50,000 യൂണിറ്റ് നിർമാണം പൂർത്തിയാക്കി Ola Electric, ഇനി മുന്നിൽ കൂടുതൽ ലക്ഷ്യങ്ങൾ
ഇന്ത്യയിലെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളെന്ന നിലയിൽ അതിവേഗം വളർന്നവരാണ് ഓല ഇലക്ട്രിക്. 2014-ൽ സ്ഥാപിതമായ എറ്റേർഗോ ബിവി എന്ന നെതർലാൻഡ്‌സ് ഇലക്ട്രിക് സ്‌കൂട്ടർ കമ്പനിയെ 2020-ൽ ഏറ്റെടുത്തതിന് ശേഷമാണ് ഓല ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത്.

ഓല S1 പ്രോ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ AppScooter 2018-ലാണ് ആദ്യമായി വെളിപ്പെടുത്തുന്നത്. CES 2019, ജർമ്മനിയിലെ ഓട്ടോമോട്ടീവ് ബ്രാൻഡ് മത്സരം എന്നിവയുൾപ്പെടെ വിവിധ ഇവന്റുകളിൽ ഇത് നിരവധി അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.

വിൽപ്പനയും സർവീസും സർവം ഓൺലൈൻ മയമായി നടത്തുന്ന ഓല ചൂടൻ ചർച്ചകളിൽ ഇടംപിടിച്ചു നിൽക്കുന്നുമുണ്ട്. വിൽപ്പന ആരംഭിച്ചതു മുതൽ ധാരാളം പരാതികൾ കേൾക്കുന്നുണ്ടെങ്കിലും S1 ശ്രേണിയിലുള്ള മോഡലുകൾ സ്വന്തമാക്കാൻ ആളുകൾ തയാറാവുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

S1, S1 പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഓല ഇലക്ട്രിക് സ്കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. പ്രീമിയം മോഡലിന് കൂടുതൽ ഡിമാന്റ് ലഭിക്കുന്നതിനാൽ S1 പതിപ്പിനായുള്ള നിർമാണം കമ്പനി താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഓല S1 പ്രോ ഇവിയിൽ പരമാവധി 181 കിലോമീറ്റർ റേഞ്ചാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.

കൂടാതെ 3.97 kWh ബാറ്ററി പായ്ക്കാണ് സ്കൂട്ടറിന്റെ ഹൃദയം. ഇത് 8.5kW കരുത്തിൽ 58 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. S1 വേരിയന്റിനെ അപേക്ഷിച്ച് അധികമായി ഒരു ഹൈപ്പർ ഡ്രൈവ് മോഡും S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിലുണ്ട്. സ്‌കൂട്ടറിന് പരമാവധി 115 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനുമാവും.

0-60 കിലോമീറ്റർ വേഗത വെറും 5 സെക്കൻഡിനുള്ളിൽ ഓല S1 പ്രോ ഇലക്ട്രിക് കൈവരിക്കും. 125 കിലോ ഭാരവുമുള്ള മോഡലിന് 110/70-R12 സെക്ഷൻ ടയറുകളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. നിലവിൽ വിൽപ്പനയുടെ കാര്യം നോക്കിയാൽ ഓലയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ്.

ഹീറോ ഇലക്ട്രിക്കിനു പിന്നിലായി ഈ നേട്ടം കരസ്ഥമാക്കാൻ ഓലയ്ക്ക് അധികകാലം എടുത്തില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. 2022 മാർച്ചിൽ മാത്രം ഓല 9,000 യൂണിറ്റുകളിലധികം ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്തു. നിലവിൽ പ്രതിദിനം 800 ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കുന്നുണ്ടെന്ന് ഓല അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അങ്ങനെ നോക്കുകയാണെങ്കിൽ ഓലയുടെ മൊത്തം ഉത്പാദനം ഇതിനകം 50,000 യൂണിറ്റ് കടന്നതായാണ് റിപ്പോർട്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതിദിനം 2000 സ്കൂട്ടറുകളായി നിർമാണം വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പ്രതിവർഷം 15 ലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ ഉത്പാദനശേഷി. പൂർണ ശേഷിയിൽ പ്രതിവർഷം 1 കോടി യൂണിറ്റ് സ്കൂട്ടറുകൾ നിർമിക്കാനും ബ്രാൻഡിന് സാധിക്കും.

നിലവിലെ പാർട്‌സ് വിതരണത്തിലെ പ്രശ്നങ്ങൾ കാരണം ഉത്പാദനം വലിയതോതിൽ തടസപ്പെട്ടിരിക്കുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിവിധ നിർമാതാക്കളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെടെയുള്ള സംഭവങ്ങൾ മരണത്തിനും പരിക്കിനും കാരണമായതിനെത്തുടർന്ന് ഓലയും തങ്ങളുടെ 1,441 യൂണിറ്റ് S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചു.

മാർച്ച് 26-ന് പൂനെയിൽ ഓല സ്കൂട്ടറിന് തീപിടിച്ച സാഹചര്യത്തിലാണ് ഈ തിരിച്ചുവിളിക്കൽ. എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെർമൽ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും സമഗ്രമായ ഡയഗ്നോസ്റ്റിക്സ് നടത്തുകയും ചെയ്യുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഓല ഇലക്ട്രിക് പറയുന്നതനുസരിച്ച് ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും സ്കൂട്ടറുകളിൽ ഘടിപ്പിച്ച ബാറ്ററിയിലോ മറ്റ് ഭാഗങ്ങളിലോ ഉള്ള സഹജമായ പ്രശ്‌നമല്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നിരുന്നാലും സ്കൂട്ടർ എങ്ങനെ സ്വയം അഗ്നിക്കിരയായെന്ന് കണ്ടെത്താൻ ബാറ്ററി, ഹീറ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.

തിരിച്ചുവിളിച്ച യൂണിറ്റുകൾ മുകളിൽ പറഞ്ഞ സ്‌കൂട്ടറിന്റെ അതേ ബാച്ചിൽ പെട്ടതാണെന്നും അവയെല്ലാം വിശദമായ ഡയഗ്‌നോസ്റ്റിക്‌സിനും ആരോഗ്യ പരിശോധനയ്ക്കും വിധേയമാക്കുമെന്നും ഓല ഇലക്ട്രിക് അറിയിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഈ മേഖലയിലെ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു, അന്വേഷണം പൂർത്തിയായാൽ കണ്ടെത്തലുകൾ പരസ്യമാക്കുകയും ചെയ്യും.

ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഒഖിനാവ തങ്ങളുടെ 3,215 യൂണിറ്റ് പ്രെയിസ് പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ച ഹൈദരാബാദിൽ പ്യുവർ ഇവി ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബാറ്ററികളും ചാർജറുകളും പരിശോധിക്കുന്നതിനായി പ്യുവർ ഇവി 2,000 യൂണിറ്റ് ഇട്രാൻസ് പ്ലസ്, ഇപ്ലൂട്ടോ 7G ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്.


Click it and Unblock the Notifications








