ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെ അരക്കെട്ടുറപ്പിക്കാൻ Ola, 80,000 രൂപ പരിധിയിൽ പുതിയ മോഡൽ എത്തുന്നു
2022 സെപ്റ്റംബറിൽ 9,634 യൂണിറ്റുകൾ വിറ്റഴിച്ച് കഴിഞ്ഞ മാസം ഇന്ത്യയിലെ നമ്പർ വൺ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി ഓല ഇലക്ട്രിക് മാറി. തന്ത്രപ്രധാനമായ പദ്ധതികളിലൂടെ മോഡലുകളെ ആകർഷകമാക്കുന്ന കമ്പനിയുടെ തീരുമാനങ്ങളെല്ലാം വിജയിച്ചുവെന്നു വേണം പറയാൻ.

10,000 രൂപയുടെ ഉത്സവ സീസൺ ഓഫർ, സീറോ പ്രോസസിംഗ് ഫീസ്, കുറഞ്ഞ പലിശ നിരക്ക്, വിപുലമായ വാറണ്ടി തുടങ്ങിയ ആനുകൂല്യങ്ങളാണ് ഈ ഉത്സവകാലത്ത് ഓല ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. കൂടുതൽ താങ്ങാനാവുന്ന S1 സ്‌കൂട്ടറിന്റെ ലോഞ്ചിന്റെ കടന്നുവരവോടെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനും ഓലക്ക് സാധിച്ചു.

ഈ ഉത്സവ സീസണിൽ തങ്ങളുടെ ഉൽപ്പന്ന ശ്രേണി കൂടുതൽ വിപുലീകരിക്കാൻ തയാറെടുക്കുകയാണ് ഓലയിപ്പോൾ. പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്രാൻഡ് S1 ഇവിയുടെ ഒരു പുതിയ വേരിയന്റ് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ദീപാവലിയോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുത്തൻ ഇലക്ട്രിക് സ്കൂട്ടറിന് വില കുറവായിരിക്കുമെന്നതാണ് ശ്രദ്ധേയം.

അതായത് വിലയുടെ കാര്യത്തിൽ നിലവിലുള്ള S1 ഇവിയേക്കാൾ താങ്ങാനാവുന്നതായിരിക്കും ഇതെന്ന് സാരം. 80,000 രൂപയുടെ വില പരിധിയിലാവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ ഓല അവതരിപ്പിക്കുക. ശ്രദ്ധേയമായ കാര്യമെന്തെന്നാൽ, ആഭ്യന്തര വിപണിയിൽ കൂടുതൽ വിൽപ്പന അടിസ്ഥാനമാക്കിയുള്ള പെട്രോൾ പവർ സ്കൂട്ടറുകൾക്ക് ബദലായാവും ഈ വരാനിരിക്കുന്ന ഇവിയെ ബ്രാൻഡ് സ്ഥാപിക്കുക.

തുടക്കത്തിൽ ഡെലിവറിയുടേയും മറ്റ് പോരായ്‌മയുടെയും കാര്യത്തിൽ ഓല ചെറുതായൊന്ന് പതറിയെങ്കിലും വിൽപ്പന നേടുന്നതിൽ ഓല ഇലക്ട്രിക് ഉപഭോക്താക്കൾക്കിടയിൽ നല്ല സ്വീകാര്യത നേടി. വരാനിരിക്കുന്ന വേരിയന്റ് കമ്പനിയുടെ വിൽപ്പനയെ ഉത്തേജിപ്പിക്കും.

കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് S1, S1 പ്രോ എന്നിവയ്‌ക്കൊപ്പം പൊതുവായ നിരവധി സവിശേഷതകൾ ഉണ്ടായിരിക്കും. ഇത് ഓലയുടെ MoveOS പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും പ്രവർത്തിക്കുക. ഉത്സവ സീസണിൽ ബ്രാൻഡ് അതിന്റെ പ്രതിദിന വിൽപ്പന നാലിരട്ടിയോളമാണ് വർധിച്ചത്.

സെപ്റ്റംബറിൽ ഇന്ത്യയിലുടനീളം ഇരുപത് എക്സ്പീരിയൻസ് സെന്ററുകൾ ആരംഭിച്ചതോടെ നേരിട്ട് ഉപഭോക്താവിലേക്കുള്ള റീട്ടെയിൽ വിൽപ്പന വിപുലീകരിക്കാനും ഓലയ്ക്ക് സാധിച്ചു. ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ഉപഭോക്തൃ ടെസ്റ്റ് റൈഡുകൾ സംഘടിപ്പിക്കാനും ഓല ഇലക്ട്രിക്കിന് കഴിഞ്ഞുവെന്നാണ് കമ്പനിയുടെ അവകാശവാദം.

കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ചപ്പോൾ ബ്രിക്ക് ആൻഡ് മോർട്ടാർ ഷോറൂമുകൾ എന്ന ആശയത്തെ കമ്പനി എതിർത്തതിനെ തുടർന്നാണ് ഓലയുടെ എക്സ്പീരിയൻസ് സെന്ററുകളുടെ വിപുലീകരണം. എങ്കിലും ബുക്കിംഗുകൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നതെന്നും ഓല പറയുന്നു.

നിലവിൽ, ഓല ഇലക്ട്രിക്കിന് 20 എക്സ്പീരിയൻസ് സെന്ററുകളുണ്ട്. 2023 മാർച്ചോടെ ഇത് രാജ്യത്തുടനീളം 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഓല, ഇലക്ട്രിക് വാഹനങ്ങൾ അന്താരാഷ്ട്ര വിപണിയിൽ കൂടി അവതരിപ്പിക്കാനും തയാറെടുക്കുകയാണ്.

ഇതിന്റെ ഭാഗമായി നേപ്പാളിലാവും ആദ്യമായി S1, S1 പ്രോ മോഡലുകൾ അവതരിപ്പിക്കുക. ഇ-സ്‌കൂട്ടറുകൾ വിതരണം ചെയ്യുന്നതിനായി നേപ്പാളിലെ CG മോട്ടോഴ്‌സുമായി ഒരു പങ്കാളിത്ത കരാർ ഒപ്പിട്ടിട്ടുണ്ട്.


Click it and Unblock the Notifications








