അവതരിക്കാൻ ഇനി ദിവസങ്ങൾ മാത്രം, Scram 411 മോഡലിന്റെ പുതിയ ടീസർ പുറത്തുവിട്ട് Royal Enfield
റോയൽ എൻഫീൽഡ് ഹിമാലയൻ അഡ്വഞ്ചർ ടൂററിന്റെ അതിഗംഭീര വിജയത്തിനു ശേഷം അതേ മോഡലിനെ അടിസ്ഥാനമാക്കി ഒരു റോഡ് അധിഷ്‌ഠിത മോട്ടോർസൈക്കിളുമായി എത്തുകയാണ് കമ്പനി. സ്ക്രാം 411 എന്നു പേരിട്ടിരിക്കുന്ന ബൈക്കിനെ ബ്രാൻഡ് മാർച്ച് 15-ന് വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.

ഹിമാലയൻ കഴിവുള്ള ഒരു ബൈക്ക് ആണെങ്കിലും അതിന്റെ അഡ്വഞ്ചർ സ്വഭാവം സിറ്റി സാഹചര്യങ്ങളിൽ അതിന്റെ ഉപയോഗക്ഷമത പരിമിതപ്പെടുത്തുന്നതിനാലാണ് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിന്റെ താങ്ങാനാവുന്ന പതിപ്പുമായി എത്തുന്നത്. തികച്ചും പുതിയൊരു റോഡ് അധിഷ്ഠിത വേരിയന്റാണെങ്കിലും നിലവിലുള്ള ഹിമാലയന്റെ ടോൺ-ഡൗൺ പതിപ്പ് അതിന്റെ വ്യത്യസ്‌ത രീതിയിൽ തന്നെയായിരിക്കും അറിയപ്പെടുക.
റോയൽ എൻഫീൽഡ് സ്ക്രാം 411 മോഡലിന്റെ ഡീലർ ഡിസ്‌പാച്ചുകൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അവതരണത്തിന്റെ ഭാഗമായി സ്‌ക്രാം 411 ബ്രാൻഡഡ് ആക്‌സസറികളും റൈഡിംഗ് ഗിയറുകളും ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങുകയും ചെയ്‌തിട്ടുണ്ട്. സ്‌ക്രാം 411 ഹിമാലയന്റെ കോർ രൂപകൽപ്പനയുടെ ഭൂരിഭാഗവും നിലനിർത്തുന്നുണ്ടെങ്കിലും അതിന്റെ മിക്ക ഓഫ്-റോഡിംഗ് ഉപകരണങ്ങളും ഉപേക്ഷിക്കാൻ തയാറായിട്ടുണ്ട്.

മുന്നിലും പിന്നിലും സമർപ്പിത ലഗേജ് റാക്കുകൾ ഉൾക്കൊള്ളുന്ന ഹിമാലയന്റെ പ്രമുഖ എക്‌സോസ്‌കെലിറ്റൺ സ്‌ക്രാം 411 ൽ നിന്ന് നീക്കം ചെയ്‌തു. ഇത് ബൈക്കിനെ ഭാരം കുറഞ്ഞതും നഗരത്തിലെ ട്രാഫിക് സാഹചര്യങ്ങൾക്ക് കൂടുതൽ അനുയോജ്യവുമാക്കാൻ സാധ്യതയുണ്ട്.

പുതിയ സ്‌ക്രാം 411 മോട്ടോർസൈക്കിളിൽ നഷ്‌ടമായ മറ്റ് കാര്യങ്ങളിൽ വിൻഡ്‌സ്‌ക്രീൻ, നക്കിൾ ഗാർഡുകൾ, ഉയർത്തിയ ഫ്രണ്ട് ഫെൻഡർ എന്നിവയും ഉൾപ്പെടുന്നുണ്ട്. പിൻഭാഗത്ത് ലഗേജ് റാക്കിന് പകരം ബൈക്കിന് ഒരു സാധാരണ ഗ്രാബ് റെയിലാണ് റോയൽ എൻഫീൽഡ് സമ്മാനിച്ചിരിക്കുന്നത്. ഹിമാലയനിൽ ഉപയോഗിക്കുന്ന വലിയ 21 ഇഞ്ച് യൂണിറ്റുകളുടെ സ്ഥാനത്ത് 19 ഇഞ്ച് ഫ്രണ്ട് വീലുകളാണ് മറ്റൊരു പ്രധാന മാറ്റം.

ഇതോടെ ഹിമാലയന്റെ 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് 200 മില്ലിമീറ്ററായി ചുരുങ്ങിയിട്ടുമുണ്ട്. പിന്നിൽ 17 ഇഞ്ച് വീൽ ഹിമാലയന് സമാനമാണ്. എന്നാൽ എൻഫീൽഡിന്റെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പോലുള്ള സ്‌പോക്ക് വീലുകൾ ഉപയോഗിക്കുന്നത് തുടരുന്നു. ബ്ലോക്ക് പാറ്റേൺ ഡ്യുവൽ പർപ്പസ് ടയറുകളാണ് കമ്പനി ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

പുതിയ സ്‌ക്രാം 411 പതിന് സവിശേഷമായ ഐഡന്റിറ്റി നൽകുന്ന ഫീച്ചറുകളുടെ കാര്യത്തിൽ ബൈക്കിന് സിഗ്‌നേച്ചർ കാസ്റ്റ് മെറ്റൽ ഹെഡ്‌ലാമ്പ് കൗൾ, ഓഫ്‌സെറ്റ് സ്പീഡോമീറ്റർ, റോയൽ എൻഫീൽഡ് ബ്രാൻഡിംഗുള്ള വശങ്ങളിൽ അർബൻ ബാഡ്‌ജ് പ്ലേറ്റ്, സ്ലോട്ടുകളുള്ള ചിസൽഡ് സൈഡ് പാനലുകൾ എന്നിവ ലഭിക്കുന്നു.

സ്‌പ്ലിറ്റ് സീറ്റുകളുള്ള ഹിമാലയനുമായി താരതമ്യപ്പെടുത്തുമ്പോൾ റോയൽ എൻഫീൽഡ് സ്‌ക്രാം 411 മോഡലിന് ക്വിൽറ്റഡ് പാറ്റേണുള്ള സിംഗിൾ പീസ് സീറ്റാണ് ലഭിക്കുന്നത്. പുതുക്കിയ സീറ്റ് സിറ്റി പരിതസ്ഥിതിയിൽ ഒപ്റ്റിമൽ റൈഡ് ക്വാളിറ്റി വാഗ്ദാനം ചെയ്യുന്നതിൽ സഹായകരമാവും.

സ്ക്രാം 411 റോഡ് അധിഷ്ഠിത വേരിയന്റിന് വേറിട്ട വ്യക്തിത്വം ഉറപ്പാക്കുന്നതിനായി റോയൽ എൻഫീൽഡ് ബൈക്കിനായി പുതിയ കളർ ഓപ്ഷനുകളും അവതരിപ്പിച്ചു. സിംഗിൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഹിമാലയനിലെ ഡ്യുവൽ-ടോൺ കളർ തീമുകൾ ലംബമായി ഇടംപിടിച്ചിരിക്കുമ്പോൾ സ്‌ക്രാം 411 തിരശ്ചീനമായ ബ്രഷ് സ്‌ട്രോക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

വ്യത്യസ്‌തമായ സ്‌ക്രാം 411 ബാഡ്‌ജിംഗ് സൈഡ് പാനലുകളിൽ കോൺട്രാസ്‌റ്റിംഗ് നിറങ്ങളും കാണാനാവും. പുത്തൻ മോട്ടോർസൈക്കിൾ അതിന്റെ പ്രധാന ഹാർഡ്‌വെയറിന്റെ ഭൂരിഭാഗവും നിലവിലുള്ള ഹിമാലയനിൽ നിന്ന് തന്നെ കടമെടുത്താണ് ഒരുങ്ങിയിരിക്കുന്നത്. 411 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്.

ഇത് 6,500 rpm-ൽ പരമാവധി 24.3 bhp പവറും 4000-4500 rpm-ൽ 32 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ഓൺ-റോഡ് പ്രകടനത്തിനായി റോയൽ എൻഫീൽഡ് സ്ക്രാം 411 മോഡലിന്റെ എഞ്ചിൻ ട്യൂൺ ചെയ്യാൻ സാധ്യതയുണ്ട്.

സ്ക്രാം 411 പതിപ്പിന് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ലിങ്കേജ് സസ്‌പെൻഷനോടുകൂടിയ മോണോഷോക്കുമാണ് മോട്ടോർസൈക്കിളിൽ വാഗ്ദാനം ചെയ്യുക. ബ്രേക്കിംഗിനായി മുന്നിലും പിന്നിലും യഥാക്രമം 300 mm, 240 mm ഡിസ്‌ക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. കൂടുതൽ സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും വാഹനത്തിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹിമാലയൻ അഡ്വഞ്ചർ ടൂററിന്റെ സമർപ്പിത ഓഫ്-റോഡ് ഉപകരണങ്ങളിൽ പലതും സ്ക്രാം 411-ൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. ട്രിപ്പർ നാവിഗേഷൻ പോലുള്ള ഫീച്ചറുകൾ മോട്ടോർസൈക്കിളിൽ ഓപ്‌ഷണൽ ആണ്. MIY പ്ലാറ്റ്‌ഫോം വഴി ഇത് ലഭ്യമാകും. ഈ മാറ്റങ്ങളോടെ സ്‌ക്രാം 411-ന് 20,000 രൂപ വരെ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 2.15 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഹിമാലയൻ 411 ലഭ്യമായേക്കും.


Click it and Unblock the Notifications








