Super Meteor 650 ക്രൂയിസർ ബൈക്കുമായി റോയൽ എൻഫീൽഡ് വരുന്നു, ആദ്യ ടീസർ ചിത്രം പുറത്ത്
ഇന്ത്യയിലെ മിഡിൽവെയ്‌റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ രാജാവാര് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അതാണ് റോയൽ എൻഫീൽഡ്... ഹോണ്ടയും യെസ്‌ഡിയും മറ്റ് കമ്പനികളുമെല്ലാം ആഞ്ഞുപിടിച്ചിട്ടും തങ്ങളുടെ കുത്തക അതേപടി നിലനിർത്താൻ റെട്രോ ക്ലാസിക് ബ്രാൻഡിന് സാധിച്ചിട്ടുണ്ടെങ്കിൽ അതൊന്നും ചില്ലറക്കാര്യമല്ല.

350 സെഗ്മെന്റിൽ മാത്രമല്ല കുറച്ചുകൂടി മുന്നോട്ടുപോയാൽ 650 ഫ്ലാഗ്ഷിപ്പ് വിഭാഗത്തിലും കേമൻമാർ റോയൽ എൻഫീൽഡാണ്. 650 ട്വിൻ മോഡലുകളുമായി ചരിത്രമാണ് ഇന്ത്യയിലും വിദേശത്തും കമ്പനി തീർക്കുന്നത്. സമീപകാലത്ത് പൊതുനിരത്തുകളിൽ നിരവധി പുത്തൻ ബൈക്കുകൾ പരീക്ഷിച്ചുവരികയാണ് ഇന്ത്യയിലെ റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കളായ എൻഫീൽഡ്.

ഹിമാലയൻ 450, ഒരു സ്‌ക്രാംബ്ലർ, 650 സിസി ക്രൂയിസർ എന്നിവയുടെ സ്പൈ ചിത്രങ്ങളെല്ലാം നിരന്തരമായി വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അടുത്തിടെ ഹണ്ടർ 350 അവതരിപ്പിച്ച് ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിച്ച കമ്പനി ഈ വർഷം അവസാനിക്കുന്നതിനു മുമ്പേ ഒരു പുത്തൻ മോട്ടോർസൈക്കിളിനെ കൂടി വിപണിയിലെത്തിക്കുമെന്ന് ഉറപ്പു തന്നിരിക്കുകയാണ്.

ഏവരും കാത്തിരിക്കുന്ന സൂപ്പർ മീറ്റിയോർ 650 എന്ന ക്രൂയിസർ ബൈക്കാണ് യാഥാർഥ്യമാവാൻ പോവുന്നത്. റോയൽ എൻഫീൽഡ് ഉടൻ പുറത്തിറക്കാനിരിക്കുന്ന സൂപ്പർ മീറ്റിയോറിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ടാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നവംബർ എട്ടിന് സൂപ്പർ മീറ്റിയോറിനെ കമ്പനി വിപണിക്കായി സമർപ്പിക്കും.

നേരത്തേ കമ്പനി പുറത്തിറക്കിയ മീറ്റിയോർ 350 പതിപ്പിന്റെ കരുത്തുകൂടിയ വകഭേദമാണ് സൂപ്പർ മീറ്റിയോർ 650 എന്ന് വളരെ ചുരുക്കി പറയാം. ഇറ്റലിയിലെ മിലാനിൽ നവംബർ എട്ടു മുതൽ നടക്കാനിരിക്കുന്ന ഇൻറർനാഷനൽ മോട്ടോർസൈക്കിൾ എക്സിബിഷനിലായിരിക്കും പുതിയ 650 സിസി ക്രൂസറിന്റെ ആഗോള അവതരണം നടക്കുക.

റോയൽ എൻഫീൽഡിന്റെ 650 സിസി നിരയിലെ മൂന്നാമത്തെ മോട്ടോർസൈക്കിളായിരിക്കും സൂപ്പർ മീറ്റിയർ 650 എന്നതും ഏറെ ശ്രദ്ധേയമായ കാര്യമായിരിക്കും. നിലവിൽ ക്രൂയിസർ ബൈക്കുകളൊന്നും ഇല്ലാത്ത ഈ വലിയ സെഗ്മെന്റിനെ ഈ ക്രൂയിസർ കൈയ്യിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റർസെപ്റ്റർ 650 സെഗ്‌മെന്റിനെ മികച്ച രീതിയിൽ മാറ്റിമറിച്ചിരുന്നു.

എന്നാൽ ഇതിലേക്ക് പുതിയ മാനങ്ങൾ സമ്മാനിക്കുകയായിരിക്കും വരാനിരിക്കുന്ന റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിന്റെ ചുമതല. ആക്രമണാത്മകമായ വിലയിൽ പാരലൽ ട്വിൻ എഞ്ചിനുള്ള ബൈക്കുകൾ ലോകത്ത് ഹിറ്റാക്കിയതും റോയൽ എൻഫീൽഡാണ്.

എന്നിരുന്നാലും ക്രൂയിസറുകൾ പ്രീമിയം, ലൈഫ്‌സ്‌റ്റൈൽ ഉൽപ്പന്നങ്ങളായി കണക്കാക്കപ്പെടുന്നതിനാൽ, ഈ സൂപ്പർ മീറ്റിയോറിന് ഇന്റർസെപ്റ്ററിനേക്കാൾ അൽപ്പം വില കൂടുതലായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിന് ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 മോട്ടോർസൈക്കിളുകളുമായി നിരവധി സാമ്യങ്ങളുമുണ്ടാവും.

648 സിസി പാരലൽ ട്വിൻ-സിലിണ്ടർ ഫ്യുവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിൻ തന്നെയായിരിക്കും സൂപ്പർ മീറ്റിയോർ 650 പതിപ്പിനും തുടിപ്പേകുക. ഇത് 47 bhp പവറിൽ പരമാവധി 52 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായിവാവും ഈ എഞ്ചിൻ ജോടിയാക്കുക.

ബ്രാൻഡിൽ നിന്ന് അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക് ലഭിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിളാവും റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 എന്നതാണ് അടുത്ത വലിയ ഹൈലൈറ്റ്. അതേസമയം പിന്നിൽ ഇരട്ട-വശങ്ങളുള്ള ഷോക്ക് അബ്സോർബറുകളും മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്ക് ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനവും കമ്പനി പ്രീമിയം ക്രൂയിസറിന് സമ്മാനിക്കും.

നവംബർ എട്ടിന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം നവംബർ 18 നും 20 നും ഇടയിൽ ഗോവയിൽ നടക്കുന്ന 2022 റൈഡർ മാനിയയിൽ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയർ 650 ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. റോയൽ എൻഫീൽഡ് ഉപഭോക്താക്കൾക്ക് ബൈക്ക് നേരിൽ കാണാനും എക്സ്പീരിയൻസ് ചെയ്യാൻ കഴിയുന്ന സമയവും ഇത് തന്നെ.


Click it and Unblock the Notifications








