മടക്കിയെടുത്ത് വെക്കാം, പുതിയ ഫോൾഡബിൾ ഇലക്‌ട്രിക് സൈക്കിൾ പുറത്തിറക്കി Svitch Bike; വില 74,999 രൂപ
പുതിയ ഫോൾഡബിൾ ലക്ഷ്വറി സൈക്കിളുകളുടെ ശ്രേണി പുറത്തിറക്കി ഇന്ത്യൻ പ്രീമിയം ഇലക്ട്രിക് സൈക്കിൾ ബ്രാൻഡായ സ്വിച്ച് ബൈക്ക്. ലൈറ്റ് XE എന്നു പേരിട്ടിരിക്കുന്ന മോഡലിന് 80 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

74,999 രൂപയുടെ പ്രാരംഭ വിലയിലാണ് പുതിയ ലൈറ്റ് XE ഇലക്ട്രിക് സൈക്കിളിനെ സ്വിച്ച് ബൈക്ക് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതിന്റെ ഫ്രെയിം എയർക്രാഫ്റ്റ് ഗ്രേഡ് പൂർണമായും അലുമിനിയം കൊണ്ട് നിർമിച്ചതാണെന്നും അതിനാൽ സൈക്കിൾ ഭാരം കുറഞ്ഞ ദൃഢത വാഗ്ദാനം ചെയ്യുന്നുവെന്നും ബ്രാൻഡ് അവകാശപ്പെടുന്നു.

ഇലക്ട്രിക് സൈക്കിൾ വിവിധ സ്‌മാർട്ട് ഫീച്ചറുകളോടെയാണ് വരുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. ലൈറ്റ് XE മോഡലിന്റെ മടക്കാവുന്ന ഘടന (ഫോൾഡബിൾ) വാഹനത്തെ കൊണ്ടുനടക്കുന്നത് എളുപ്പമാക്കുന്നു. 36V, 10.4 AH ബാറ്ററി പായ്ക്കിലൂടെയാണ് ഇത് 80 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.

സ്വിച്ച് ബൈക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ കമ്പനിയുമായി ബന്ധപ്പെട്ടോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലൈറ്റ് XE ഇലക്ട്രിക് സൈക്കിൾ ബുക്ക് ചെയ്യാം. സ്കാർലറ്റ് റെഡ്, മിഡ്‌നൈറ്റ് സഫയർ, യാങ്കി യെല്ലോ, ഗോബ്ലിൻ ഗ്രീൻ, ബെർലിൻ ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ നിന്ന് ഇ-ബൈക്ക് സ്വന്തമാക്കാനുമാവും.

ഗോബ്ലിൻ ഗ്രീൻ, ബെർലിൻ ഗ്രേ എന്നിവ സ്പെഷ്യൽ എഡിഷൻ നിറങ്ങളാണെന്നും കമ്പനി പറയുന്നു. ക്രമീകരിക്കാവുന്ന ഹാൻഡിൽബാർ, സീറ്റ് ബാർ, സസ്പെൻഷൻ എന്നിവയുമായാണ് ഇലക്ട്രിക് സൈക്കിൾ വരുന്നത്. എയർക്രാഫ്റ്റ് ഗ്രേഡ് അലുമിനിയം 6061 ഫ്രെയിമിലാണ് ഇത് നിർമിച്ചിരിക്കുന്നത്.

ഇത് സൈക്കിളിന് ലൈറ്റ് വെയ്റ്റ് ദൃഢതയാണ് നൽകുന്നത്. ലൈറ്റ് XE ഇലക്ട്രിക് സൈക്കിശിന് 36V, 250W സ്വിച്ച് മോട്ടോർ, 20x3 സ്ലീക്ക് ടയറുകൾ, ഏഴ് സ്പീഡ് ഷിമാനോ ഗിയേഴ്സ്, എൽസിഡി ഡിജിറ്റൽ ഡിസ്പ്ലേ, അഞ്ച് പെഡൽ അസിസ്റ്റ് സിസ്റ്റം മോഡുകൾ, ഇൻഡിക്കേറ്ററുകളോട് കൂടിയ ടെയിൽ ലൈറ്റ് എന്നിവയും സ്വിച്ച് ബൈക്ക് ഒരുക്കിയിട്ടുണ്ട്.

നാല് ഇലക്ട്രിക് സൈക്കിളുകളും ഒരു നോൺ-ഇലക്‌ട്രിക് സൈക്കിളും അടങ്ങുന്ന കമ്പനിയുടെ ലക്ഷ്വറി ഉൽപ്പന്ന നിരയിലേക്കുള്ള അഞ്ചാമത്തെ കൂട്ടിച്ചേർക്കലാണ് ലൈറ്റ് XE സൈക്കിൾ. കമ്പനിയുടെ നിലവിലെ ശ്രേണിക്ക് XE+, XE, MXE, NXE എന്നും ഏറ്റവും പുതിയ ലൈറ്റ് XE എന്നും പേരുണ്ട്.

അടുത്തിടെ സ്വിച്ച് ബൈക്കിന്റെ രണ്ട് റൈഡർമാരായ ദിലീപ് റെഡ്ഡിയും പുനിത് റെഡ്ഡിയും കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 12 മണിക്കൂർ കൊണ്ട് 422 കിലോമീറ്റർ റെക്കോഡ് പൂർത്തിയാക്കി റെക്കോർഡിട്ടിരുന്നു. സ്വിച്ച് XE-യിലാണ് അവർ ഈ നേട്ടം കൈവരിച്ചത്.

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ജീവിതശൈലിയിൽ ബോധപൂർവമായ മാറ്റങ്ങൾ വരുത്താൻ ആളുകളോട് അഭ്യർഥിക്കുന്നതിനും ഈ ലോക റെക്കോർഡ് വളരെയധികം സഹായിക്കുമെന്ന് സ്വിച്ച് ബൈക്ക് സിഇഒ ചിന്തൻ ഖത്രി പറഞ്ഞു.

ഹൈറേഞ്ച് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് 2024-ന് കീഴിൽ ഒരു ദിവസം ഇലക്ട്രിക് സൈക്കിളിൽ സഞ്ചരിക്കുന്ന പരമാവധി ദൂരം, OMG ബുക്ക് ഓഫ് റെക്കോർഡ്‌സിന് കീഴിലുള്ള ദേശീയ റെക്കോർഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തലക്കെട്ടുകളിൽ ഈ റെക്കോർഡ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








