എൻഫീൽഡിന്റെ സൂപ്പർസ്റ്റാർ ഇനിയിവൻ! ഇന്ത്യൻ അരങ്ങേറ്റവും പൂർത്തിയാക്കി RE Super Meteor 650
ഗോവയിൽ നടക്കുന്ന 2022 റൈഡർ മാനിയയിൽ ഇന്ത്യൻ അരങ്ങേറ്റം പൂർത്തിയാക്കി പുതിയ ക്രൂയിസർ മോട്ടോർസൈക്കിൾ രാജാവായ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650. ഇറ്റലിയിലെ മിലാനിൽ നടന്ന EICMA ഷോയിലാണ് ബൈക്ക് ആദ്യം പ്രത്യക്ഷപ്പെട്ടത്.
ഇതിനു പിന്നാലെയാണ് ഇന്ത്യയിലും എൻഫീൽഡിന്റെ പുതിയ ബൈക്കിനെ കമ്പനി പ്രദർശിപ്പിക്കുന്നത്. കമ്പനി ഇതിനകം തന്നെ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ബൈക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വില പ്രഖ്യാപനം 2023 ജനുവരിയിലാവും ബ്രാൻഡ് നടത്തുക.

സ്റ്റാൻഡേർഡ്, ടൂറർ എന്നീ രണ്ട് വേരിയന്റുകളിലാണ് സൂപ്പർ മീറ്റിയോർ 650 വിപണിയിലെത്തുക. ഇവയ്ക്ക് ഏകദേശം 3.50 ലക്ഷം മുതൽ 4.00 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുമെന്നാണ് ആദ്യ നിഗമനങ്ങൾ. എന്തായാലും റോയൽ എൻഫീൽഡിന്റെ ഫ്ലാഗ്ഷിപ്പ് ക്രൂയിസർ മോഡലായാവും സൂപ്പർ മീറ്റിയോർ വിപണിയിൽ ഇടംപിടിക്കുക. അതായത് ഇന്ത്യ കണ്ടതിൽവെച്ചുള്ള ഏറ്റവും ചെലവേറിയ എൻഫീൽഡ് ബൈക്കായിരിക്കുമിതെന്ന് സാരം.
ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജിടി എന്നിവയുടെ അതേ 650 സിസി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ മോഡലാണ് സൂപ്പർ മീറ്റിയർ 650. എന്നാൽ ഇതിന് ഒരു പുതിയ ഷാസിയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 648 സിസി, എയർ, ഓയിൽ കൂൾഡ് പാരലൽ ട്വിൻ എഞ്ചിനാണ് പ്രീമിയം ക്രൂയിസർ ബൈക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. എഞ്ചിൻ 7,250 rpm-ൽ 47 bhp പവറും 5,650 rpm-ൽ 52 Nm torque ഉം വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.
തങ്ങളുടെ പുതിയ 650 സിസി ക്രൂയിസറിന് ബെസ്‌പോക്ക് മാപ്പിംഗും ഗിയറിങ്ങും ഉണ്ടെന്നും അതിന്റെ 80 ശതമാനം പീക്ക് ടോർക്കും 2,500 rpm-ൽ എത്തുമെന്നുമാണ് കമ്പനി പറയുന്നത്. ഷോവയിൽ നിന്നുള്ള അപ്സൈഡ് ഡൗൺ ഫോർക്ക്, എൽഇഡി ഹെഡ്‌ലൈറ്റ്, ട്രിപ്പർ നാവിഗേഷൻ പോഡ് എന്നിവ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കുന്ന ആദ്യ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ കൂടിയാണ് സൂപ്പർ മീറ്റിയോർ.
മുൻവശത്ത് 320 mm ഡിസ്‌കിൽ നിന്നും പിന്നിൽ 300 mm ഡിസ്‌കിൽ നിന്നുമാണ് ബ്രേക്കിംഗ് വരുന്നത്. ഇതിന് ഡ്യുവൽ-ചാനൽ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും (എബിഎസ്) ലഭിക്കുന്നു. മീറ്റിയോർ 350 യുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയർ 650 കൂടുതൽ താഴ്ന്ന സീറ്റ് ഹൈറ്റും (740 mm) ഫോർവേഡ് സെറ്റ് ഫുട്‌പെഗുകളുമാണ് അവതരിപ്പിക്കുന്നത്. കൗതുകകരമെന്നു പറയട്ടെ രാജ്യത്തെ ഏറ്റവും ഭാരമേറിയ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ കൂടിയാണിത്.
241 കിലോഗ്രാം ഭാരമാണ് ക്രൂയിസർ വഹിക്കുന്നത്. ഇതിന് 135 മില്ലീമീറ്ററിന്റെ കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ട്. കൂടാതെ 15.7 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് ഇതിനുള്ളത്. സൂപ്പർ മീറ്റിയോറിന്റെ സ്റ്റാൻഡേർഡ് വേരിയൻറ് ആസ്ട്രൽ, ഇന്റർസ്റ്റെല്ലാർ കളർ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. അതേസമയം ടൂറർ വേരിയന്റ് സെലസ്റ്റിയൽ നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാവും വരിക. രണ്ടാമത്തേതിൽ വലിയ വിൻഡ്‌സ്‌ക്രീനും ഒരു പില്യൺ ബാക്ക്‌റെസ്റ്റും ഉണ്ട്.
പുതിയ റോയൽ എൻഫീൽഡ് 605 സിസി ബൈക്കിൽ 19 ഇഞ്ച് ഫ്രണ്ട്, 16 ഇഞ്ച് പിൻ അലോയ് വീലുകൾ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, ഫെൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന പരമ്പരാഗത ബ്രേക്ക് ലാമ്പ്, ട്രിപ്പർ നാവിഗേഷൻ ഡിസ്‌പ്ലേയുള്ള ഇൻസ്ട്രുമെന്റ് കൺസോൾ, കാസ്റ്റ് അലുമിനിയം സ്വിച്ച് ക്യൂബുകൾ എന്നിവയും പുത്തൻ സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിലെ ചില പ്രധാന സവിശേഷതകളാണ്.


Click it and Unblock the Notifications








