തീപിടിത്ത പശ്ചാത്തലത്തിൽ 1,441 ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തിരികെവിളിച്ച് Ola
ഇലക്ട്രിക് സ്‌കൂട്ടറുകൾ തീപിടിക്കുന്ന പല സംഭവങ്ങളും അടുത്തിടെ ഇന്ത്യയിൽ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഇത്തരത്തിൽ നിരവധി സംഭങ്ങൾ അരങ്ങേറിയതോടെ ഇലക്ട്രിക് സ്കൂട്ടറുകൾ സുരക്ഷിതമല്ലേ എന്ന ചോദ്യം പലരുടേയും മനസിലേക്ക് കയറികൂടിയിട്ടുമുണ്ട്.

അതിൽ ഓല, ഒഖിനാവ, പ്യുര്‍ ഇവി തുടങ്ങി പല കമ്പനികളുടേയും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അഗ്നിക്കിരയായതും ആശങ്കകൾ ഉയർത്തുന്നുണ്ട്. ദേ ഇപ്പോൾ വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഓല ഇലക്ട്രിക് 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചിരിക്കുകയാണ്.

മാർച്ച് 26-ന് പൂനെയിൽ ഉണ്ടായ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക വിലയിരുത്തലിൽ ഇത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് ഓല ഇലക്ട്രിക് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. തിരിച്ചുവിളിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ ഒല ഇലക്ട്രിക്കിന്റെ സർവീസ് എഞ്ചിനീയർമാർ പരിശോധിക്കും.

കൂടാതെ എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെർമൽ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും സമഗ്രമായ ഡയഗ്നോസ്റ്റിക്സ് നടത്തുകയും ചെയ്യുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങൾക്ക് തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്വർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇപ്പോൾ തങ്ങളുടെ 1,441 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

തീപിടിച്ചത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഒരു മുൻകൂർ നടപടിയെന്ന നിലയിൽ നിർദ്ദിഷ്ട ബാച്ചിലെ സ്കൂട്ടറുകളുടെ വിശദമായ ഡയഗ്നോസ്റ്റിക്, ഹെൽത്ത് പരിശോധന കമ്പനി നടത്തും. തിരികെ വിളിച്ചിരിക്കുന്ന ഈ സ്‌കൂട്ടറുകൾ ഒല ഇലക്ട്രിക്കിന്റെ സർവീസ് എഞ്ചിനീയർമാർ പരിശോധിക്കുമെന്നും എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെർമൽ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും സമഗ്രമായ ഡയഗ്നോസ്റ്റിക്സ് നടത്തുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

യൂറോപ്യൻ സ്റ്റാൻഡേർഡ് ECE 136-ന് അനുസൃതമായി പ്രവർത്തിക്കുന്നതിന് പുറമെ തങ്ങളുടെ ബാറ്ററി സംവിധാനങ്ങൾ ഇന്ത്യയ്‌ക്കുള്ള ഏറ്റവും പുതിയ നിർദ്ദേശിത മാനദണ്ഡമായ AIS 156 നിർദേശങ്ങങ്ങൾക്ക് ഇതിനകം അനുസരിച്ചുവെന്നും പരീക്ഷിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ വ്യാപകമായ സാഹചര്യത്തിൽ തീപിടിത്ത സംഭവങ്ങളുടെ സ്ഥിതിഗതികൾ പരിശോധിക്കാനായി സർക്കാർ ഒരു പാനൽ രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ കമ്പനികളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പിഴവുകൾ കണ്ടെത്തിയാൽ പിഴ ഈടാക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സർക്കാർ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗർവാൾ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ബാറ്ററികളില്‍ നിന്നും പ്രത്യേക സാഹചര്യങ്ങളില്‍ അമിതമായി ചൂട് പുറത്തേക്ക് വരുന്നതാവാം തീപിടിക്കാനുള്ള സാധ്യതകളില്‍ ഒന്നെന്ന് കൊറിറ്റ് ഇലക്ട്രിക് സിഇഒയും ഡയറക്ടറുമായ മയൂര്‍ മിശ്ര പറയുന്നു.

ഓലയ്ക്ക് പുറമെ ഒഖിനാവ ഓട്ടോടെക്കും തങ്ങളുടെ 3,000 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം പ്യുവർ ഇവി ഏകദേശം 2,000 യൂണിറ്റുകൾക്കായി സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. പോയ വർഷം ഓഗസ്റ്റ് 15-നാണ് S1, S1 പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളെ അവതരിപ്പിച്ച് ഓല ഇലക്‌ട്രിക് ഈ രംഗത്തേക്ക് കടന്നുവരുന്നത്.

പ്രാരംഭ പതിപ്പിന് ഒരു ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റായ S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാൽ മാർച്ച് 18 മോഡലുകൾക്കായുള്ള വില വർധിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൃത്യമായ വർധനവ് എത്രയാകുമെന്ന് ബ്രാൻഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഉപയോക്താക്കൾക്ക് മൊത്തത്തിലുള്ള റൈഡ് എക്സ്പീരിയൻസ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള MoveOS 2.0 സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഓല ഉടൻ തന്നെ അവതരിപ്പിക്കും. ഏപ്രിൽ അവസാനത്തോടെ OTA അപ്‌ഡേറ്റ് വഴി ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്കൂട്ടറുമായി ലൊക്കേഷൻ ഷെയറിംഗ്, സമീപത്ത് ചാർജിംഗ് സ്റ്റേഷൻ ലൊക്കേറ്റ് ചെയ്യുക എന്നീ സവിശേഷതകളാണ് MoveOS 2.0 OTA അപ്‌ഡേറ്റിലൂടെ ലഭ്യമാവുകയെന്നാണ് ഓല ഇലക്ട്രിക് വ്യക്തമാക്കിയിരിക്കുന്നത്. S1 ഇലക്ട്രിക് സ്കൂട്ടറിന് 2.98 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്.

അതേസമയം പ്രീമിയം മോഡലായ ഓല S1 പ്രോയ്ക്ക് ഒരു വലിയ 3.97 kWh ബാറ്ററി പായ്ക്കാണ് കമ്പനി നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും രണ്ട് സ്‌കൂട്ടറുകളും ഏതാണ്ട് സമാനമായ ഇലക്ട്രിക് മോട്ടോറോടെയാണ് വരുന്നത്. S1 പതിപ്പിന് ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമ്പോള്‍ S1 പ്രോയ്ക്ക് 181 കിലോമീറ്റര്‍ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പ്രീമിയം മോഡലായതിനാൽ തന്നെ S1 പ്രോയില്‍ അധിക ഹൈപ്പര്‍ മോഡും ഓല ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്ത് ഹൈപ്പര്‍ചാര്‍ജര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ ചാർജിംഗ് സംവിധാനത്തിലൂടെ വെറും 18 മിനിറ്റിനുള്ളില്‍ 0 മുതല്‍ 50 ശതമാനം വരെ സ്‌കൂട്ടറിന്റെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാമെന്നാണ് ഓല അവകാശപ്പെടുന്നത്.


Click it and Unblock the Notifications








