രൂപം വെളിപ്പെടുത്തി Okinawa Okhi 90 ഇലക്‌ട്രിക് സ്‌കൂട്ടർ; വിപണിയിലേക്ക് മാര്‍ച്ച് 24-ന് എത്തും
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ദിനംപ്രതി കടന്നുവരുന്നത് നിരവധി ഇലക്‌ട്രിക് സ്‌കൂട്ടർ മോഡലുകളാണ്. പെട്രോൾ മോഡലുകളേക്കാൾ കൂടുതൽ ആവശ്യക്കാരാണ് ഇന്ന് ഇവികൾക്കുള്ളതും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധനവിലയില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതോടെ ഉപഭോക്താക്കള്‍ സാവധാനം ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് ചേക്കേറുകയാണ്.

രാജ്യത്തെ ഇരുചക്ര മേഖലയിലെ മുന്‍നിര ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒരാളായ ഒഖിനാവ ഓട്ടോടെക് ഉടന്‍ തന്നെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാൻ തയാറെടുത്തു കഴിഞ്ഞിരിക്കുകയാണ്. 2022 മാര്‍ച്ച് 24-ന് അവതരിപ്പിക്കുന്നതിനു മുന്നോടിയായി മോഡലിനെ പരിചയപ്പെടുത്തുന്നതിനായി പുതിയ ടീസർ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ് കമ്പനി.
ഒഖിനാവ ഓട്ടോടെക് പുറത്തുവിട്ട പുതിയ ടീസർ ചിത്രം ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപഘടനയും അതിന്റെ ചില സവിശേഷതകളുടെയും വ്യക്തമായ കാഴ്ച്ചയാണ് നൽകുന്നത്. ഇവിയെ നിരവധി തവണ പരീക്ഷണയോട്ടത്തിനും കമ്പനി അടുത്തിടെയെല്ലാം നിരത്തുകളിൽ എത്തിച്ചിരുന്നു.

ഒഖി 90 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ഒരു ബോൾഡ് ഡിസൈനോടെയാണ് വരുന്നത്. ഇത് ബ്രാൻഡിൽ നിന്നുള്ള മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളേക്കാൾ ഒരു പടി മുന്നിലാണ്. ഇതിന് എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽലൈറ്റ് എന്നിവ ഒഖിനാവ സമ്മാനിച്ചിട്ടുണ്ട്. മോട്ടോർസൈക്കിളുകളിൽ കാണുന്ന വലിയ അലോയ് പോലെയുള്ള വീലുകളാണ് മോഡലിന് ലഭിക്കുന്നതും.

വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് ഒരുതരം ചരിഞ്ഞ മുൻവശമാണ് ഒഖിനാവ ഓട്ടോടെക് നൽകിയിരിക്കുന്നത്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ട് ഹാൻഡിലുകളിലും ഘടിപ്പിച്ചിരിക്കുന്ന സ്വിച്ച് ഗിയറുകൾ, കോംപാക്റ്റ് റൈഡർ ഫുട്‌ബോർഡ് എന്നിവയും ഇതിന്റെ സവിശേഷതയാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വിവിധ വിവരങ്ങൾ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ കണക്റ്റിവിറ്റി സവിശേഷതകളോടെയും ഒഖിനാവ ഒഖി 90 വരാൻ സാധ്യതയുണ്ട്. സീറ്റുകൾ റൈഡർക്കും യാത്രക്കാർക്കും വിശാലമായ റൈഡിംഗ് സുഖം പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പുറകിൽ കട്ടിയുള്ള ഒരു ഗ്രാബ് റെയിലാണ് ഇടംപിടിച്ചിരിക്കുന്നത്. ബാറ്ററി പായ്ക്കിനൊപ്പം റിയർ-വീൽ ഹബ്-മൗണ്ടഡ് ഡിസി ഇലക്ട്രിക് മോട്ടോർ ഉത്പാദിപ്പിക്കുന്ന സജ്ജീകരണമാണ് സ്കൂട്ടറിന് ലഭിക്കുന്നു.

കട്ടിയുള്ള ഫ്ലോര്‍ബോർഡിലായിരിക്കും ബാറ്ററി പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് സ്‌കൂട്ടറിന് മികച്ച സ്ഥിരത നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പില്യണ്‍ സീറ്റ്, ചങ്കി സിംഗിള്‍ പീസ്, സില്‍വര്‍ ഫിനിഷ്ഡ് ഗ്രാബ് റെയില്‍, പിന്നില്‍ വലിയൊരു ലഗേജ് റാക്ക്, വീതിയേറിയ ടെയില്‍ ലാമ്പ് എന്നിവയും സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ആദ്യ കാഴ്ച്ചയിൽ അപ്രീലിയ SXR 160 മാക്‌സി സ്‌കൂട്ടറിനെ അനുസ്‌മരിപ്പിച്ചേക്കാം.

വരാനിരിക്കുന്ന ഒഖി 90 ഹൈസ്‌പീഡ് സ്‌കൂട്ടറിന് ഒറ്റ ചാർജിൽ 150 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് ഒഖിനാവ ഇതിനകം അവകാശപ്പെട്ടിരുന്നു. ഇവി മോഡലിന് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ഓടാൻ അനുവദിക്കുന്ന ലിഥിയം-അയൺ ബാറ്ററി പായ്ക്കോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍, ബാറ്ററി 60 മിനിറ്റിനുള്ളില്‍ ശേഷിയുടെ 80 ശതമാനം വരെ ചാര്‍ജ് ചെയ്‌തെടുക്കാന്‍ സാധിക്കും.

ഇ-സ്‌കൂട്ടറിന് രണ്ട് ഡ്രൈവ് മോഡുകളും ലഭിക്കുന്നു- ഇക്കോ, പവര്‍, അത് സ്വിച്ച് ഗിയറിന്റെ വലതുവശത്ത് കൂടി ടോഗിള്‍ ചെയ്യാന്‍ കഴിയും. ഇതുകൂടാതെ ജിയോ-ഫെന്‍സിംഗ്, നാവിഗേഷന്‍, ഡയഗ്നോസ്റ്റിക്സ് എന്നിവയും അതിലേറെയും പോലുള്ള കണക്റ്റുചെയ്ത നിരവധി സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു എംബഡഡ് ഇ-സിം ഇലക്‌ട്രിക് സ്കൂട്ടറിൽ ഉണ്ടാകും.

നിലവിൽ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഒഖിനാവയാണ് ഒന്നാം സ്ഥാനത്ത്. വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ കൂടുതൽ വിപണി വിഹിതം നേടാൻ കമ്പനിയെ സഹായിക്കുമെന്നാണ് കമ്പനിയുടെ അനുമാനം. ഓല S1, സിമ്പിൾ വൺ, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഏഥർ 450X തുടങ്ങിയ എതിരാളികൾക്കെതിരെ വരാനിരിക്കുന്ന ഒഖി 90 ഇലക്ട്രിക് സ്കൂട്ടറിന് കമ്പനി വില നിശ്ചയിക്കാൻ സാധ്യതയുണ്ട്.

ഇവി നിർമ്മാതാവ് രാജസ്ഥാനിൽ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹന നിർമാണ കേന്ദ്രം ആരംഭിക്കുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാന്റിൽ നിന്നുള്ള പ്രധാന ഉൽപ്പന്നങ്ങളിൽ ഒന്നായിരിക്കും ഒഖി90. 1.80 ലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള രാജസ്ഥാനിലെ അല്‍വാര്‍ പ്ലാന്റില്‍ നിന്നാണ് ഇലക്ട്രിക് വാഹന നിര്‍മാതാവ് നിലവില്‍ ലോ സ്പീഡ്, ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകളും ഉത്പാദിപ്പിക്കുന്നത്.


Click it and Unblock the Notifications








