്ള വ്യത്യസ്‌ത കളർ ഓപ്ഷനുകളാണ് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിനൊപ്പം കമ്പനി വാഗ്‌ദാനം ചെയ്യുന്നതും.

ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഒഖിനാവ ഓഖി 90 ഇ-സ്കൂട്ടറിന് കേന്ദ്രീകൃതമായി ഘടിപ്പിച്ച 3800-വാട്ട് മോട്ടോറാണ് തുടിപ്പേകുന്നത്. ഇവിയ്ക്കൊപ്പം 2 റൈഡ് മോഡുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടാതെ 10 സെക്കൻഡിനുള്ളിൽ 0 മുതൽ 90 കിലോമീറ്റർ വേഗത കൈവരിക്കാനും ഓഖി ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും.

ഇക്കോ മോഡിൽ ഒരാൾക്ക് മണിക്കൂറിൽ 55-60 കിലോമീറ്റർ വേഗതയിൽ അനായാസം സഞ്ചരിക്കാനാവും. അതേസമയം സ്‌പോർട്‌സ് മോഡിൽ ഇത് 85-90 കി.മീ/മണിക്കൂർ വേഗതയായി മാറുന്നു. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന നീക്കം ചെയ്യാവുന്ന 72V 50 AH ലിഥിയം-അയൺ ബാറ്ററിയുമാണ് പുതിയ ഒഖിനാവ ഓഖി 90 സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത.

ഒറ്റ ചാർജിൽ സ്കൂട്ടറിന് 160 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്ന് ഒഖിനാവ പറയുന്നു. ഒഖിനാവ ഓഖി-90 1,21,866 രൂപയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. FAME II, സംസ്ഥാന സബ്‌സിഡി എന്നിവയെ ആശ്രയിച്ച് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വില എല്ലായിടത്തും വ്യത്യാസപ്പെടുമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

FAME II സബ്സിഡികളുടെ ലഭ്യതയും സംസ്ഥാന സബ്‌സിഡി വിലയും കിഴിച്ചിട്ട് പുതിയ ഓഖി 90 ഇവിയുടെ വില എങ്ങനെയാണെന്നു നോക്കാം. ഡൽഹിയിൽ 1,03,866 രൂപ, മഹാരാഷ്ട്രയിൽ 1,03,866 രൂപ, ഗുജറാത്തിൽ 1,01,866 രൂപ, രാജസ്ഥാനിൽ 1,14,866 രൂപ, ഒറീസയിൽ 1,16,866 രൂപ എന്നിങ്ങനെയാണ് വില. ഒഖിനാവ ഓട്ടോടെക് ഓഖി സ്‌കൂട്ടറിന്റെ ബാറ്ററിക്ക് 3 വർഷത്തെ വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്.

ഏകദേശം 1.8 വർഷത്തെ ഗവേഷണത്തിനും വികസനത്തിനും ശേഷം ഇന്ത്യൻ വിപണിയിൽ ഓഖി 90 വിപണിയിൽ കൊണ്ടുവരുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അതോടൊപ്പം തന്നെ അവിശ്വസനീയമാംവിധം അഭിമാനമുണ്ടെന്ന് ഒഖിനാവ ഓട്ടോടെക് മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകനുമായ ജിതേന്ദർ ശർമ്മ പറഞ്ഞു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെക്കുറിച്ചുള്ള ഉപയോക്താവിന്റെ ധാരണയെ പൂർണ്ണമായും പരിവർത്തനം ചെയ്യാൻ ഒഖിനാവ ഓഖി 90 മോഡലിന് കഴിവുണ്ട്. ഈ സ്‌കൂട്ടർ അതിന്റെ മികവുറ്റ പ്രകടനത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കുക മാത്രമല്ല, ഇന്നത്തെ ലോകത്ത് ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന അനുയോജ്യമായ ഇരുചക്രവാഹനമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








