ഇനി നമ്പർ വൺ Ola, ഏപ്രിലിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇലക്‌ട്രിക് ടൂവീലർ ബ്രാൻഡ്
കുറച്ചുകാലമായി ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന നിര ഭരിച്ചിരുന്ന രാജാക്കൻമാരായിരുന്നു ഹീറോ ഇലക്‌ട്രിക്. എതിരാളികളുടെ വിൽപ്പനയേക്കാൾ ഇരട്ടി കണക്കുകളുമായി മുന്നേറിയിരുന്ന ബ്രാൻഡ് ഇന്ത്യയിലെ നമ്പർ വൺ ആയിരുന്നു.

എന്നാൽ ഓല വിൽപ്പന ആരംഭിച്ചതോടെ ഒഖിനാവ, ആമ്പിയർ എന്നിവരെയെല്ലാം മറികടന്നു മുന്നേറിയപ്പോഴും ഹീറോ ഇലക്‌ട്രിക്കിന്റെ സ്ഥാനം ഭദ്രമാണെന്ന് പലരും വിധിച്ചു. എന്നാൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തികൊണ്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന രാജ്യത്തെ ഇലക്ട്രിക് ടൂ വീലർ ബ്രാൻഡായി മാറിയിരിക്കുകയാണ് ഓല.

2022 ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലെത്തിച്ചത് ഓലയാണ്. ബെംഗളൂരൂ ആസ്ഥാനമായുള്ള കമ്പനി ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കാൻ തുടങ്ങി വെറും അഞ്ച് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത് എന്നതും ഏറെ ശ്രദ്ധേയമാണ്.

മറുവശത്ത് സെമി-കണ്ടക്ടർ ചിപ്പുകളുടെ കടുത്ത ക്ഷാമം കാരണം 60 ദിവസത്തിലധികം ബുക്കിംഗ് കാലയളവ് നടപ്പിലാക്കേണ്ടി വന്നതിനാൽ ഏപ്രിലിൽ ഒരു ഇലക്ട്രിക് സ്കൂട്ടർ പോലും വിറ്റഴിക്കാൻ ഹീറോയ്ക്ക് സാധിച്ചില്ല. ഈ സാഹചര്യം 2022 മെയ് മാസത്തിലും തുടർന്നേക്കാമെന്നാണ് കമ്പനി പറയുന്നത്.

ഇത് വീണ്ടും ഓലയ്ക്ക് ഗുണം ചെയ്യും. മറ്റ് രണ്ട് ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡുകളായ ആമ്പിയർ, ഏഥർ എന്നിവയാണ് പോയ മാസം ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇലക്‌ട്രിക് ബ്രാൻഡുകൾ. 2022 സാമ്പത്തിക വർഷത്തെ മൊത്ത വിൽപ്പനയിൽ 34,714 ഇലക്ട്രിക് സ്‌കൂട്ടറുകൾ വിറ്റഴിച്ച ഹീറോ ഇലക്ട്രിക് തന്നെയാണ് ഈ നിരയിൽ ഒന്നാമതുള്ളത്.

മറുവശത്ത് ഓല ഇലക്ട്രിക് 2022 ഏപ്രിൽ അവസാനത്തോടെ 26,817 യൂണിറ്റുകൾ വിറ്റഴിച്ചു. കമ്പനിക്ക് വിതരണക്ഷാമം തുടരുമ്പോഴും നിർമാണത്തെ ബാധിക്കാത്ത ബദൽ സ്രോതസുകൾ അവലംബിച്ചതായി ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറയുന്നു. ഉത്പാദനം വർധിപ്പിക്കുന്നതിനായി പ്ലാന്റുകളുടെ ശേഷി ഉയർത്താനാണ് കമ്പനി ഈ സമയം ഉപയോഗിക്കുന്നത്.

നിരവധി പ്രശ്‌നങ്ങൾ ഒന്നയിക്കുന്നുണ്ടെങ്കിലും 2021 ഡിസംബർ മുതൽ ഓല ഇലക്ട്രിക്കിന്റെ വിൽപ്പന കുതിച്ചുയരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ ഇതാദ്യമായാണ് ഹീറോ ഇലക്ട്രിക്കിന്റെ വിൽപ്പനയെ മറികടക്കാൻ ഓലയ്ക്ക് കഴിയുന്നത്. വിതരണ പ്രശ്‌നങ്ങൾ മുതൽ പാർട്‌സ് ക്ഷാമം മുതൽ ഉപഭോക്തൃ പരാതികൾ വരെ നേരിടുമ്പോഴും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ഏറെ ശ്രദ്ധേയമാണ്.

താത്ക്കാലികമായി S1 പതിപ്പിനായുള്ള നിർമാണം നിർത്തിവെച്ചിരിക്കുന്നതിനാൽ നിലവിൽ ഓല ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു സ്കൂട്ടർ S1 പ്രോ മാത്രമാണ്. ബ്ലാക്ക്, വൈറ്റ്, ഗ്രേ, ബീജ്, ഡാർക്ക് ബ്ലൂ, ഡാർക്ക് ഗ്രേ, റെഡ്, ബ്ലൂ, യെല്ലോ, പിങ്ക് പിങ്ക് എന്നിവ ഉൾപ്പെടുന്ന മൊത്തം 10 കളർ ഓപ്ഷനുകളിൽ സ്കൂട്ടർ ലഭ്യമാണ്.

8.5 kW പവറും 58 Nm ടോർക്കും നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് S1 പ്രോയ്ക്ക് ലഭിക്കുന്നത്. ഇത് പരമാവധി വേഗത മണിക്കൂറിൽ 115 കിലോമീറ്ററും 3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും അനുവദിക്കുന്നു. ഹൈപ്പർ, സ്‌പോർട്, നോർമൽ എന്നീ മൂന്ന് റൈഡിംഗ് മോഡുകളോടെയാണ് ഇലക്ട്രിക് സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ ARAI അവകാശപ്പെടുന്ന 181 കിലോമീറ്റർ റേഞ്ചും ഓല S1 പ്രോയിൽ ലഭിക്കും. കീലെസ് ഓപ്പറേഷൻ, റിമോട്ട് ബൂട്ട് ലോക്ക്, കോൾ അലേർട്ട്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബിൽറ്റ് ഇൻ സ്പീക്കറുകൾ, ബ്ലൂടൂത്ത്, വൈഫൈ, ഓൺ-ബോർഡ് നാവിഗേഷൻ, പ്രോക്സിമിറ്റി ലോക്ക്, റിവേഴ്സ് മോഡ് തുടങ്ങിയവയ്‌ക്കൊപ്പം ആന്റി തെഫ്റ്റ് അലേർട്ടും ഇവിയുടെ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്.

അടുത്തിടെ പൂനെയിൽ S1 പ്രോ തീപിടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓല ഇലക്ട്രിക് അടുത്തിടെ 1,441 സ്കൂട്ടറുകൾ തിരിച്ചുവിളിച്ചു. സംഭവത്തിന്റെ കാരണം സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ഇതിന് പുറമെ S1 പ്രോയിലെ സാങ്കേതിക, സോഫ്‌റ്റ്‌വെയർ, ഗുണനിലവാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പലരും ഉന്നയിക്കുന്നുണ്ട്.

ഉയർന്ന വേഗതയിൽ സ്‌കൂട്ടറുകൾ റിവേഴ്‌സിലേക്ക് പോകുന്നതും ശേഷിക്കുന്ന റേഞ്ച് പെട്ടെന്ന് താഴുന്നതും പോലുള്ള ഗുരുതരമായ സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റ് ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിൽ നിന്ന് വ്യത്യസ്തമായി ഡീലർ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച കമ്പനി വിൽപ്പനയും സർവീസും പൂർണമായും ഓൺലൈൻവഴിയാണ് നടത്തുന്നത്.


Click it and Unblock the Notifications








